Sunday, August 28, 2016

ഫ്രാൻസിസ് ഡി സാലസ്

ഫ്രാൻസിസ് ഡി സാലസ്

ST.FRANSIC DE SALES

1567 ഓഗസ്റ്റ് 21 - ന് സ്വിറ്റ്സർലാന്റിലെ ജനീവ നഗരത്തിനു സമീപമുള്ള തോറൺസ് പട്ടണത്തിലാണ് ഫ്രാൻസ്വാ ഡി സാലിസിന്റെ മകനായി ഫ്രാൻസിസ് ഡി സാലസിന്റെ ജനനം. യൂറോപ്പിലെ തന്നെ ഒരു പ്രമുഖ കുടുംബമായിരുന്നു ഫ്രാൻസിസിന്റേത്. ഫ്രാൻസ്വായുടെയും ഭാര്യയുടെയും ഏഴു വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഫ്രാൻസിസിന്റെ ജനനം. ഫ്രാങ്കോയിക്ക് സ്വന്തമായി നുവല്ലെ എന്നറിയപ്പെട്ടിരുന്ന വലിയൊരു ഭൂപ്രദേശം ഉണ്ടായിരുന്നു. ഒപ്പം ഭാര്യാപിതാവ് നൽകിയ ബോയിസി എന്നൊരു ഭൂപ്രദേശം അദ്ദേഹത്തിന് ലഭിച്ചു. ഇവിടെയുള്ള സാലസ് മന്ദിരമെന്നറിയപ്പെട്ടിരുന്ന പ്രൗഢമായ ഭവനത്തിലാണ് അവർ നിവസിച്ചിരുന്നത്. ഫ്രാൻസിസ് അസീസിയുടെ ഭക്തരായ ഇവർ ഈ ഭവനത്തിലെ ഒരു മുറിയിൽ അസീസിയുടെ രൂപം സ്ഥാപിച്ച് ആ മുറിക്ക് വിശുദ്ധന്റെ പേരു നൽകി. ഇവിടെയായിരുന്നു ഫ്രാൻസിസ് ഡി സാലസിന്റെ ജനനം. കുറച്ചു നാളുകൾക്ക് ശേഷം തോറൺസ് ദേവാലയത്തിൽ മാമ്മോദീസ നൽകി അവർ ആ കുഞ്ഞിന് വിശുദ്ധ ഫ്രാൻസിസിന്റെ പേരും നൽകി. ദൈവഭക്തിയിലും പുണ്യത്തിലുമാണ് അവർ ഫ്രാൻസിസിനെ വളർത്തിയത്. തുടർന്ന് കുട്ടിയുടെ പഠനത്തിനായി ഫ്രാങ്കോയി, ടെയാജെ എന്ന പുരോഹിതനെ അധ്യാപകനായി ഏർപ്പെടുത്തി. ഫ്രാൻസിസ് ആ അധ്യാപകന്റെ വാക്കുകൾ ഹൃദ്യസ്തമാക്കുകയും പ്രാവർത്തികമാക്കുവാൻ ശ്രമിക്കുകയും ചെയ്തു.
മാതാപിതാക്കൾ ഫ്രാൻസിസിന്റെ ഏഴാം വയസ്സിൽ ലാറോഷ് എന്ന കോളേജിൽ വിദ്യാഭ്യാസത്തിനായി ചേർത്തു. തുടർന്നുണ്ടായ രാഷ്ട്രീയമായ പ്രതികൂലസാഹചര്യം മൂലം ഫ്രാങ്കോയിയും കുടുംബവും താമസം ആ മന്ദിരത്തിൽ നിന്നും മാറ്റി. തന്മൂലം ഫ്രാൻസിസിന്റെ ലറോഷ് കോളേജിലെ പഠനം അവസാനിപ്പിച്ച് അന്നേസി സർവ്വകലാശാലയിൽ സൗകര്യമേർപ്പെടുത്തി. ഇക്കാലത്തും ഫാദർ ടെയാജെയും അവർക്കൊപ്പമുണ്ടായിരുന്നു. ഈ സർവ്വകലാശാലയിൽ ഫ്രാൻസിസ് ലത്തീനും മറ്റു ശാസ്ത്രങ്ങളും അഭ്യസിച്ചു.

ഫ്രാൻസിസിന്റെ പത്താമത് വയസ്സിൽ അവരുടെ ഇടവക ദേവാലയത്തിൽ പ്രഥമദിവ്യകാരുണ്യസ്വീകരണം നടത്തി. എല്ലായ്പ്പോഴും ഈ കൂദാശ സ്വീകരിക്കുവാൻ ഫ്രാൻസിസ് തീക്ഷ്ണത കാണിച്ചിരുന്നു. കൂടാതെ സർവ്വകലാശാലയിലെ മറ്റു വിദ്യാർഥികളെയും കൂട്ടി ദിവ്യകാരുണ്യം സ്വീകരിക്കുവാൻ ദേവാലയത്തിൽ എത്തിയിരുന്നു. ഫ്രാൻസിസിന്റെ ഈ പ്രവൃത്തി മറ്റുള്ളവരെ ആകർഷിച്ചു. ഫ്രാൻസിസിന്റെ പിതാവിന്റെ ആഗ്രഹം മകനെ ഒരു നിയമജ്ഞനും രാജസദസ്സിലെ അംഗവുമാക്കണമെന്നതായിരുന്നു . എന്നാൽ ഫ്രാൻസിസിന് വൈദികനാകുവാനായിരുന്നു ആഗ്രഹം. ഫ്രാങ്കോയി മകനെ അവന്റെ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിലും ഫ്രാൻസിസ് അതിന് തയ്യാറായില്ല. ഫ്രാൻസിസ് അവന്റെ പതിനൊന്നാമത് വയസ്സിൽ തന്നെ വൈദികപട്ടസ്വീകരണത്തിന്റെ പ്രാരംഭഭാഗമായി മുടി മുറിച്ച് ലോകമോഹങ്ങളോട് വിട പറയുകയും ചെയ്തു.
                                          ഒരിക്കൽ ഫാദർ ടൊയാജെയോടോപ്പം കുതിരപ്പുറത്ത് സ്വഭവനത്തിലേക്ക് സഞ്ചരിക്കവേ ഫ്രാൻസിസ് താഴെ വീഴുകയും വാൾ ഉറയോടെ തെറിച്ചു പോകുകയും ചെയ്തു. ഉറയിൽ നിന്നും തെറിച്ച വാൾ ഉറയുടെ മുകളിലായി കുരിശിന്റെ ആകൃതിയിൽ വന്നു വീണു കിടന്നു. എന്നാൽ പരിക്കൊന്നും സംഭവിക്കാത്തതിനാൽ അവർ യാത്ര തുടർന്നു. പക്ഷേ തുടർന്ന് രണ്ടു പ്രാവശ്യം കൂടി ഈ സംഭവം ആവർത്തിക്കപ്പെട്ടു. അങ്ങനെ വീണ്ടൂം സംഭവിച്ചതിനാൽ ഇതൊരു ദൈവികാഹ്വാനമായി ഫ്രാൻസിസ് വിശ്വസിക്കുകയും തന്റെ ബാല്യകാല ആഗ്രഹമായ സമർപ്പിത ജീവിതത്തിലേക്കു തിരിയുവാനുള്ള തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. ഫ്രാൻസിസിന്റെ മാതാവിനെ ഇത് ഏറെ സന്തോഷവതിയാക്കിയെങ്കിലും പിതാവ് തന്റെ അനന്തരാവകാശിയും പിന്തുടർച്ചക്കാരനുമായ ഫ്രാൻസിസിനെ ഇതിൽ നിന്നും പിന്തിരിപ്പിക്കുവാനും ശ്രമിച്ചു.

                                          1622 ഡിസംബർ 28-ന് അന്തരിച്ച ഫ്രാൻസിസ് ഡി സാലസിനെ 1662 ജനുവരി 8-ന് റോമിൽ വച്ച് അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. തുടർന്ന് 1665 ഏപ്രിൽ 8-ന് അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പ തന്നെ ഫ്രാൻസിസിനെ വിശുദ്ധനായും പ്രഖ്യാപിച്ചു. റോമൻ കത്തോലിക്കാ സഭയും ആംഗ്ലിക്കൻ സഭയും ഇദ്ദേഹത്തെ വണങ്ങുന്നു. ജനുവരി 24-നാണ് വിശുദ്ധന്റെ തിരുനാൾ ആചരിക്കുന്നത്
 
 
 

പ്രതികരണങ്ങള്‍:

0 അഭിപ്രായ(ങ്ങള്‍):

Post a Comment