ST.JOSEPH PRAY FOR US

വിശുദ്ധ യൌസെപ്പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.

St.Joseph's Church Arakkunnam

സെയിന്റ്റ് ജോസഫ്‌സ്‌ ദേവാലയം ആരക്കുന്നം .

LIKE US ON FACEBOOK

WWW.FACEBOOK.COM/STJOSEPH.ARAKKUNNAM.

തിരുകുടുംബം

തിരുകുടുംബത്തിന്റെ മധ്യസ്ഥനായ വി.യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കെണമേ .

Pope Francis

Franciscus Jorge Mario Bergoglio 13.III.2013

Showing posts with label ലേഖനങ്ങൾ. Show all posts
Showing posts with label ലേഖനങ്ങൾ. Show all posts

Monday, August 15, 2016

മാതാവിന്‍റെ സ്വര്‍ഗാരോപണം,

മാതാവിന്‍റെ സ്വര്‍ഗാരോപണം,

ഡോ. വിന്‍സെന്‍റ് ചിറ്റിലപ്പിള്ളി എം.സി.ബി.എസ്.


mother mary assumption


ഭാരത കത്തോലികര്‍ക്കു ലഭിച്ച വലിയ സൌഭാഗ്യമാകുന്നു മാതാവിന്‍റെ സ്വര്‍ഗാരോപണവും, ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും ഒരു ദിവസമായി ലഭിച്ചു എന്നത്. ഇല്ലായിരുന്നുവെങ്കില്‍ മാതാവിന്‍റെ സ്വര്‍ഗാരോപണവും ഈശോമിശിഹായുടെ സ്വര്‍ഗാരോഹണം പോലെ ആഘോഷിക്കപ്പെടാതെ പോകുമായിരുന്നു. ഈശോയുടെ സ്വര്‍ഗാരോഹണം കടമുള്ള ദിവസമായിട്ടുപോലും അതവഗണിക്കപ്പെട്ടു നില്ക്കുന്നുവെങ്കില്‍ മാതാവിന്‍റെ സ്വര്‍ഗാരോപണം അവഗണിക്കപ്പെടുകയില്ല എന്ന് എങ്ങനെ ഉറപ്പിക്കും. മിശിഹായുടെ മാമ്മോദീസാനുസ്മരണമാകുന്ന ദനഹാതിരുനാളും, പരിശുദ്ധാരൂപിയുടെ പെന്തക്കുസ്താ തിരുനാളും, പരിശുദ്ധ ത്രിത്വതിരുനാളും മറ്റു തിരുനാളുകള്‍ക്കിടയില്‍ അപ്രത്യക്ഷമായി. മാതാവിന്‍റെ ജനനതിരുനാളും, അമലോത്ഭവ തിരുനാളും അവഗണിക്കപ്പെട്ടിട്ടില്ല എന്നു പറയാനാകുമോ. പക്ഷേ മാതാവിന്‍റെ സ്വര്‍ഗാരോപണം ആഘോഷിക്കാനുള്ള അവസരം നമുക്ക് ഭാരത സ്വാതന്ത്ര്യദിനത്തില്‍ ലഭിക്കുന്നു.

ഭാരത സ്വാതന്ത്ര്യദിനം ആഘോഷിക്കാതിരിക്കാന്‍ ഒരു ഇന്ത്യാക്കാരനും സാധിക്കില്ല. ഇതുപോലെ സ്വര്‍ഗാരോഹണവും, സ്വര്‍ഗാരോപണവും. ഈശോയുടെ ഉത്ഥാനമാകുന്നു മിശിഹാ ദൈവമാകുന്നു എന്നതിന്‍റെ തെളിവ്. പക്ഷേ എന്തിനുവേണ്ടിയാകുന്നു ഉത്ഥാനം എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുക സ്വര്‍ഗാരോഹണത്തിലാകുന്നു. ഒരു പരിധിവരെ സ്വര്‍ഗാരോഹണം ഇല്ലായിരുന്നുവെങ്കില്‍ ജനനവും, ജീവിതവും, സഹനവും, മരണവും, ഉത്ഥാനവും അപൂര്‍ണങ്ങളായി തീരുമായിരുന്നു. അതുപോലെ പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണമാകുന്നു അമ്മയുടെ അമലോത്ഭവവും, കന്യാത്വവും, സഹനവും, മരണവും സുപ്രധാനങ്ങളെന്ന് വെളിപ്പെടുത്തുന്നത്. ഈശോയുടെ ഉത്ഥാനത്തെ കണ്ടവരാരുമില്ല. എങ്കിലും സ്വര്‍ഗാരോഹണത്തിനു സാക്ഷികളുണ്ട്. പരിശുദ്ധ കന്യകയുടെ മരണത്തിനും, സ്വര്‍ഗാരോപണത്തിനു സാക്ഷ്യം വഹിച്ചവരുണ്ടോ? ഇതിന്‍റെ ചരിത്രപരമായ വസ്തുനിഷ്ഠതയുടെ പൊരുളുകളിലേക്കു പോകാനല്ല ഈ ചോദ്യം ചോദിക്കുക. പകരം ചരിത്രപരമല്ലായെങ്കിലും സ്വര്‍ഗാരോപണം ഒരു സത്യമാകണം എന്ന ദൈവശാസ്ത്ര ചിന്തയിലേക്കു പോകാനാകുന്നു.

പരിശുദ്ധ സ്ത്രീയുടെ മഹത്ത്വം അവള്‍ ഏറ്റവും ഉന്നതമായ ദൌത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടതിനോട് സഹകരിച്ചു എന്നതിലാകുന്നു. ദൈവത്തിന്‍റെ അമ്മയാകാന്‍ തിരഞ്ഞെടുക്കപ്പെട്ടതു കൊണ്ട് അവള്‍ അമലോത്ഭവയും കന്യകയുമായിരിക്കണമായിരുന്നു. ദൈവമാതാവായതിനാല്‍ ദൈവത്തിന്‍റെ സഹനത്തില്‍ പങ്കുകൊള്ളുക അനിവാര്യമാകുന്നു. ദൈവസഹനത്തില്‍ പങ്കുകൊണ്ടതുകൊണ്ട് സഹനത്തിന്‍റെ ഫലങ്ങളിലും പങ്കുകൊള്ളാനുള്ള അവകാശം അമ്മയ്ക്കുണ്ട്. അതോടൊപ്പം നീതിമാനായ ദൈവത്തിനു പരിശുദ്ധ അമ്മയുടെ സഹകരണത്തിനനുസൃതമായി പ്രതിഫലം നല്‍കുക യുക്തവുമാകുന്നു. അതുകൊണ്ട് പരിശുദ്ധ അമ്മയിലൂടെ ദൈവം തന്‍റെ കൃപകള്‍ വര്‍ഷിക്കാന്‍ തിരുമനസ്സായി. അങ്ങനെ പരിശുദ്ധ ത്രിത്വത്തില്‍ മിശിഹ മദ്ധ്യസ്ഥനായതുപോലെ പരിശുദ്ധ മറിയം ഈശോയുടെ മുന്പില്‍ ഏറ്റവും ശക്തിയുള്ള മദ്ധ്യ സ്ഥയായിതീര്‍ന്നു.
 
ദൈവനീതിയുടെ അവിഭാജ്യ ഘടകമാകുന്നു പാപത്തിനനുസൃതമായ ശിക്ഷയെന്നപോലെ പുണ്യത്തിനനുസൃതമായ സമ്മാനവും. എങ്കില്‍ ദൈവം ഏല്പിച്ച ഏറ്റവും ഉന്നതമായ ദൌത്യം പരിപൂര്‍ണമായും പൂര്‍ത്തീകരിച്ച പരിശുദ്ധ അമ്മയ്ക്ക് അതിനനുസൃതമായ സമ്മാനം കൊടുക്കാതിരിക്കാന്‍ ദൈവത്തിനു സാധിക്കുകയില്ല. ഞാന്‍ ആയിരിക്കുന്നിടത്ത് എന്‍റെ ശുശ്രൂഷകനുമായിരിക്കും. എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവ് ബഹുമാനിക്കും (യോഹ. 12:26). ഞാന്‍ വിജയം വരിച്ച് എന്‍റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തില്‍ ഇരിക്കുന്നതു പോലെ, വിജയം വരിക്കുന്നവനെ എന്നോടൊത്ത് എന്‍റെ സിംഹാസനത്തില്‍ ഞാന്‍ ഇരുത്തും (വെളി. 3:21). അതുകൊണ്ട് ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയോട് ഏറ്റവും കൂടുതലായി സഹകരിച്ച വ്യക്തി എന്ന നിലയില്‍ അമ്മയെ ഏറ്റവും കൂടുതലായി ബഹുമാനിക്കുക എന്നത് ദൈവത്തിന്‍റെ നീതി മാത്രമാകുന്നു.

മാര്‍ത്തോമാ നസ്രാണികളുടെ അതിപുരാതന പാരന്പര്യമാകുന്നു സ്വര്‍ഗാരോപണത്തോടനുബന്ധിച്ചുള്ള പതിനഞ്ചു നോന്പാചരണം. നഷ്ടപ്പെട്ടുപോയ ഈ വലിയ പാരന്പര്യം ഇന്ന് വീണ്ടെടുക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ദൈവം സഹനത്തിലൂടെ ലോകത്തെ രക്ഷിച്ചുവെങ്കില്‍ ഈ സഹന രക്ഷാകര പദ്ധതിയോട് ഏറ്റവുമധികം സഹകരിച്ച പരിശുദ്ധ അമ്മയെ ബഹുമാനിക്കാനും, രക്ഷാകര ഫലങ്ങള്‍ സ്വീകരിക്കാനും ഏറ്റവും സമുചിതമായ മാര്‍ഗം പ്രായശ്ചിത്തമാകുന്നു. അതുകൊണ്ട് പതിനഞ്ചു നോന്പാചരണം പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണതിരുനാളിനുള്ള നല്ല ഒരുക്കമാകുന്നു. മിശിഹാ സഹനത്തിലൂടെ ഉത്ഥാനത്തിലേക്കും, സ്വര്‍ഗാരോഹണത്തിലേക്കും പ്രവേശിച്ചു. പരിശുദ്ധ അമ്മ ആത്മീയ സഹനത്തിലൂടെ സഹരക്ഷകയായി, സ്വര്‍ഗാരോപിതയുമായി. നോന്പിലൂടെ നമുക്കും ഇതേ പാതയിലൂടെ സഞ്ചരിക്കാം, കൃപക്കുമേല്‍ കൃപ സ്വീകരിക്കുകയും ചെയ്യാം.
 
you can reach the original article  this link
 
സത്യദീപം

Friday, August 12, 2016

എന്തിനാണ് സ്ത്രീകള്‍ പള്ളിയില്‍ ശിരസ് മൂടി പ്രാര്‍ത്ഥിക്കുന്നത്?

എന്തിനാണ് സ്ത്രീകള്‍ പള്ളിയില്‍ ശിരസ് മൂടി പ്രാര്‍ത്ഥിക്കുന്നത്?

 സ്ത്രീകള്‍ ശിരസ് മൂടി പ്രാര്‍ത്ഥിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അവയിലൊന്ന് ഇങ്ങനെയാണ്. പള്ളിയിലെ അള്‍ത്താര തിരശ്ശീലയാല്‍ മറയ്ക്കപ്പെട്ടതാണ്. സക്രാരിയും അങ്ങനെ തന്നെ. തിരുക്കര്‍മ്മങ്ങളില്‍ ഉപയോഗിക്കുന്ന കാസ തിരശ്ശീല കൊണ്ട് മൂടിയിടാറുണ്ട്. ദൈവത്തെ കാണും നേരം മോശ തന്റെ മുഖം മറച്ചിരുന്നു. ശിരസ് മൂടിയ സ്ത്രീ ദൈവത്തോടുള്ള തന്റെ ആദരം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. വധുവായ സഭയുടെ പ്രതീകമാണത്. അപ്പസ്‌തോലന്മാരുടെ കാലം മുതല്‍ക്കുള്ള പതിവും സ്ത്രീകള്‍ ശിരസ് മറയ്ക്കുന്നതായിരുന്നു. 1917 കാനന്‍ ലോ സ്ത്രീകളുടെ ശിരസ് മറയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. ചില സ്ത്രീകള്‍ പള്ളിയില്‍ മാത്രമല്ല എപ്പോള്‍ പ്രാര്‍ത്ഥിക്കാനാരംഭിക്കുമ്പോഴും ശിരസ് മൂടാറുണ്ട്. പൊതുവായ പ്രാര്‍ത്ഥനകള്‍ക്ക് മാത്രമല്ല സ്വകാര്യ പ്രാര്‍ത്ഥനകള്‍ക്കിടയിലും. ഇത് അവര്‍ക്ക് കൂടുതല്‍ ഏകാഗ്രതയും വിശ്വാസവും നല്കുന്നുണ്ടാവാം. ഭൗതികമായ ഒരു കാര്യവും കൂടി സ്ത്രീകള്‍ ശിരസ് മൂടുന്നതില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. അത് അവരുടെ സൗന്ദര്യത്തെ കുടുതല്‍ ഉദ്ദീപ്തമാക്കുന്നുണ്ടത്രെ.

ഒരു ദിവസം ഒരാള്‍ക്ക് എത്ര തവണ തിരുവോസ്തി സ്വീകരിക്കാം?

ഒരു ദിവസം ഒരാള്‍ക്ക് എത്ര തവണ തിരുവോസ്തി സ്വീകരിക്കാം?

ഒരു ദിവസം ഒരാള്‍ക്ക് എത്ര തവണ തിരുവോസ്തി സ്വീകരിക്കാം?


പലപ്പോഴും ഉണ്ടാകുന്ന സംശയമാണ്. ഒരു ദിവസം ഒന്നിലധികം വി. കുര്‍ബാനയില്‍ സംബന്ധിക്കേണ്ടി വരുമ്പോള്‍ വീണ്ടും വി. കുര്‍ബാന സ്വീകരിക്കാമോ?
കത്തോലിക്കാ സഭയുടെ നിയമമായ കാനന്‍ ലോ പറയുന്നത് ഇപ്രകാരമാണ്: ‘ഒരു ദിവസം വി. കുര്‍ബാന ഒരു തവണ സ്വീകരിച്ചതാണെങ്കില്‍ കൂടി, കാനന്‍ ലോയുടെ 921 ഭാഗം 2 പ്രകാരമുള്ള നിഷ്‌കര്‍ഷ അനുസരിച്ച് വീണ്ടും ഒരിക്കല്‍ കൂടി വി. കുര്‍ബാന സ്വീകരിക്കാവുന്നതാണ്.’
‘ഒരാള്‍ ഒരു ദിവസം ഒരു പ്രാവശ്യം വി. കുര്‍ബാന സ്വീകരിച്ചതാണെങ്കില്‍ കൂടി മരണകരമായ അപകടം മുന്നില്‍ കാണുന്ന പക്ഷം വീണ്ടും ദിവ്യകാരുണ്യം സ്വീകരിക്കാവുന്നതാണ്’ എന്ന് കാനന്‍ ലോ 921 : 21 പറയുന്നു.
രണ്ടു പ്രാവശ്യം പുര്‍ണമായി വി. കുര്‍ബാനയില്‍ സംബന്ധിക്കുന്നയാള്‍ക്ക് ഒരു ദിവസം പരമാവധി രണ്ടു തവണ പൂര്‍ണായ ഒരുക്കത്തോടെ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ സഭ അനുവദിച്ചിട്ടുണ്ട് എന്നാണിതിനര്‍ത്ഥം.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അംഗീകരിച്ച,  കാനോന്‍ നിയമവ്യാഖ്യാനത്തിനുള്ള ഔദ്യോഗിക പൊന്തിഫിക്കല്‍ കമ്മീഷന്റെ വ്യാഖ്യാനപ്രകാരം നമുക്ക് ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുന്നു:
ചോദ്യം 1: കാനന്‍ നിയമം 917 പ്രകാരം ഒരാള്‍ക്ക് ഒരു ദിവസം രണ്ടു തവണ വി. കുര്‍ബാന സ്വീകരിക്കാമോ?
മറുപടി: അതെ.
ചോദ്യം 2: എത്ര പ്രാവശ്യം വി. കുര്‍ബാനയില്‍ സംബന്ധിക്കുന്നോ അപ്പോഴെല്ലാം വി. കുര്‍ബാന സ്വീകരിക്കാമോ?
മറുപടി: ഇല്ല. രണ്ടിലധികം പാടില്ല.
ഒരു ദിവസം വി. കുര്‍ബാന സ്വീകരിച്ചിട്ടുണ്ടെങ്കില്‍ കൂടി മരണകരമായ സാഹചര്യം നേരിടുന്ന പക്ഷം വി. കുര്‍ബാനയില്‍ പങ്കു കൊള്ളാതെ തന്നെ വീണ്ടും ദിവ്യകാരുണ്യം സ്വീകരിക്കാവുന്നതാണ്.

link http://www.vatican.va/archive/ENG1104/_P39.HTM

Wednesday, August 10, 2016

ജപമാല ചൊല്ലി സംഭവിച്ച ആദ്യ വിജയം

ജപമാല ചൊല്ലി സംഭവിച്ച ആദ്യ വിജയം

st joseph church arakkunnam

1571ലെ ലെപാന്‍ന്റോ യുദ്ധത്തിനിടെ ജപമാല ചൊല്ലിയതിന്‍റെ ഫലമായി യുദ്ധം ജയിച്ച അത്ഭുതത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ജപമാല വഴിയായി സംഭവിച്ച ആദ്യത്തെ വിജയം ഏതാണ്?
ഫ്രാന്‍സില്‍ 1212ല്‍ നടന്ന മ്യൂറെറ്റ് യുദ്ധമാണ് ജപമാലയുടെ പേരിലുള്ള ആദ്യ വിജയം. 1,500 ക്രിസ്ത്യാനികള്‍ കൗണ്ട് സൈമണ്‍ ഡി മോണ്ട് ഫോര്‍ട്ടിന്റെ നേതൃത്വത്തില്‍ മ്യൂറെറ്റില്‍ വച്ച് അല്‍ബെജന്‍സിയനെതിരെ നടത്തിയ യുദ്ധത്തിലാണ് ഇവര്‍ വിജയിച്ചത്. കത്തോലിക്ക വിശ്വാസികളെ തുടച്ചു നീക്കുവാനായി കച്ചകെട്ടി പുറപ്പെട്ട 30,000 ശത്രുക്കളെയാണ് വി. ഡൊമിനിക്കിന്‍റെ നേതൃത്വത്തില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി തകര്‍ത്തത്.
പരിശുദ്ധ അമ്മയുടെ തിരുനാള്‍ സഭ ആഘോഷിക്കുന്ന സെപ്റ്റംബര്‍ 12നായിരുന്നു ഇവര്‍
യുദ്ധത്തില്‍ വിജയം നേടിയത്. 1683 സെപ്റ്റംബര്‍ 12ന് പോളണ്ടിലെ രാജാവായ ജാന്‍ സൊബിയേസ്‌ക്കി തുര്‍ക്കികള്‍ക്കെതിരെ നടത്തിയ യുദ്ധത്തില്‍ വിജയം നേടിയതോടുകൂടി അന്നേദിവസം മാതാവിന് നന്ദി അര്‍പ്പിക്കുന്ന തിരുനാളായി സഭയില്‍ ആഘോഷിക്കുന്നതിന് തീരുമാനമായി.

Tuesday, August 9, 2016

സാത്താന്റെ തല തകർക്കപ്പെടും

സാത്താന്റെ തല തകർക്കപ്പെടും


പരിശുദ്ധ അമ്മ  കഞ്ചിക്കോട് റാണി  വഴി  നൽകിയ സന്ദേശം


സാത്താന്റെ തല തകർക്കപ്പെടും

മക്കളേ, 

                    എന്റെ വിമലഹൃദയമാകുന്ന സക്രാരിയിൽ നിറഞ്ഞുനിൽക്കുന്ന പരിശുദ്ധ കുർബാനയുടെ ശക്തി വഴിയും അണുശക്തിയെക്കാൾ പതിന്മടങ്ങ്‌ ശക്തിയുള്ള ജപമാലപ്രാർത്ഥന വഴിയും മാത്രമേ സാത്താന്റെ തല തകർക്കപ്പെടുകയുള്ളൂ. മക്കളേ, ദിവ്യസക്രാരിയുടെ അടുക്കലേക്ക്‌ ഓടിയണയുവിൻ. തിരുമണിക്കൂർ ആരാധന നടത്തുവിൻ. പരിപൂർണ്ണമായ അനുതാപത്തോടും സ്നേഹത്തോടും ഭയഭക്ത്യാദരവോടും കൂടെ സമർപ്പണം നടത്തി ബലിയർപ്പണം നടത്തുവിൻ. അതിൽ പങ്കു പറ്റുവിൻ. അത്ഭുതകരമായ ശക്തിയും ധൈര്യവും പകരുന്ന ദിവ്യകാരുണ്യനാഥന്റെ ഹൃദയസക്രാരിയിൽ, നിങ്ങളുടെ സ്നേഹത്തിന്റെ ഒരു തുള്ളി പകരാൻ തൽപ്പരരാകുവിൻ. അനേകം ദൈവദോഷങ്ങളെ അതു ശമിപ്പിക്കും. എന്റെ നിർമലമായ ഉദരത്തിൽ ആയിരുന്നപ്പോൾ മുതൽ ദിവ്യകാരുണ്യത്തിന്റെ ജീവിതത്തിൽ ഉടനീളവും ഉത്ഥാനാനന്തരം മഹിമപ്രതാപത്തോടുകൂടെ ദർശിച്ചപ്പോൾ വരെയും ഇപ്പോൾ നിരന്തരവും ഈ അമ്മ അവിടുത്തെ ആരാധിക്കുന്നു. ഈശോയോടും അവിടുത്തെ തിരുഹ്രുദയത്തോടും യോജിച്ച് വിശുദ്ധ കുർബാനയിലെ കാരുണ്യവുമായി ഗാഡബന്ധം പുലർത്തി,  എന്റെ വിമലഹൃദയമാകുന്ന ദിവ്യസക്രാരിക്കു ചുറ്റും നിങ്ങളുടെ ജീവിതചക്രം തിരിക്കാൻ ഈ അമ്മയെ അനുവദിക്കുക. തീക്ഷ്ണതയോടെ ജപമാല ചൊല്ലുക. തീർച്ചയായും സാത്താന്റെ തല തകർക്കപ്പെടും. ദിവ്യകാരുണ്യത്തിന്റെ അമ്മയായ ഞാൻ നിങ്ങൾക്ക് ഉറപ്പുതരുന്നു; വിമലഹൃദയവിജയം സാധ്യമാകേണ്ട സമയമായി. ഇരുണ്ട മേഘങ്ങളെ തൂത്തെറിയാൻ സകല ഹൃദയങ്ങളേയും കുടുംബങ്ങളേയും സമുദായങ്ങളെയും ലോകസംവിധാനത്തെത്തന്നെ മാറ്റിമറിക്കാൻ, ദിവ്യകാരുണ്യനാഥനോടു ചേർന്ന് ബലിയർപ്പണം വഴി, ജപമാല വഴി നമുക്കൊന്നിച്ച് പോരാടാം.. തികച്ചും നവീനവും സമാധാനപരവുമായ ഭൗമിക പറുദീസയുടെ അനുഭവത്തിൽ   പ്രവേശിക്കാൻ വിശ്വസ്തരായ മക്കൾക്ക്‌ സാധിക്കും. അതിനാൽ, ദിവ്യസക്രാരിയുടെയും അൾത്താരയുടെയും അരികിൽ സന്നിഹിതയാകുന്ന ദിവ്യകാരുണ്യമാതാവിനെ ശ്രവിക്കൂ.. അനുസരിക്കൂ..  ഈ ചിത്രവും സന്ദേശവും പ്രചരിപ്പിക്കുന്നവരെയും അവരുടെ ജീവിതസാഹചര്യങ്ങളെയും ഞാൻ ഈശോയുടെ അനുഗ്രഹങ്ങൾ കൊണ്ടുനിറയ്ക്കും. ഇതു സ്ഥാപിക്കുന്ന ഇടങ്ങൾ, സന്ദേശം ഉൾക്കൊള്ളുന്നവർ അനുഗ്രഹിക്കപ്പെടും. മക്കളേ,  ദിവ്യകാരുണ്യനാഥനായി, ഹോമിക്കപ്പെട്ട ബലിവസ്തുവായിക്കഴിയുന്ന ഈശോയോടു ചേർന്ന് ഈ അമ്മയും നിങ്ങളെ ആശീർവദിക്കുന്നു. കാരുണ്യത്തിന്റെ സക്രാരികളായി പുതിയ ആകാശവും പുതിയ ഭൂമിയും സംജാതമാക്കുവാൻ പ്രാർഥനയിലും പരിശുദ്ധിയിലും മുന്നേറുവിൻ.."

Thursday, August 4, 2016

യഹൂദ രക്തബന്ധമുളള ഇന്ത്യന്‍ സമുദായങ്ങള്‍

യഹൂദ രക്തബന്ധമുളള ഇന്ത്യന്‍ സമുദായങ്ങള്‍


               ഇന്‍ഡ്യയിലെ ചില സമുദായങ്ങള്‍ക്ക്‌ യഹൂദസംസ്‌കൃതിയുമായി അടുത്ത ബന്ധമുണ്ടെന്ന്‌ സമര്‍ത്ഥിക്കുകയാണ്‌ പ്രമുഖചരിത്രപണ്‌ഡിതന്‍ അബ്രഹാം ബന്‍ഹര്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, ആഫ്രിക്കയിലും, യൂറോപ്പിലും, ഏഷ്യയിലും കാണപ്പെടുന്ന മഹാശിലാ സ്‌മാരകങ്ങളുടെ ഘനശേഷിപ്പുകള്‍ – കല്ലറകള്‍, നാട്ടുകല്ലുകള്‍, നന്നങ്ങാടികള്‍, കുടക്കല്ലുകള്‍, തൊപ്പിക്കല്ലുകള്‍, വെട്ടുകല്‍ ഗുഹകള്‍ തുടങ്ങിയവ – പ്രവാസി ജൂതന്മാരുടെതാണെന്നതിന്‌ ചരിത്രപരമായ തെളിവുകള്‍ ഉണ്ട്. ഈജിപ്‌തിലെ ആസ്വാന്‍ അണക്കെട്ടിനു സമീപത്തും, അലക്‌സാണ്ഡ്രിയയിലും, വടക്കന്‍ യൂറോപ്പിലും, കോക്കേഷ്യന്‍ പര്‍വ്വതസാനുക്കളിലും, ചൈനയിലും, കൊറിയയിലും, അഫ്‌ഗാനിസ്ഥാനിലും, കാശ്‌മീര്‍ താഴ്‌വരയിലും, ബലുചിസ്ഥാനിലും, കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗ ജില്ലയിലെ ബ്രഹ്മഗിരിയിലും, കുടകിലും, കേരളത്തിലെ വയനാട്ടിലും, പാലക്കാട്ടും, തൃശ്ശൂരും, ഇടുക്കിയിലും, പത്തനംതിട്ടയിലും, തമിഴ്‌നാട്ടിലെ കോയമ്പത്തൂരും, മധുരയിലും, ദിണ്‌ഡിക്കലും, തിരുനല്‍വേലിയിലും. തിരുവണ്ണാമലയിലും, ആര്‍ക്കോട്ടും കാണപ്പെടുന്ന മഹാശിലാസ്‌മാരകങ്ങളുടെ വ്യത്യസ്‌താവശിഷ്‌ടങ്ങള്‍ പ്രവാസി ജൂതന്മാരുടെതാണെന്ന്‌, ചരിത്രകാരന്മാര്‍, ആരും തന്നെ പ്രസ്‌താവിക്കുന്നില്ല. എന്നാല്‍ ഇവ മറ്റേതെങ്കിലും ജനവിഭാഗത്തിന്റേതാണെന്ന്‌ അവര്‍ ചൂണ്ടിക്കാണിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ്‌, ചരിത്രാതീതകാലം മുതലുളള പ്രവാസിജൂതന്മാരുടെ സഞ്ചാരപഥങ്ങളിലും, അധിവാസസങ്കേതങ്ങളിലും കാണപ്പെടുന്ന കല്ലറകള്‍ക്കും മറ്റ്‌ മഹാശിലാവശിഷ്‌ടങ്ങള്‍ക്കും ജൂതന്മാരുമായുള്ള ബന്ധം അബ്രഹാം ബന്‍‌ഹര്‍ അന്വേഷിക്കുന്നത്‌.

പ്രവാസി ജൂതന്മാര്‍ ജീവിച്ചിരുന്ന കോക്കേഷ്യന്‍ പര്‍വ്വത നിരകളിലെ പ്രവേശനദ്വാരമുളള (port-hole) കല്ലറകളും തെന്നിന്ത്യയിലെ കല്ലറകളും തമ്മില്‍ വളരെയേറെ സമാനതകളുണ്ടെന്ന്‌ ലോകപ്രശസ്‌ത പുരാവസ്‌തു-ചരിത്രകാരന്മാരായ ഹെയ്‌മന്‍ഡോര്‍ഫ്‌, ഡോ. ഷെവണിക്കോവ, ഡോ. മോട്ടിമര്‍ വീലര്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും, ഈ കല്ലറകള്‍ പ്രവാസി ജൂതന്മാരുടേതാണെന്ന്‌ ഇവരാരും പ്രസ്താവിക്കുന്നില്ല. ദക്ഷിണേന്ത്യയിലെ മഹാശിലാസ്‌മാരകങ്ങള്‍ ഉല്‍ഖനനം നടത്തി പഠനറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുളള കേരള യൂണിവേഴ്‌സിറ്റിയിലെ മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. എ അയ്യപ്പന്‍, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ ഡോ. എം. ജി. എസ്‌. നാരായണന്‍, ഡോ. രാഘവവാര്യര്‍, തഞ്ചാവൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. സുബ്ബരായലു, തിരുവണ്ണാമലൈ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ശേഖര്‍, എം. ജി . യൂണിവേഴ്‌സിറ്റിയിലെ ഡോ. രാജന്‍ ഗുരുക്കള്‍ എന്നിവരാരും മഹാശിലാസ്‌മാരകങ്ങളും പ്രവാസി ജൂതന്മാരും തമ്മിലുളള ബന്ധത്തെക്കുറിച്ചു പരാമര്‍ശിക്കുന്നില്ല. ക്രിസ്‌തുവിന്‌ മുമ്പ്‌, പ്രവാസി ജൂതന്മാര്‍ ദക്ഷിണേന്ത്യയുടെ ഉള്‍ഭാഗങ്ങളിലേക്കോ, മലമ്പ്രദേശങ്ങളിലേക്കോ കുടിയേറിയതായി ഈ ചരിത്രകാരന്മാര്‍ സങ്കല്‍പ്പിക്കുന്നില്ല. അവരുടെ പരിഗണനയില്‍ ഇന്ത്യയില്‍ ജൂതന്മാര്‍ ആദ്യമായെത്തിയത്‌ കൊങ്കണത്തിലും കൊച്ചിയിലുമാണ്‌; ക്രിസ്‌തുവുനുശേഷം, ഏ.ഡി. 70 ല്‍, ജറുസലേമിലുണ്ടായ കലാപത്തിനുശേഷം, ഇന്ത്യയിലെ ജൂതന്മാരുടെ ചരിത്രം എല്ലാവരും തുടങ്ങുന്നത്‌ കൊച്ചിയില്‍ നിന്നും കൊങ്കണത്തില്‍ നിന്നുമാണ്‌.
എന്നാല്‍ ക്രിസ്തുവിനു മുന്‍പു തന്നെ ഇന്‍ഡ്യയും ഇസ്രായേലുമായി വ്യാപാരബന്ധമുണ്ടായിരുന്നു എന്ന് പല രേഖകളും സാക്ഷിക്കുന്നുണ്ട്. സോളമന്‍ രാജാവിന്റെ കാലത്ത് ഇസ്രയേലില്‍ ദേവാലയം പണിതപ്പോള്‍ ഇന്‍ഡ്യയില്‍നിന്നും തേക്ക്, ചന്ദനം, കുരങ്ങുകള്‍, മയിലുകള്‍, ആനക്കൊമ്പ് എന്നിവ എത്തിച്ചതായി ബൈബിളിലും പ്രതിപാദ്യമുണ്ട്. അതുകൊണ്ടുതന്നെ എബ്രഹാം ബന്‍‌ഹറിന്റെ നിഗമനങ്ങള്‍ എഴുതിത്തള്ളാന്‍ ആര്‍ക്കും സാധിക്കില്ല.  പ്രവാസി ജൂതന്മാരുടെ ചരിത്രം ആരംഭിക്കുന്നത്‌ ബി. സി.722 -ലെ അസിറിയന്‍ ആക്രമണത്തോടെയാണ്‌. ബി.സി. 722 – ല്‍ അസീറിയന്‍ ചക്രവര്‍ത്തി, സര്‍ഗോണ്‍ രണ്ടാമന്‍ ഇസ്രായേലില്‍ നിന്ന്‌ യഹൂദരെ ബന്ദികളാക്കി കൊണ്ടു പോയി. ഹാബോരിലും ഗോസാന്‍ നദീതീരത്തും മേദ്യയിലും അധിവസിപ്പച്ചിരുന്ന 27,290 ഓളം പേരില്‍ ആരും തന്നെ ഒരിക്കലും തിരിച്ചുവന്നിട്ടില്ല. ‘നഷ്‌ടപ്പെട്ട ദശഗോത്രങ്ങള്‍’ എന്ന്‌ യഹൂദ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുളളത്‌ ഇവരെക്കുറിച്ചാണ്‌. അസിറിയന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ കാലത്ത്‌ ഇവരില്‍ വലിയൊരു വിഭാഗം യൂറോപ്പിലേക്കും, ഏഷ്യയിലേക്കുമായി പലായനം ചെയ്യുകയും വിവിധദേശങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്‌തു. ഇവര്‍ അധിവസിച്ചിരുന്ന കേന്ദ്രങ്ങളില്‍ കണ്ടെത്തിയിട്ടുളള മഹാശിലാസ്‌മാരകങ്ങള്‍, മറ്റൊരു ജനതയും അവരുടേതാണെന്ന്‌ അവകാശപ്പെടാതിരിക്കുകകൂടി ചെയ്യുന്ന സാഹചര്യത്തില്‍, അവയെല്ലാം പ്രവാസികളായ ഇസ്രയേലികളുടേതായിരിക്കാമെന്ന്‌ ചിന്തിക്കുവാന്‍ എന്തുകൊണ്ടോ ചരിത്രകാരന്മാര്‍ ശ്രമിച്ചിട്ടില്ല. അസീറിയക്കാര്‍ ബന്ദികളാക്കി കൊണ്ടുപോയ ഇസ്രായേലികളെ ‘നഷ്‌ടപ്പെട്ട ഇസ്രായേല്‍ ഗോത്രങ്ങള്‍’ എന്ന്‌ ജോസഫ്‌ ഫ്‌ളെവിയസിനെപ്പോലുളള യഹൂദചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയപ്പോള്‍, മറ്റെല്ലാ ചരിത്രകാരന്മാരും, അവരെ നഷ്‌ടപ്പെട്ടതായി തന്നെ കണക്കാക്കി എഴുതി തളളി.
 
പത്താന്‍ – എഫ്രിഡി
       നഷ്‌ടപ്പെട്ട ദശഗോത്ര ഇസ്രായേല്യരില്‍പ്പെട്ടവര്‍, ബി.സി. 450 കാലത്ത്‌ അഫ്‌ഗാനിസ്ഥാനിലുണ്ടെന്ന്‌ ഹെറഡോട്ടസ്‌ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ ഒരു ചരിത്രകാരനും ഈ വഴിയില്‍ ചിന്തിച്ചതായി കാണുന്നില്ല. ഈ ഇസ്രായേല്‍ ജനതയെ ‘പക്താന്മാര്‍’ (Pactyans) എന്നും ‘എപിറിഡി’ (Aparytae) കളെന്നുമാണു വിളിക്കുന്നതെന്നും , അവര്‍ അധിവസിക്കുന്ന പ്രദേശം പക്തീസ (Pactycia) എന്നാണ്  അറിയപ്പെട്ടിരുന്നതെന്നും ഹെറഡോട്ടസ്‌ പറയുമ്പോള്‍ നഷ്‌ടപ്പെട്ട ദശഗോത്ര ഇസ്രായേലികളില്‍ ഒരു വിഭാഗം ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ അഫ്‌ഗാനിസ്ഥാന്‍, ബലൂചിസ്ഥാന്‍ മേഖലകളില്‍ ജീവിച്ചിരുന്നതായി മനസ്സിലാക്കാം. ഇവര്‍ അസീറിയന്‍ ബന്ധനത്തില്‍ നിന്നു രക്ഷപ്പെട്ട് അഫ്‌ഗാനിസ്ഥാനില്‍ എത്തിച്ചേര്‍ന്നവരായിരുന്നുവെന്ന്‌ തിരിച്ചറിയാന്‍ കഴിയും. അഫ്ഗാനിസ്ഥാനില്‍ നഷ്‌ടപ്പെട്ട ദശഗോത്ര ഇസ്രായേലികളെ പത്താന്‍ എന്നു വിളിച്ചിരുന്നത്‌, ദ്രാവിഡഭാഷ സംസാരിച്ചിരുന്ന ബ്രാഹൂയികളാണ്‌. ‘പത്താന്‍’ എന്ന ജാതി നാമമാണ്‌ ‘പക്താന്‍’ എന്ന്‌ ഹെറഡോട്ടസ്‌ രേഖപ്പെടുത്തിയത്‌. ‘എപ്രിഡി’ എന്നത്‌ ‘എഫ്രിഡി’എന്നതിന്റെ ഗ്രീക്ക്‌ ഉച്ചാരണമാണ്‌. ‘എഫ്രിഡി’ എന്നത്‌ ഇസ്രായേല്‍ ഗോത്രങ്ങളിലൊന്നായ എഫ്രയിമിന്റെ പത്താന്‍ ഭാഷാഭേദവുമാണ്‌. 2730 കൊല്ലം മുമ്പ്‌ അസീറിയന്‍ ചക്രവര്‍ത്തി ബന്ദികളാക്കിക്കൊണ്ടുപോയ ദശഗോത്ര ഇസ്രായേലുകളിലെ ഒരു ഗോത്രമായ എഫ്രയിമിന്റെ പിന്‍ഗാമികളാണ്‌. ബന്ധനത്തില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ അഫ്‌ഗാനിസ്ഥാനില്‍ എത്തിയതെന്നും, അവരെയാണ്‌ ഹെറഡോട്ടസ്‌ കണ്ടുമുട്ടുന്നതെന്നും അനുമാനിക്കാം. അതേ എവ്രിഡികളുടെ പിന്‍മുറക്കാരില്‍പ്പെട്ടവരാണ്‌ ഇന്ന്‌ അഫ്‌ഗാനിസ്ഥാനിലും, പാക്കിസ്ഥാനിലും, ഇന്ത്യയിലുമുളള എഫ്രിഡികള്‍. അഫ്ഗാന്‍ തീവ്രവാദി ഗ്രൂപ്പുകളിലൊന്നിന്റെ നേതാവായ മംഗള്‍ ബാഗ്‌ എഫ്രിഡിയും, പാക്കിസ്ഥാന്‍ ക്രിക്കറ്റു ക്യാപ്‌റ്റന്‍ ഷാഹീദ്‌ എഫ്രിഡിയും, ഇന്ത്യയുടെ മുന്‍ പ്രസിഡണ്ട്‌ ഡോക്‌ടര്‍ സക്കീര്‍ ഹുസൈനും നഷ്‌ടപ്പെട്ടു എന്നു പറയുന്ന ഇസ്രായേല്‍ ഗോത്രങ്ങളിലെ, ഒരു ഗോത്രമായ എഫ്രിയിമിന്റെ പിന്മുറക്കാരാണ്‌ എന്ന്‌ നാമിപ്പോള്‍ തിരിച്ചറിയുന്നു. എഫ്രിയിം ഗോത്രക്കാരെ എഫ്രിഡികളെന്നു പറയുന്നതു പോലെ രൂബേന്‍ ഗോത്രക്കാരെ റബ്ബാനികളെന്നും ലേവിഗോത്രക്കാരെ ലെവാനികളെന്നും പഷ്‌ത്തൂണ്‍ ഭാഷയില്‍ പറയുമെങ്കിലും, മൊത്തത്തില്‍, അസീറിയന്‍ ബന്ദികളായിരുന്ന ദശഗോത്ര ഇസ്രായേലികളെ പത്താന്‍മാര്‍ എന്നാണ്‌ പറയുന്നത്‌. അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്‌ദുല്‍ ഗാഫര്‍ഖാന്‍, മഹാകവി അല്ലാന മുഹമ്മദ്‌ ഇക്ബാല്‍, അലിഗഡ്‌ യൂനിവേഴ്‌സിറ്റി സ്ഥാപകന്‍ സര്‍ സയ്യിദ്‌ അഹമ്മദ്‌ ഖാന്‍, സിനിമാനടന്‍ ദിലീപ്‌ കുമാര്‍ (യൂസഫ്‌ ഖാന്‍), ഷാരുഖ്‌ ഖാന്‍ എന്നിവരെല്ലാം ദശഗോത്ര ഇസ്രായേലികളുടെ പിന്മുറക്കാരാണെന്നു പത്താന്‍ ചരിത്രം പഠിച്ചാല്‍ മനസ്സിലാകും. ഇന്ന്‌ അഫ്‌ഗാനിസ്ഥാനിലും, പാക്കിസ്ഥാനിലും മാത്രമല്ല, ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും കാണപ്പെടുന്ന പത്താന്മാര്‍ (പട്ടാണിമാര്‍)  മുസ്ലീങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ട ജൂദരാണ്.
 
മിസോകള്‍
          അസീറിയന്‍ ബന്ധനത്തില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ അഫ്‌ഗാനിസ്ഥാനിലെത്തിയ ഇസ്രായേല്യരില്‍ ഒരു വിഭാഗം, മൂസാരിഷെറിഫിലൂടെ ചൈനയിലേക്ക്‌ പ്രവേശിച്ചു, കൈഫെങ്ങില്‍ എത്തിച്ചേരുകയും അവിടെ നിന്ന് ഒരു വിഭാഗം കൊറിയയിലേക്കും പിന്നീട്‌ ജപ്പാനിലേക്കും കുടിയേറിയതായി ഐതിഹ്യങ്ങളുണ്ട്‌. കൊറിയയില്‍ കണ്ടെത്തിയിട്ടുളള 30000 ത്തോളം മഹാശിലാ സ്‌മാരകങ്ങള്‍ ഈ പ്രവാസി ജൂതന്മാരുടേതാണ്‌. കൈഫെങ്ങില്‍ നിന്ന്‌ ഒരു വിഭാഗം ഇസ്രായേലികള്‍, ഷീന്‍ലിങ്ങു വഴി കിഴക്കെ ഇന്ത്യയിലെത്തിച്ചേരുകയും മണിപ്പൂരിലും മിസോറമിലുമായി താവളമുറപ്പിക്കുകയും ചെയ്‌തു. ഇവരാണ്‌, മിസ്സോകള്‍. ഇവര്‍ ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളിലൊന്നായ മനെശ്ശെ ഗോത്രക്കാരുടെ പിന്‍മുറക്കാരും, നഷ്‌ടപ്പെട്ട ദശഗോത്രത്തില്‍പ്പെട്ടവരുമാണെന്നും, മിസ്സോറാമിലെ മുന്‍മുഖ്യമന്ത്രിയായ സോറാങ്‌ തങ്കെ പ്രസ്‌താവിക്കുന്നു. മിസ്സോകളിലൊരു ഭാഗം, ജൂതമതം സ്വീകരിച്ച് ഇസ്രായേലിലേക്ക്‌ തിരിച്ചു പോയിട്ടുമുണ്ട്‌. മിസ്സോകളുടെ ഗോത്രസ്‌മൃതികളിലും ഉത്സവപ്പാട്ടുകളിലും ബൈബിളിലെ പഴയ നിയമത്തിലെ പല സംഭവങ്ങളും നിറഞ്ഞുനില്‍ക്കുന്നത്‌ ഇവരുടെ ഇസ്രയേല്‍ രക്തബന്ധം കൊണ്ടുമാത്രമാണ്‌.
 
അഫ്‌ഗാനികള്‍
          ബി. സി. 6 നൂറ്റാണ്ടില്‍ അഫ്‌ഗാനിസ്ഥാനില്‍, നഷ്‌ടപ്പെട്ട ഇസ്രായേലി ഗോത്രങ്ങളില്‍പ്പെട്ടവര്‍ ജീവിച്ചിരുന്നപ്പോള്‍ കാബൂള്‍ നദീതടത്തില്‍ ആര്യവംശജരായ പഹ്ലവരും, സരസ്വതി (ഹെല്‍മന്ദ്‌) നദി തടത്തില്‍ ശകന്മാരും, കൂടിയാണ്‌ അഫ്‌ഗാനിസ്ഥാന്റെ മൊത്തം രാഷ്‌ട്രീയാധികാരം കൈയ്യാളിയിരുന്നത്‌. ബാമ്യാന്‍ മലനിരകളിലെ നീലക്കല്‍ ഖനികളില്‍ നിന്നു രത്‌നങ്ങള്‍ കുഴിച്ചെടുത്തും, ഗാന്ധാരത്തിലെ പുല്‍മേടുകളില്‍ ചെമ്മരിയാടുകളെ വളര്‍ത്തിയും, ഉപജീവനം കഴിച്ചിരുന്ന ഇസ്രായേലികള്‍ കാലക്രമേണ ഉത്തരമഹാപഥത്തിലെ പ്രധാനവ്യാപാരി സമൂഹമായിത്തീര്‍ന്നു. ബി.സി. 607 – ല്‍, ബാബിലോണ്‍ ചക്രവര്‍ത്തി ജറുസലേമിനെ ആക്രമിച്ചു പിടിച്ചപ്പോള്‍ അവിടെ നിന്നു രക്ഷപ്പെട്ട ഒരു വിഭാഗം യഹൂദന്മാരും കൂടി അഫ്ഗാനിസ്ഥാനിലെത്തിച്ചേര്‍ന്നതോടെ പ്രാചീന ഭാരതത്തിന്റെ വടക്കുപടിഞ്ഞാറെ ഭാഗം, ഇസ്രായേലികളുടെ ഒരു പ്രധാന താവളമായി തീര്‍ന്നു. കൃഷിയും വ്യാപാരവും കൊണ്ടു സമ്പന്നമായ കാബൂളിനെ ബി.സി. 530ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി സൈറസ്‌ ആക്രമിച്ചു പിടിച്ചു സാമ്രാജ്യത്തിലേക്ക്‌ കൂട്ടിച്ചേര്‍ത്ത കാലത്ത്‌ വലിയൊരു വിഭാഗം പഹ്ലവര്‍, സരസ്വതി (ഹെല്‍മന്ദ്‌ ) നദീതടത്തിലേക്കും, ഇസ്രായേലികള്‍ കാശ്‌മീരിലൂടെ ഗംഗാതടത്തിലേക്കും പലായനം ചെയ്‌തു. ബി.സി. 515 – ല്‍ ദാരിയുസ്‌ ചക്രവര്‍ത്തി, സരസ്വതി നദീതടം പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ ലയിപ്പിച്ചപ്പോള്‍ അഫ്‌ഗാനിസ്ഥാന്‍ പൂര്‍ണ്ണമായും പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിതീര്‍ന്നു. അതോടെ അഫ്‌ഗാനിസ്ഥാനിലെ അവശേഷിച്ച ഇസ്രായേലികള്‍ പേര്‍ഷ്യന്‍ പ്രജകളായി മാറി.
ബി.സി. 530 മുതല്‍ 330 വരെയുളള രണ്ടു നൂറ്റാണ്ടുകാലം, പേര്‍ഷ്യന്‍ സാമ്രാജ്യം ലോകശക്തിയായി നിലനിന്നപ്പോള്‍, ഭരണരരംഗത്ത്‌ ഇസ്രായേലികള്‍ക്ക്‌ കിട്ടിയ പ്രാധാന്യം (ദാനിയേല്‍, എസ്രാ, നെഹമ്യാ, സെരുബാബേല്‍, യെഹസ്‌കിയേല്‍ എന്നിവര്‍ ഭരണരംഗത്തും, എസ്‌തേര്‍ എന്ന യഹൂദ വനിത ഒരു പേര്‍ഷ്യന്‍ ചക്രവര്‍ത്തിനിയായും തിളങ്ങിയിരുന്നുവെന്നത്‌ സ്‌മരിക്കുക.) അഫാഗാനിസ്ഥാനിലും ഇന്ത്യയിലും ജീവിച്ചിരുന്ന ഇസ്രായേലികളുടെ വ്യാപാര വികസനത്തിനും സുരക്ഷിത സഞ്ചാരത്തിനും കാരണമായിട്ടുണ്ട്‌. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റേയും വിശാല ഭാരതത്തിന്റേയും അതിര്‍ത്തി നഗരമായിരുന്ന തക്ഷശില, ഇസ്രായേലികളുടെ സുപ്രധാന വാണിജ്യകേന്ദമായിരുന്നു.ക്രമേണ പെഷവാറും, കാശ്‌മീരും, സിയാല്‍കോട്ടും, പത്താന്‍കോട്ടും, യഹുദകേന്ദ്രങ്ങളായി തീര്‍ന്നു. ഇവിടങ്ങളിലെ യഹുദസാന്നിദ്ധ്യത്തിന്റെ അടയാളങ്ങളായി ഹിബ്രുവിലും അരാമ്യഭാഷയിലുമുളള ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. യഹുദപാരമ്പര്യം വിളിച്ചോതുന്ന ജീവിതരീതികളും, ഉപയോഗവസ്‌തുക്കളും, പഴയ നിയമത്തില്‍ പ്രതിപാദിക്കുന്ന 300 ലധികം സ്ഥലനാമങ്ങളും വ്യക്തിനാമങ്ങളും കാശ്‌മീരിലുണ്ടെന്നത്‌, ഇവിടങ്ങളിലെ പുരാതന ഇസ്രായേല്‍ ജനസാന്നിദ്ധ്യത്തെ വിളംബരം ചെയ്യുന്നു.
 
ഭട്ട്‌-പട്ടന്‍
           അഫാഗാനിസ്ഥാനില്‍, പത്താന്മാര്‍ എന്നറിയപ്പെട്ടിരുന്ന ദശഗോത്ര ഇസ്രയേലികള്‍, ഹിമാലയന്‍ താഴ്‌വരയിലും ഗംഗാതടത്തിലും ആര്യബ്രാഹ്മണരോടൊപ്പം സഹകരിച്ചു ജീവിച്ചിരുന്നതുകൊണ്ടും, ഇവരുടെ വെളുത്ത ആകാരപ്രകൃതികൊണ്ടും, ഹോമയാഗാദികളടക്കമുളള ആചാരരീതികളില്‍ സമാനതകളുണ്ടായിരുന്നതുകൊണ്ടും, ജാതിശ്രേണിയില്‍ ഇവരെ ബ്രാഹ്മണരായിട്ടാണ്‌, ഉത്തര ഭാരതത്തിലെ സാമാന്യ ജനം കരുതിയിരുന്നത്‌. പത്താന്മാര്‍, കാലക്രമേണ ഭട്ടന്‍, ഭട്ട്‌ , എന്നീ വിശേഷണങ്ങളുളള ബ്രാഹ്മണരായി അറിയപ്പെടാന്‍ തുടങ്ങി. വിവിധ ദേശങ്ങളിലെ ജീവിതവും, വ്യാപാരത്തിലൂടെയുളള ജനബന്ധവും കൊണ്ടുനേടിയ ഭാഷാപ്രാവീണ്യം, ഭട്ടന്മാര്‍ക്ക് അദ്ധ്യാപകവൃത്തിയിലും ഭരണാധികാരികളുടെ കണക്കെഴുത്ത്‌ ജോലിയിലും മേല്‍ക്കൈ കിട്ടുവാന്‍ കാരണമായി. വ്യാപാരി-വ്യവസായികളും അദ്ധ്യാപകരുമായിരുന്ന പത്താന്മാര്‍ അഥവാ ഭട്ടന്‍മാര്‍, കാലക്രമേണ സംസ്‌കൃതപണ്‌ഡിതരും, പുരോഹിതരുമായി തീര്‍ന്നു. അങ്ങനെ അവര്‍ ഹിന്ദു സമൂഹത്തിലെ ഒരു ബ്രാഹ്മണവിഭാഗമായി മാറി. ദശഗോത്ര ഇസ്രായേലികള്‍ (പത്താന്മാര്‍) പത്ത്‌ ദൈവങ്ങളില്‍, ദശാവതാരങ്ങളില്‍ (ദശം = പത്ത്‌; എല്‍=ദൈവം) വിശ്വസിക്കുന്ന ‘പത്തേലു’കളായിതീര്‍ന്നു. ഹിന്ദുബ്രാഹ്മണരും, ക്ഷത്രിയരുമായി തീര്‍ന്ന പത്താന്മാര്‍, കാശ്‌മീരിലും ഉത്തര്‍ഖണ്‌ഡിലും ഭട്ടുകളും നേപ്പാളില്‍ ഭട്ടറായികളും ബംഗാളില്‍ ഭട്ടാചാര്യമാരും, മദ്ധ്യഭാരതത്തില്‍ ഭട്ടന്മാരും, പശ്ചിമേന്ത്യയില്‍ പട്ടേലുകളും തമിഴ്‌ നാട്ടില്‍ പട്ടന്മാരുമായി ഹിന്ദുസമൂഹത്തില്‍ ലയിച്ചു ചേര്‍ന്നു. ജാതീയവും വിശ്വാസപരവുമായ ഈ പരിണാമം, നൂറ്റാണ്ടുകള്‍കൊണ്ടാണു സംഭവിച്ചത്‌. ഉത്തര – മദ്ധ്യഭാരതത്തില്‍ നിലനിന്നിരുന്ന വേദകാല വിശ്വാസപ്രമാണങ്ങള്‍, ആചാരരീതികള്‍, വസ്‌ത്രധാരണം എന്നിവ സ്വീകരിക്കുകയും, ശ്രീരാമനേയും, ശ്രീകൃഷ്‌ണനേയും കേന്ദ്രകഥാപാത്രങ്ങളാക്കി സംസ്‌കൃതത്തില്‍ ഇതിഹാസങ്ങള്‍ രചിക്കുകയും ചെയ്‌തുകൊണ്ട്‌, ഹിന്ദുസമൂഹത്തിന്റെ ഉന്നത ബ്രാഹ്മണശ്രേണിയില്‍ പത്താന്മാര്‍ സ്ഥാനമുറപ്പിച്ചു. ഈ പത്താന്മാര്‍ അഥവാ പട്ടന്മാര്‍ ജൂതബ്രാഹ്മണരാണ്‌.
 
പട്ടേലുകള്‍
           പശ്ചിമേഷ്യയില്‍ നിന്ന്‌ ബാബിലോണും, നിനവെയും, ഹംദാനും, ഏക്‌ബത്താനയും, ഹീറാത്തും കടന്നുവരുന്ന ഉത്തരമഹാപഥത്തിന്റെ, കാബൂള്‍ മുതല്‍ ബംഗാളിലെ താമ്രലിപ്‌തിവരെയുളള ഭാരതഖണ്‌ഡത്തിലെ സുപ്രധാന വ്യാപാരകേന്ദ്രങ്ങളായിരുന്നു തക്ഷശില, ഇന്ദ്രപ്രസ്ഥം, മഥുര, കാശി, പാടലിപുത്രം എന്നിവ. ഇവിടങ്ങളിലെ മുഖ്യവ്യാപാരികള്‍, ഹിന്ദു ബ്രാഹ്മണരായിതീര്‍ന്ന ഇസ്രായേലികളായിരുന്നു. സ്വര്‍ണ്ണാഭരണങ്ങളും, രത്‌നങ്ങളും, പട്ടുതുണികളും കമ്പിളി വസ്‌ത്രങ്ങളുമായിരുന്നു ഇവരുടെ പ്രധാനവ്യാപാരോല്‌പന്നങ്ങള്‍. ഇവര്‍ ബുലൂചിസ്ഥാന്‍ മേഖലയില്‍ നിന്നുളള സ്വര്‍ണ്ണവും, ബാമ്യാന്‍ മലനിരകളില്‍ നിന്നും, ഗുജറാത്തില്‍ നിന്നുമുളള രത്‌നങ്ങളും ശേഖരിച്ചിരുന്നു. തക്ഷശിലയ്‌ക്കും, പത്താന്‍കോട്ടിനും മദ്ധ്യേയുളള സിയാല്‍കോട്ടില്‍ ‘കോടുംബരം’ എന്ന പട്ടുവസ്‌ത്രം, മദ്രന്മാര്‍ ഉണ്ടാക്കിയിരുന്നതായി പ്രൊഫ. മോതിചന്ദ്ര ‘സാര്‍ത്ഥവാഹന്‍’എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌, മദ്രന്മാര്‍ മേദ്യയില്‍ നിന്നുവന്ന ദശഗോത്ര ഇസ്രായേലികളിലെ ഒരു വിഭാഗമായിരുന്നു. ഇവരിലൊരുകൂട്ടം തന്നെയാണ്‌ ബനാറീസില്‍ (കാശി) പട്ടുവസ്‌ത്ര നിര്‍മ്മാണം തുടങ്ങിയതെന്ന്‌ അനുമാനിക്കാം. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ കാശിയിലെ പട്ടുവസ്‌ത്ര നിര്‍മ്മാണവും വ്യാപാരവുമാണ്‌, പത്താന്മാരെ ഹിന്ദു സമൂഹത്തില്‍ ചേരുവാന്‍ നിര്‍ബന്ധിതമാക്കിയത്‌. പത്താന്മാര്‍, ദശാവതാരങ്ങളില്‍ വിശ്വസിക്കുന്ന പത്തേലുകളായി ഗംഗാതലത്തില്‍ അറിയപ്പെട്ടിരുന്നു. ഗന്ധക്‌ നദി ഗംഗയില്‍ ചേരുന്നിടത്ത്‌, ഹിമാലയ പ്രാന്തങ്ങളിലേക്കുളള വ്യാപാരം ലക്ഷ്യമാക്കി ഇവര്‍ ബീഹാറില്‍ കേന്ദ്രീകരിച്ചു. അതോടെ ഇവിടം പട്ടേല്‍പുത്രം എന്നറിയപ്പെട്ടു. അത്‌ പിന്നീട്‌ പാടലിപുത്രവും, പാറ്റ്‌നയുമായി തീര്‍ന്നു.
 
ജൂതബ്രാഹ്മണര്‍
            പാടലിപുത്രത്തില്‍ വ്യാപാരതാവളമുറപ്പിച്ച പത്തേലുകളുടെ (ജൂതബ്രഹ്മണരുടെ) നേതാവായിരുന്ന ചാണക്യന്റെ പിന്തുണയോടെ വിശാലഭാരതത്തിലെ യഹൂദവ്യാപാരികളുടെ പിന്തുണ നേടിയാണ്‌ ചന്ദ്രഗുപ്‌തന്‍ മൗര്യ സാമ്രാജ്യം സ്ഥാപിച്ച്‌ സുസ്ഥിരമായ ഒരു ഭരണ സംവിധാനം ഉണ്ടാക്കുന്നത്‌. മൗര്യസാമ്രാജ്യത്തിലെ 70000 ഗ്രാമ-നഗരമുഖ്യന്മാരുടെ ഒരു സമ്മേളനം പാടെലിപുത്രത്തില്‍ ചാണക്യന്‍ വിളിച്ചുകൂട്ടി. ഇതില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും, യഹൂദവ്യാപാരികളോ അവര്‍ നിയന്ത്രിക്കുന്നവരോ ആയിരിക്കണം. ചരക്ക്‌ നീക്കങ്ങള്‍ക്ക്‌ സുരക്ഷിതത്വവും നിയന്ത്രണമില്ലാത്ത വിപണിയും, നികുതിയിളവുകളും ആണ്‌ യഹൂദ വ്യാപാരികള്‍ ലക്ഷ്യമിട്ടിരുന്നത്‌. ചാണക്യന്റെ അര്‍ത്ഥശാസ്‌ത്രത്തില്‍ വ്യാപാരികള്‍ക്ക്‌ നല്‍കിയിരിക്കുന്ന പ്രത്യേക പരിഗണനകള്‍ ശ്രദ്ധേയമാണ്‌. ജൂത ബ്രാഹ്‌മണര്‍ക്കു ചാണക്യന്‍ നല്‍കിയ പരിഗണനകളില്‍ അസൂയ മൂത്ത ആര്യബ്രാഹ്മണര്‍, ചാണക്യനും ജൂതബ്രാഹ്മണര്‍ക്കും എതിരെ കലാപം അഴിച്ചുവിട്ടു. ചാണക്യന്റെ കാലശേഷം (ബി.സി.291 ല്‍) വലിയൊരു വിഭാഗം പട്ടേലുകള്‍ (ജൂതബ്രാഹ്മണര്‍), പശ്ചിമേന്ത്യയിലേക്കു കുടിയേറി. ജൈനമതം സ്വീകരിച്ച ചന്ദ്രഗുപ്‌തമൗര്യന്‍, ചക്രവര്‍ത്തി സ്ഥാനം വെടിഞ്ഞ്‌ , പാടലിപപുത്രത്തില്‍ നിന്ന്‌ ജൈനാചാര്യന്‍ ഭദ്രബാഹുവിനോടൊപ്പം കര്‍ണ്ണാടകത്തിലെ ശ്രാവണബള്‍ഗോളയിലേക്കു സന്യാസജീവിതത്തിനായി പോയപ്പോള്‍, കൊങ്കണസുതരുടെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗം ജൂതബ്രാഹ്മണരും കൂടി പാടലിപുത്രം വിട്ടു പശ്ചിമോത്തര കര്‍ണ്ണാടകത്തിലെത്തി അധിവാസമുറപ്പിച്ചു. ഇവരെയാണ്‌ കൊങ്കിണി ബ്രാഹ്മണര്‍ എന്നു വിളിക്കുന്നത്‌.
 
ഭട്ടതിരി
           പാലീപുത്രത്തില്‍ നിന്നുളള പത്തേലുകളേയും കൊങ്കിണി ബ്രാഹ്മണരേയും, പശ്ചിമേന്ത്യയിലേക്കും, കര്‍ണ്ണാടകത്തിലേക്കും ആകര്‍ഷിച്ചത്‌, ഇവിടെയുണ്ടായിരുന്ന യഹൂദസാന്നിദ്ധ്യമായിരുന്നു. ഈ യഹൂദന്മാര്‍, അഫ്‌ഗാനിസ്ഥാനിലെ ഗാന്ധാരത്തില്‍നിന്നും, ബലുചിസ്ഥാനിലെ സോളമന്‍ കുന്നുകളില്‍ നിന്നും, ദാരിയൂസിന്റെ (ബി.സി.515 ലെ ) ആക്രമണകാലത്ത്‌, ശക-പഹ്‌ലവരോടൊപ്പം, ഗുജറാത്ത്‌-മഹാരാഷ്‌ട്ര വഴി കര്‍ണ്ണാടകത്തില്‍ എത്തിച്ചേര്‍ന്നവരായിരുന്നു. ആര്യവംശജരായ ശക-പഹ്ലവര്‍, ഗുജറാത്തിലെ ഭൃഗുകഛത്തില്‍ താവളമടിച്ചശേഷം ദക്ഷിണേന്ത്യയിലേക്കു പ്രയാണം ചെയ്‌തപ്പോള്‍, അവതാരപുരുഷനായ പരശുരാമന്റെ നാട്ടില്‍ ‌നിന്നുവരുന്ന ‘ഭാര്‍ഗ്ഗവ ബ്രാഹ്‌മണര്‍’എന്ന വിശേഷണം കൂടി ആധിപത്യത്തിന്നൊരുപാധിയായി സ്വീകരിച്ചതായി കാണാം. ശകന്മാരെ, ഉത്തരേന്ത്യയിലും, മദ്ധേഷ്യയിലും സിതിയന്മാര്‍ (Scythians) എന്ന്‌ വിളിച്ചിരുന്നതുകൊണ്ട്‌ ശക- പഹ്ലവര്‍ അധിവസിച്ചിരുന്ന പശ്ചിമോത്തര കര്‍ണ്ണാടകം ‘സിതിയപുത്രം’ എന്ന്‌ പാലിയിലും, സംസ്‌കൃതത്തില്‍ ‘സത്യപുത്രം’ എന്നുമാണ്‌ അറിയപ്പെട്ടിരുന്നത്‌. അശോകന്റെ ബ്രഹ്മഗിരി ശിലാശാസനത്തില്‍, മൗര്യ സാമ്രാജ്യത്തിന്‌ സമീപമുളള രാജ്യങ്ങളിലൊന്നാണ്‌, സിതിയപുത്രം. (മറ്റുളളവ, ചോഡ=ചോള, പാഡ=പാണ്‌ഡ്യ, കേതലപുത്ര=കേരളം, താമ്രപര്‍നീം=ശ്രീലങ്ക നാടുകളാണ്‌.) ഗോവയുടെ തെക്കും കേരളത്തിന്റെ വടക്കും കര്‍ണ്ണാടകത്തിലെ ഹാസന്‍-ചിത്രദുര്‍ഗ്ഗ ജില്ലകളുടെ പടിഞ്ഞാറു ഭാഗത്തുമായി കിടക്കുന്ന പുരാതന തുളുനാടാണ്‌, സത്യപുത്രം. സത്യപുത്രത്തിലെ മേധാവിത്വശക്തികളായിരുന്ന ശക-പഹ്ലവര്‍, മൗര്യസാമ്രാജ്യ വികസനകാലത്ത്‌ പ്രത്യേകിച്ചും ചന്ദ്രഗുപ്‌ത മൗര്യനും അനുയായികളും കര്‍ണ്ണാടകത്തിലെത്തിച്ചേര്‍ന്ന കാലത്ത്‌ (ബി.സി. 300-ല്‍) ശകന്മാര്‍ കൊങ്കണ്‍ തീരത്തിലും പഹ്ലവര്‍, നീലഗിരി മലനിരകളിറങ്ങി തമിഴകത്തിലെ കാഞ്ചീപുരത്തിലും കേന്ദ്രീകരിച്ചു. ശകന്മാര്‍ പില്‍ക്കാലത്ത്‌  കേരളത്തില്‍ തുളുബ്രാഹ്മണരായി അറിയപ്പെട്ടപ്പോള്‍, കാഞ്ചീപുരത്ത്‌ ഭരണാധിപത്യമുറപ്പിച്ച പഹ്ലവര്‍, ബ്രഹ്മ-ക്ഷത്രിയരും, പിന്നീട്‌ പല്ലവരുമായി പ്രസിദ്ധിയാര്‍ജ്ജിച്ചു. അഫ്‌ഗാനിസ്ഥാനിലെ സരസ്വതി (ഹെല്‍മന്ദ്‌) നദിതടത്തില്‍നിന്നുളള ശക-പഹ്ലവരാണ്‌, തെന്നിന്ത്യയിലേക്കുളള ആര്യവംശജരായ ആദ്യത്തെ കുടിയേറ്റക്കാര്‍ എന്നുളളത്‌ പ്രത്യേകം സ്‌മരണീയമാണ്‌. നമ്പൂതിരി സ്‌ത്രീകളെ വിവാഹം ചെയ്‌ത പട്ടന്മാരുടെ സന്താനങ്ങളാണ്‌ ഭട്ടതിരിമാരായി തീര്‍ന്നത്‌.
 
ഗൗഡസാരസ്വതബ്രാഹ്മണര്‍
           സരസ്വതിനദീതടത്തില്‍ നിന്നു വരുന്ന ആര്യബ്രാഹ്മണരെ സാരസ്വതരെന്നും, സരസ്വതിനദിയുടെ ഉത്തരഭാഗത്തുളള ഗോര്‍ അഥവാ, ഗോഡ്‌ പ്രദേശത്ത്‌ നിന്ന്‌ വരുന്നവരെ, ഗൗഢസാരസ്വതരെന്നുമാണ്‌ വിളിക്കുന്നത്‌. ശക-പഹ്ലവരോടൊപ്പമാണ്‌, ഗൗഡ സാരസ്വതര്‍, സിതിയപുത്രത്തിലെത്തിയതെങ്കിലും വേറിട്ടൊരു ജീവിതം തന്നെയാണ്‌ അവര്‍ നയിച്ചു വന്നിരുന്നത്‌. സരസ്വതി നദി തീരത്തെ ഗോര്‍ പ്രദേശം, ഇസ്രായേല്‍ അഭയാര്‍ത്ഥികളായ ബന്യാമിന്‍ ഗോത്രക്കാരുടെ ആദ്യകാല സങ്കേതമായിരുന്നു. ബന്യാമിന്‍ ഗോത്രത്തിലെ അഫ്‌ഗാനിയുടെ പിന്മുറക്കാര്‍ ഗാന്ധാരത്തിലും, കാബൂളിലും നേടിയെടുത്ത സാമ്പത്തിക  രാഷ്‌ട്രീയ സ്വാധീനമാണ്‌, പില്‍ക്കാലത്ത്‌ ആ ഭൂപ്രദേശത്തിന്‌ അഫ്ഗാനിസ്ഥാന്‍ എന്ന പേരുതന്നെ നേടിക്കൊടുത്തത്‌. ഈ ബന്യാമിന്‍ ഗോത്രത്തില്‍പ്പെട്ടവരാണ്‌ ശക- പഹ്ലവരോടൊപ്പം സത്യപുത്രത്തിലും കൊങ്കണത്തിലും എത്തിച്ചേര്‍ന്ന ഗൗഢസാരസ്വത ബ്രാഹ്മണര്‍. ഇവരെ കൊങ്കിണി ബ്രാഹ്മണരെന്നും പറയുന്നു. സാരസ്വതരില്‍ നിന്നും, ഗൗഡസാരസ്വതരെ വേര്‍തിരിച്ചു നിര്‍ത്തിയത്‌ ഇവരുടെ യഹൂദപാരമ്പര്യം തന്നെയാണെന്ന്‌ അനുമാനിക്കാം. ഗൗഡസാരസ്വത ബ്രാഹ്മണരും മഹാരാഷ്‌ട്രയിലെ ചിത്‌പവന്‍ ബ്രാഹ്മണരും ഇസ്രായേല്‍ പാരമ്പര്യമുളളവരാണെന്നു ഡി. എന്‍. എ. ടെസ്റ്റില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.
 
കുടകര്‍
         സരസ്വതി നദി തടത്തില്‍നിന്ന്‌ കര്‍ണ്ണാടകത്തിലേക്ക്‌ കുടിയേറിയ ശക-പഹ്ലവരുടേയും ഗൗഡസാരസ്വതരുടേയും കൂട്ടത്തില്‍ ബലുചിസ്ഥാനിലെ ശലോമോന്‍ കുന്നുകളില്‍ ജീവിച്ചിരുന്ന ഒരു വിഭാഗം യഹൂദന്മാരും ഉണ്ടായിരുന്നുവെന്നും അവര്‍ ചിത്രദുര്‍ഗ്ഗയിലെ ബ്രഹ്മഗിരിയില്‍ അധിവാസമുറപ്പിച്ചെന്നും, ശലോമോന്‍ കുന്നുകളിലെപ്പോലുളള ബ്രഹ്മഗിരി കല്ലറകള്‍ കൊണ്ടു മനസ്സിലാക്കാവുന്നതാണ്‌. പുരാവസ്‌തു ഗവേഷകന്‍, ഡോ. മോട്ടിമര്‍ വീലര്‍. 1948-ല്‍ ബ്രഹ്മഗിരിയിലെ 300 ലധികം കല്ലറകള്‍ ഉത്‌ഖനനം നടത്തി, അവയ്ക്ക് ബലുചിസ്ഥാന്‍ കല്ലറകളുമായുളള സാദൃശ്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. പ്രവേശനദ്വാരമുളളതും (port-hole), കിഴക്ക്‌ – പടിഞ്ഞാറായി നിര്‍മ്മിച്ചിട്ടുളളതുമായ ബ്രഹ്മഗിരികല്ലറകളെക്കുറിച്ച്‌ ഡോ. എ അയ്യപ്പന്‍ ‘ഭാരതപ്പഴമ’ എന്ന ഗ്രന്ഥത്തില്‍ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്‌. കാലനിര്‍ണ്ണയത്തില്‍ ബലുചി കല്ലറകളാണു പ്രാചീനമെന്നും, ബ്രഹ്മഗിരികല്ലറകള്‍ നവീനമാണെന്നും ഇവ, മൗര്യസാമ്രാജ്യ സ്ഥാപന (ബി.സി.320 ) ത്തിനു മുമ്പുതന്നെ നിര്‍മ്മിക്കപ്പെട്ടവയാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. ഈ കല്ലറകള്‍, ശക-പഹ്ലവരോടൊപ്പം സതിയ പുത്രത്തിലേക്കു കുടിയേറിയ ഇസ്രായേലികളുടേതാണെന്നും വ്യാപാരാര്‍ത്ഥമാണ്‌ ദക്ഷിണമഹാപഥത്തിലെ ഒരു സുപ്രധാനവാണിജ്യകേന്ദ്രമായ ബ്രഹ്മഗിരിയില്‍ ഇവര്‍ താവളമടിച്ചിരുന്നതെന്നും അനുമാനിക്കാം. ഇവര്‍ പിന്നീട്‌ ദക്ഷിണകര്‍ണാടകത്തിലെ കുടകിലേക്ക്‌ കുടിയേറി ഇവിടെ ഒരു ബ്രഹ്മഗിരിയും സിദ്ധാപുരവും സ്ഥാപിച്ചു. ഈ ബ്രഹ്മഗിരി ജൂതന്മാരാണ്‌ ഇന്ന്‌ കുടകര്‍ എന്നറിയപ്പെടുന്നത്‌. ഇവര്‍ ആര്യദേവതകളെ ആരാധിക്കുന്ന ഹിന്ദുക്കളാണ്‌.
 
ജൈനബ്രാഹ്മണര്‍
           മൗര്യസാമ്രാജ്യത്തിന്റെ ഏറ്റവും തെക്കുഭാഗത്തെ പ്രവിശ്യയായ ഇസിലയുടെ തലസ്ഥാനമായി, ബ്രഹ്മഗിരിയെ മാറ്റിയെടുക്കുന്നതില്‍ ചാണക്യന്റെ മാത്രമല്ല ഗാന്ധാരത്തിലേയും, ബ്രഹ്മഗിരിയിലേയും യഹൂദവ്യാപാരികളുടെ സ്വാധീനമുണ്ടായിരുന്നു. ബി.സി. 300- ല്‍, സിംഹാസനം വെടിഞ്ഞു ചന്ദ്രഗുപ്‌തമൗര്യന്‍ കര്‍ണ്ണാടകത്തിലെ ശ്രാവണബള്‍ഗോളയിലേക്കു വന്നതോടുകൂടി, ബ്രഹ്മഗിരിയുടെ പ്രാധാന്യം വര്‍ദ്ധിച്ചു. രാജസേവകരുടെയും, ജൈനമതപ്രചാരകരുടേയും വ്യാപാരികളായ പത്തേലുകളുടേയും ഒരു വന്‍സമൂഹം തന്നെ കര്‍ണ്ണാടകത്തിലേക്ക്‌ പ്രവഹിച്ചു. ചന്ദ്രഗുപ്‌തന്റെ ശ്രാവണ ബള്‍ഗോളയിലെ ആശ്രമജീവിതവും, തമിഴകത്തിലേക്കുളള ജൈനമതപ്രചാരകരുടെ സഞ്ചാരവും, തമിഴകത്തില്‍ നിന്ന്‌ വ്യാപാരവസ്‌തുക്കള്‍ നേരിട്ടു ശേഖരിക്കുന്നതിന്‌ ബ്രഹ്മഗിരി വ്യാപാരികളെ പ്രേരിപ്പിച്ചു. കുരുമുളകും, സുഗന്ധവ്യജ്ഞനങ്ങളും, മുത്തും പവിഴവും, ദക്ഷിണപഥത്തിലെ വ്യാപാരികള്‍ കൊണ്ടുവന്നിരുന്നതായി ചാണക്യന്‍ അര്‍ത്ഥശാസ്‌ത്രത്തില്‍ സൂചിപ്പിക്കുന്നതില്‍ നിന്ന്‌, തമിഴക വാണിജ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്‌. മൗര്യസാമ്രാജ്യത്തിന്റെ പിന്തുണയോടെ സഞ്ചരിച്ചിരുന്ന ജൈനമതപ്രചാരകരെ, അനുഗമിച്ച് ബ്രഹ്മഗിരിയിലെ ജൂതവ്യാപാരികള്‍ തമിഴകത്തിലെ ആദ്യത്തെ ജൈനമതസങ്കേതമായ വയനാട്ടില്‍ എത്തിച്ചേര്‍ന്നു. കോയമ്പത്തൂര്‍ കേന്ദ്രമാക്കി നാടുവാണിരുന്ന ചേരന്മാരുടെ അധികാരപരിധിയില്‍ വന്നിരുന്ന വയനാട്ടിലെ ബത്തേരിയിലാണ്‌, ജൈനന്മാരും, ബ്രഹ്മഗിരിയിലെ ജൂതവ്യാപാരികളും താവളമുറപ്പിച്ചിരുന്നത്‌. ഈ വ്യാപാരികളുടെ കല്ലറകളാണ്‌, ബത്തേരി താലൂക്കിലെ എടക്കല്‍ മലയടിവാരത്തിലും, ചീങ്ങേരിയിലും പാതിരിക്കുന്നിലും കാണപ്പെടുന്നത്‌. ബ്രഹ്മഗിരി കല്ലറകള്‍പോലെ, പ്രവേശനദ്വാരമുളളതും, കിഴക്കു-പടിഞ്ഞാറായി നിര്‍മ്മിച്ചിട്ടുളളതുമായ ബത്തേരി കല്ലറകള്‍, ബ്രഹ്മഗിരിയില്‍ നിന്നെത്തിയവരുടേതാണെന്നു കൃത്യമായും അനുമാനിക്കാം. ‘മുനിയറ’കള്‍ എന്നു പറയപ്പെടുന്ന വയനാടന്‍ കല്ലറകള്‍ക്ക്‌ ബ്രഹ്മഗിരിയിലേയും, ബലൂചിസ്ഥാനിലേയും കാശ്‌മീരിലേയും, കാക്കേഷ്യന്‍ പര്‍വ്വതനിരകളിലേയും കല്ലറകളുമായി, വ്യക്തമായ സമാനതകളുളളതുകൊണ്ട്‌ ഈ കല്ലറകള്‍ പ്രവാസിജൂതന്മാരുടേതാണെന്ന്‌ നിശ്ചയിക്കാവുന്നതാണ്‌.
 
യഹൂദവ്യാപാരികള്‍        
           വയനാടന്‍ കാടുകളില്‍ നിന്ന്‌ ലഭിക്കുമായിരുന്ന കുരുമുളകും, ചന്ദനവും, മഞ്ഞളും ശേഖരിക്കുന്നതിനും, ദക്ഷിണാപഥത്തിലൂടെ വരുന്ന വ്യാപാരികള്‍ വശം, ഉത്തരേന്ത്യയിലേക്ക്‌ അയക്കുന്നതിനുമാണ്‌, ബ്രഹ്മഗിരിയില്‍ നിന്നെത്തിയ ജൂത വ്യാപാരികള്‍ വയനാട്ടില്‍ കേന്ദ്രീകരിച്ചിരുന്നത്‌. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട കുരുമുളക്‌ ലഭിക്കുന്ന ഏക സ്ഥലം വയനാടായിരുന്നു. ഇവിടെ അവര്‍ നൂറ്റാണ്ടുകളോളം അധിവസിച്ചിരുന്നതായി ഇവിടെ കണ്ടെത്തിയ നൂറുകണക്കിനു കല്ലറകള്‍ സാക്ഷ്യം വഹിക്കുന്നു. കല്ലറകള്‍ക്ക്‌ പുറമേ, വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നന്നങ്ങാടികളുടെ ശേഖരങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. കല്ലറകളുടെ സമീപം തന്നെ ചെറുതും വലുതുമായ നന്നങ്ങാടികള്‍ കണ്ടെത്തിയിട്ടുളളതുകൊണ്ട്‌ ഇവ ഒരു സമൂഹത്തിന്റേത്‌ തന്നെയാണെന്ന്‌ നിശ്ചയിക്കാവുന്നതാണ്‌. മൗര്യകാലഘട്ടത്തില്‍ ബ്രഹ്മഗിരിയില്‍ നിന്ന്‌, കുടക്‌ വഴി വയനാട്ടിലെത്തിയ ജൂതവ്യാപാരികള്‍ ഏത്‌ കാലത്ത്‌ വയനാട്‌ വിട്ടു പോയി എന്നു നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല. വയനാട്ടില്‍ നിന്ന്‌, ചേരമ്പാടി വഴി നാടുകാണിച്ചുരമിറങ്ങി, പാലക്കാട്‌ ജില്ലയിലെ കോട്ടത്തറയിലൂടെ, കല്ലടിക്കോടന്‍ മലയടിവാരത്തിലൂടെ സഞ്ചരിച്ച്‌ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നതായി, ഈ പ്രദേശങ്ങളില്‍ കണ്ടെത്തിയിട്ടുളള നാട്ടുകല്ലുകളും, കല്ലറകളും, നന്നങ്ങാടികളും സൂചിപ്പിക്കുന്നു.
പ്രാചീനതമിഴകത്തിന്റെ ഭാഗമായിരുന്ന ചേരനാട്ടില്‍ എത്തിച്ചേര്‍ന്നതോടെ, മഹാശില സംസ്‌കാരമുളള ഈ ജനവിഭാഗത്തിന് വമ്പിച്ച വികാസമുണ്ടായതായി ഇവരുടെ വിപുലമായ മഹാശിലാ സംസ്‌കാരത്തിന്റെ ഘനശേഷിപ്പുകള്‍ തെളിവു നല്‍കുന്നുണ്ട്‌. ദക്ഷിണ മഹാപഥം കടന്നുപോകുന്ന ദിശയില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക്‌ ഇവര്‍ നീങ്ങിയിരിക്കുന്നതായി കാണാം. വയനാട്ടില്‍ നിന്ന്‌, നാടുകാണിച്ചുരമിറങ്ങി, കല്ലടിക്കോടന്‍ മലയടിവാരത്തിലൂടെ, പാലക്കാടെത്തുന്ന ദക്ഷിണമഹാപഥം, കോയമ്പത്തൂരിലൂടെ കാവേരി തീരം വഴി , പഴനി മലയടിവാരത്തിലൂടെ, തിരുനെല്‍വേലിയിലെത്തി, തൂത്തുക്കുടിയിലനസാനിച്ചിരുന്നു. പാലക്കാട്‌ വെച്ചു മൂന്നു ഭാഗങ്ങളിലേക്കായി, മഹാശില സംസ്‌കാരമുളള ജനങ്ങള്‍ വേര്‍പിരിഞ്ഞു പോയതായി, അവരുടെ അധിവാസ കേന്ദ്രങ്ങളിലെ മഹാശിലാവശിഷ്‌ടങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌. പാലക്കാട്ടു നിന്ന്‌ ഒരു വിഭാഗം കോയമ്പത്തൂരിലേക്കും, പിന്നീട്‌ ഉദുമല്‍പേട്ട വഴി ദിണ്‌ഡിക്കലിലേക്കും, താണ്ടിക്കുടിയിലേക്കും, തിരുവണ്ണാമലയിലേക്കും മൈലാപ്പൂര്‍ ആര്‍ക്കോടു മേഖലയിലേക്കും സഞ്ചരിച്ചതായി കാണാം. മറ്റൊരു വിഭാഗം, പാലക്കാട്‌ ജില്ലയിലെ ആലത്തൂര്‍ (കുത്തനൂര്‍) പല്ലശ്ശന, നെല്ലിയാംപതി വഴി അതിരപ്പിളളി, മലയാറ്റൂര്‍, ഇടമലയാര്‍ ദേശങ്ങളിലൂടെ തെക്കോട്ട്‌ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചെരിവിലൂടെ നീങ്ങി. ഇവിടങ്ങളിലെല്ലാം സമാനരീതിയിലുളള കല്ലറകള്‍ കണ്ടെത്തിയിട്ടുണ്ട്‌.
ഇടുക്കിയിലെ മറയൂരിലും, കാന്തല്ലൂരിലും ചിന്നക്കനാലിലും കണ്ടെത്തിയ പ്രവേശനദ്വാരമുളള കല്ലറകളുടെ സ്രഷ്‌ടാക്കള്‍ അതിരപ്പളളി – മലയാറ്റൂര്‍ ഭാഗത്ത്‌ നിന്ന്‌ എത്തിയവരോ തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ട – പൊളളാച്ചി ഭാഗത്ത്‌ നിന്നു വന്നവരോ എന്നു നിശ്ചയിക്കാന്‍ കഴിയില്ല. ഒരേ ജനവിഭാഗമായിരുന്നതുകൊണ്ടും, സമൃദ്ധമായി ചന്ദനം കിട്ടിയിരുന്ന മറയൂരിലേക്ക്‌, സഹ്യപര്‍വ്വതത്തിന്റെ ഇരുഭാഗങ്ങളില്‍നിന്നും യഹൂദജനങ്ങള്‍ എത്തിയിരിക്കാം. ഇടുക്കി ജില്ലയില്‍ എല്ലാഭാഗത്തും മഹാശിലാ സ്‌മാരകങ്ങളായ കല്ലറകളും, നാട്ടുകല്ലുകളും, നന്നങ്ങാടികളും കണ്ടെത്തിയിട്ടുളളതുകൊണ്ട്‌ ഇക്കാലത്ത്‌ ഇവര്‍ വലിയൊരു ജനസമൂഹമായി വികസിച്ചിരുന്നുവെന്നു അനുമാനിക്കാവുന്നതാണ്‌.
ഇടുക്കിയില്‍ നിന്ന്‌ ഈ ജനസമൂഹം വീണ്ടും തെക്കോട്ട്‌ സഞ്ചരിച്ചതായി പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ മഹാശിലാ സംസ്‌കാരത്തിന്റെ അവശിഷ്‌ടങ്ങളുടെ പരിശോധനയില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. പത്തനംതിട്ടയിലെ നിലയ്‌ക്കല്‍ മുതല്‍ കൊല്ലത്തെ മങ്ങാട്ടുവഴി, തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത്‌ വരെയുളള ഒരു സഞ്ചാരപഥമാണ്‌, ഈ ജനത വെട്ടിതെളിച്ചത്‌ എന്ന്‌ ജനവാസത്തിന്റെ അടയാളങ്ങളായ കല്ലറകള്‍ സാക്ഷ്യപ്പെടുത്തുന്നു.
പാലക്കാട്‌ നിന്ന്‌ യഹൂദന്മാരില്‍ ഒരു വിഭാഗം ഭാരതപ്പുഴയുടെ തീരം വഴി പടിഞ്ഞാറ്‌ ഭാഗത്തേക്ക്‌ സഞ്ചരിച്ച് തൃശ്ശൂര്‍ ജില്ലയില്‍ എത്തിയതായാണ്‌ കാണുന്നത്‌. ഭാരതപ്പുഴ തീരത്തെ ആനക്കരയില്‍ വെട്ടുകല്‍ ഗുഹകളും, തൊപ്പിക്കല്ലുകളും, എടപ്പാളിലും, എളവന്‍ചേരിയിലും, മഞ്ഞളൂരിലും, കല്ലറകളും തവനൂരില്‍ കുടക്കല്ലുകളും നന്നങ്ങാടികളും കണ്ടെത്തിയിട്ടുണ്ട്‌. വിവിധ തരത്തിലുളള മഹാശിലാസ്‌മാരകങ്ങളുടെ ഒരു കേദാരഭൂമിയാണ്‌ തൃശ്ശൂര്‍ ജില്ല; വിശേഷിച്ചും കുന്നംകുളം. പോര്‍ക്കളം, ഇയ്യാല്‍, കട്ടകാമ്പാല്‍, ചേരമങ്ങാട്‌, അറിയനൂര്‍, ചൊവ്വന്നൂര്‍, തിരുവില്വാമല, അതിരപ്പിളളി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കല്ലറകള്‍, വെട്ടുകല്‍ ഗുഹകള്‍, കുടക്കല്ലുകള്‍, തൊപ്പിക്കല്ലുകള്‍, നാട്ടുകല്ലുകള്‍ , നന്നങ്ങാടികള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്‌. എല്ലാ തരത്തിലുമുളള മഹാശിലാ സ്‌മാരകങ്ങള്‍ എറ്റവുമധികം കണ്ടുകിട്ടിയ സ്ഥലം തൃശ്ശൂരാണ്‌. അതുകൊണ്ടുതന്നെ മഹാശിലാസംസ്‌കാരമുളള ജനങ്ങള്‍ തിങ്ങി പാര്‍ത്തിരുന്ന ഒരു പ്രദേശമായിരുന്നു തൃശ്ശൂര്‍ എന്നും അനുമാനിക്കാം. ഏറ്റവുമധികം കുടക്കല്ലുകളുളളതു കൊണ്ട്‌ തൃശ്ശൂര്‍ മേഖലയെ കുടനാട്‌ എന്നാണ്‌ മധ്യകാലഘട്ടത്തില്‍ വിളിച്ചിരുന്നത്‌. വയനാട്‌, പാലക്കാട്‌, ഇടുക്കി പ്രദേശങ്ങളിലെ ജനങ്ങള്‍, സംഘകാലത്ത്‌ തൃശ്ശൂരിനെ ലക്ഷ്യമാക്കി നീങ്ങിയിരുന്നതായി കാണാം. ഇതിന്റെ മുഖ്യകാരണം, കൊടുങ്ങല്ലൂര്‍ തുറമുഖത്തിലൂടെയുളള നാവിക വാണിജ്യമായിരിക്കണം.
 
സെന്റ്‌ തോമസ്‌ നസ്രാണികള്‍
           മഹാശിലാ സംസ്‌കാരത്തിന്റെ അന്ത്യം കുറിക്കുന്ന ഒന്നാം നൂറ്റാണ്ടുകാലത്ത്‌, തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ കടലോരവാണിജ്യ നഗരമായിരുന്നു കൊടുങ്ങല്ലൂര്‍. ചേരന്മാരുടെ ആദ്യകാല തലസ്ഥാനമായിരുന്ന കോയമ്പത്തൂരിനടുത്ത കരുവൂരും, കൊടുങ്ങല്ലൂരും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു വാണിജ്യ പാതയുണ്ടായിരുന്നു. വയനാട്ടിലെ കുരുമുളകും, നിലമ്പൂരിലെ സ്വര്‍ണ്ണവും, പടിയൂരിലെ രത്‌നങ്ങളും, മറയൂരിലെ ചന്ദനവും, ഇടുക്കിയിലെ ഏലവും, മറ്റു സുഗന്ധ വ്യഞ്ജനങ്ങളും കൊടുങ്ങല്ലൂരില്‍ എത്തിച്ചിരുന്ന യഹൂദവ്യാപാരികള്‍ മുന്‍കാലത്ത്‌ മൗര്യ സാമ്രാജ്യത്തിലൂടെ പശ്ചിമേഷ്യയിലേക്കും, സുഗന്ധവ്യഞ്ജനങ്ങളും മുത്തും പവിഴവും കച്ചവടം ചെയ്‌തിരുന്ന വ്യാപാരികളുടെ പിന്‍മുറക്കാര്‍ തന്നെയായിരിന്നു. ബി.സി. രണ്ടാം നൂറ്റാണ്ടോടുകൂടി മൗര്യ സാമ്രാജ്യം തകരുകയും, ദക്ഷിണമഹാപഥത്തിലൂടെയുളള വ്യാപാരം നിലയ്‌ക്കുകയും ചെയ്‌തതോടെ, കടല്‍ വഴിയുളള വാണിജ്യം തന്നെയായിരുന്നു ഏക ആശ്രയം. കൂടാതെ, യവനവ്യാപാരികള്‍ ദക്ഷിണേന്ത്യയിലെ നേത്രാവതി, കണ്ണൂര്‍ (നൗറ), തിണ്ടിസ്‌ (കോഴിക്കോട്‌), മുസരിസ്‌ (കൊടുങ്ങല്ലൂര്‍), ബൊക്കാറെ (പുറക്കാട്‌) തുറമുഖങ്ങളില്‍ സ്ഥിരമായി വന്നു ചേരാന്‍ തുടങ്ങിയതും, ജൂത വ്യാപാരികള്‍ക്ക്‌ പ്രചോദനം നല്‍കി. തുറമുഖങ്ങളിലെ പ്രധാന വ്യാപാരികളും മലയോരങ്ങളിലെ ചരക്കുല്‌പാദകരും ജൂതന്മാരായി മാറി. നാവിക വാണിജ്യം ചേരനാട്ടിന്റെ പ്രധാന വരുമാനസ്രോതസ്സായതോടെ വ്യാപാരികളുടെ സാമൂഹ്യപദവിയും വര്‍ദ്ധിച്ചിരിക്കണം. ദക്ഷിണ മഹാപഥത്തിലൂടെയെത്തി, വനവിഭവങ്ങള്‍ ശേഖരിച്ച് വിദേശവ്യാപാരം ചെയ്‌തിരുന്ന യഹൂദ വ്യാപാരികള്‍, ചേരനാട്ടിലെ ഒരു ജനസമൂഹമായി തന്നെ അംഗീകരിക്കപ്പെട്ടുവന്നു. ആകാരസൗഷ്‌ഠവവും ഭാഷാപ്രാവീണ്യവും കൊണ്ടു ജാതിശ്രേണിയില്‍ അവര്‍ ബ്രാഹ്മണരായിതന്നെ പരിഗണിക്കപ്പെട്ടിരുന്നു. വടക്കെ ഇന്ത്യയില്‍ പത്താന്മാരും ഭട്ടന്മാരുമായി അറിയപ്പെട്ടിരുന്ന യഹൂദ വ്യാപാരികള്‍, പട്ടന്മാരായി തമിഴകത്തില്‍ അറിയപ്പെട്ടു. ബലുചിസ്ഥാനിലേയും ബ്രഹ്മഗിരിയിലേയും മഹാശിലാ സംസ്‌കാരം ചേരനാട്ടിലും തുടര്‍ന്നു വന്നു. ഈ കല്ലറ സംസ്‌കാരമുളള പട്ടന്മാരെയാണ്‌, സെന്റ്‌ തോമസ്‌ കൊടുങ്ങല്ലൂരിലും പാലയൂരിലും വെച്ചു കണ്ടുമുട്ടുന്നതും ജ്ഞാനസ്‌നാനം നല്‍കി ക്രിസ്‌ത്യാനികളാക്കുന്നതും. അഫ്‌ഗാനിസ്ഥാനിലെപ്പോലെ, കല്ലറസംസ്‌കാരമുളള ഒരു വിഭാഗം ജനങ്ങള്‍ കൊടുങ്ങല്ലൂരിലും പരിസരങ്ങളിലും ഉണ്ടെന്നും അവര്‍ കാണാതെ പോയ ഇസ്രായേല്‍ ഗോത്രത്തിലെ ആടുകളാണെന്നും വ്യക്തമായും വടക്കെ ഇന്ത്യയില്‍ വെച്ചു തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ്‌ സെന്റ്‌ തോമസ്‌ കേരളത്തിലെത്തുന്നതും ഇവിടെ സുവിശേഷം അറിയിക്കുന്നതും.
സെന്റ്‌ തോമസ്‌; യഹൂദകേന്ദ്രങ്ങളായ, പാലയൂര്‍, കൊടുങ്ങല്ലൂര്‍, പറവൂര്‍, മലയാറ്റൂര്‍, കോക്കമംഗലം, നിരണം, നിലയ്‌ക്കല്‍, കൊല്ലം, തിരുവിതാംകോട്‌ എന്നിവിടങ്ങളില്‍ കൂടി സഞ്ചരിച്ചു ക്രൈസ്‌തവ കൂട്ടായ്‌മകള്‍ രൂപീകരിച്ചു. ഈ കൂട്ടായ്‌മകളാണ്‌ പിന്നീട്‌ ക്രിസ്‌ത്യന്‍ പളളികളായി തീര്‍ന്നത്‌. ഈ ക്രൈസ്‌തവ പളളികള്‍ക്ക് അടിത്തറയിട്ടത്‌ ശങ്കരപുരി, പകലോമറ്റം, കളളി, കാളിയാങ്കല്‍, നെടുമ്പളളി, കോയിക്കം, നെടുന്തളി, കോട്ടക്കാലി, വാഴപ്പളളി, പയ്യപ്പളളി, ഈരാളി, ഭട്ടമുക്ക്‌, തയ്യില്‍ മാങ്കി, മഠത്തിലാന്‍, ചോതിര്‍കുന്നേല്‍ തരിസ തെക്കേതില്‍, വേങ്കടത്ത്‌ തുടങ്ങിയ പുരാതനജൂതബ്രാഹ്മണ കുടുംബങ്ങളാണ്‌. ഈ കുടുംബങ്ങളുടെ ശാഖോപശാഖകളിലായി പിറന്ന അറുപത്‌ ലക്ഷം ജനങ്ങളാണ്‌ ഇന്ന്‌ സെന്റ്‌ തോമസ്‌ നസ്രാണികളെന്ന്‌ അറിയപ്പെടുന്നവര്‍.
 
കടപ്പാട്‌
സെന്റ്‌ തോമസ്‌ നസ്രാണി മാസിക.

നിത്യജീവന്‍ പ്രാപിക്കാന്‍ എന്തുചെയ്യണം?

നിത്യജീവന്‍ പ്രാപിക്കാന്‍ എന്തുചെയ്യണം?
 
Articled By :ജേക്കബ് നാലുപറയില്‍

സുവിശേഷത്തില്‍ ഈശോയോട് വേദപണ്ഡിതന്‍ ചോദിക്കുന്ന, ഏതു മതത്തിലെയും ഏറെ പ്രധാനപ്പെട്ടൊരു ചോദ്യമാണിത്. നിത്യജീവന്‍ പ്രാപിക്കാന്‍ എന്തുചെയ്യണം?
നിത്യമായ ജീവിതത്തിലേയ്ക്കു കടക്കാന്‍, മരണത്തിന് അപ്പുറത്തേയ്ക്കു ചിന്തിക്കാന്‍, മരിച്ചാലും ജീവിക്കാന്‍ എന്തുചെയ്യണം?. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ദൈവരാജ്യത്തിലും സ്വര്‍ഗ്ഗരാജ്യത്തിലും എത്തിച്ചേരാന്‍ എന്തുചെയ്യണം? മര്‍മ്മപ്രധാനമായ ചോദ്യമാണിത്. ഈ ചോദ്യത്തിന് ഈശോ നല്കുന്ന മറുപടി എന്താണ്? മറുപടിയി വരുന്നത്, പ്രമാണങ്ങള്‍ അനുസരിക്കുക, സ്നേഹിക്കുക. സഹോദരരെയും ദൈവത്തയും സ്നേഹിക്കുകയെന്നാണ് പ്രമാണങ്ങളുടെ ചുരുക്കം.
ദൈവപ്രമാണങ്ങളുടെ അനുസരണത്തില്‍ ഏതു മതത്തിലും സംഭവിക്കാവുന്ന അടിസ്ഥാനപരമായ അബദ്ധമുണ്ട്. പ്രമാണങ്ങളുടെ അനുസരണം, അഥവാ ദൈവേഷ്ടം നിര്‍വ്വഹിക്കല്‍ എന്നു പറയുന്നത്, മതത്തിന്‍റെ ചട്ടക്കൂട്ടിലും ആചാരവട്ടങ്ങളിലും ഒതുങ്ങിനിന്നു പോകുന്ന വ്യവസ്ഥാപിതവും പരമ്പരാഗതവുമായ അബദ്ധം. ഇത് തിരുത്തുന്നതാണ് ഈശോയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. പ്രമാണങ്ങള്‍ അനുസരിക്കുക എന്നു പറയുമ്പോള്‍ അതിനു വ്യാഖ്യാനമായിട്ടു ക്രിസ്തു പറയുന്നത് ഒരു ഉപമയാണ്. നല്ല സമരിയക്കാരന്‍റെ ഉപമ! ഈ ഉപമയുടെ മര്‍മ്മമെന്നു പറയുന്നത്, നിത്യജീവന്‍ പ്രാപിക്കാന്‍ എന്തു ചെയ്യണം, ചോദ്യമാണ്. പ്രമാണം അനുസരിക്കണം. പ്രമാണം അനുസരിക്കാന്‍ എന്തുചെയ്യണം? പിന്നെ സമറിയക്കാരന്‍റെ കഥയാണ് മറുപടി പറയുന്നത്?
                              കഥയില്‍ ആദ്യം വരുന്ന രണ്ടുവ്യക്തികള്‍ - പുരോഹിതനും ലേവായനും, അവര്‍ മതകര്‍മ്മങ്ങള്‍ക്ക് ഒന്നാം സ്ഥാനംകൊടുത്തവരാണ്. മതപരമായ അനുഷ്ഠാനങ്ങള്‍ക്ക് ഒന്നാം സ്ഥാനം കൊടുത്തവരാണ്. മറ്റെന്തിനെക്കാളും പ്രാധാന്യം അതിനു കൊടുത്തു. അതുകൊണ്ട് എന്തു സംഭവിച്ചു? അതുകൊണ്ട് വഴിയില്‍ക്കിടന്ന മുറിവേറ്റവനെ കാണാനും, അവനുവേണ്ടി സമയം ചെലവഴിക്കാനും, അവനുവേണ്ടി സ്വന്തമായിട്ടുള്ളത് പങ്കുവയ്ക്കുവാനും അവര്‍ സന്നദ്ധരായില്ല! അതിന് സമയവും സൗകര്യവും അവര്‍ക്കില്ലായിരുന്നു.
അതു മാറ്റിവയ്ക്കുന്നു. കാരണം അവര്‍ക്ക് അതിലും വലുതായിരുന്നു അവിടെ ജരൂസലേമിലെത്തി ചെയ്യേണ്ട പൗരോഹിത്യ ശുശ്രൂഷ.  അതുപോലെ ലേവ്യന്‍റെയും ദേവാലയ ശുശ്രൂഷയുടെ കാര്യവും. രണ്ടുപേരും മതാനുഷ്ഠാനത്തിന് ഒന്നാം സ്ഥാനം കൊടുത്തതുകൊണ്ടു പറ്റിയ അബദ്ധം, മുറിപ്പെട്ടു വഴിയില്‍ കിടക്കുന്ന മനുഷ്യനെ കണ്ടില്ലെന്നു നടിച്ച് കടന്നുപോയി, കടന്നുപോകേണ്ടി വന്നു. അവര്‍ നിസംഗരായി വഴിമാറി കടന്നുപോയി. അവര്‍ക്ക് പറ്റിയ അബദ്ധം ഇതുതന്നെ നിസംഗമായ ഒഴിഞ്ഞുപോക്ക്. മതാനുഷ്ഠാനമോ, സമറിയക്കാരന്‍ ചെയ്ത മനുഷ്യത്വത്തിന്‍റെ പ്രവൃത്തിയോ? ഏതാണ് പ്രധാനം? ആ വഴി വന്ന സമറിയക്കാരന്‍ വഴിയില്‍ മുറിപ്പെട്ടു കിടക്കുന്നവനെ കണ്ടു. ഓടി അവന്‍റെ അടുത്തെത്തി, പരിചരിച്ചു. അവനെ തോളിലേറ്റി, പിന്നെ കുതിരപ്പുറത്തിരുത്തി... സത്രത്തില്‍ കൊണ്ടാക്കി. ഈശോ കഥയില്‍ പറയുന്നത്. അവന് അനുകമ്പ തോന്നി, എന്നാണ്.
ഈ അനുകമ്പയാണോ ഏറ്റവും പ്രധാനപ്പെട്ട കാര്യം, അതോ മതപരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിലാണോ? ഇവിടെയാണ് ക്രിസ്തു കൊണ്ടുവരുന്ന മര്‍മ്മ പ്രധാനമായ തിരുത്തല്‍! ഇന്നും ക്രിസ്തുമതത്തിന് പറ്റിക്കൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ ഏതു മതത്തിനും പറ്റാവുന്ന അബദ്ധമാണിത്. അന്ന് യഹൂദമതത്തിനു പറ്റിയ അബദ്ധം, ഇന്ന് ക്രൈസ്തവ മതത്തിനും, കത്തോലിക്കര്‍ക്കും പറ്റാവുന്നതും, പറ്റിക്കൊണ്ടിരിക്കുന്നതുമായ അബദ്ധമാണ്. മറ്റു ഏതു മതസ്ഥര്‍ക്കും പറ്റാവുന്ന അബദ്ധവും ഇതുതന്നെ!
ഏതാണ് പ്രധാനപ്പെട്ടത്. മതപരമായ അനുഷ്ഠാനങ്ങളാണോ...? അതോ കാരുണ്യമോ? അതോ മുറിവേറ്റവരോടും വേദനിക്കുന്നവരോടും, സങ്കടപ്പെടുന്നവരോടും പ്രകടമാക്കുന്ന കാരുണ്യമോ? ദരിദ്രനായിരിക്കുന്നവരോടും കാണിക്കുന്ന അനുകമ്പ. പ്രതിബദ്ധത. ഏതാണു പ്രധാനപ്പെട്ടത് ഈശോ പറയുന്നു, സമറിയക്കാരന്‍ കാണിച്ച അനുകമ്പ, അതാണ് പ്രമാണം, അതാണിവിടെ പ്രാധാന്യം! ഇതാണ് നിത്യജീവനിലേയ്ക്കു കടക്കാനുള്ള മാര്‍ഗ്ഗം വഴി. അതാണ് ജീവനില്‍ സമൃദ്ധമായിട്ട് വരുവാനുള്ള വഴി.
നല്ലൊരു ഉദാഹരണം പറയാം. തൊട്ടടുത്ത കാലത്ത് സംഭവിച്ചതാണ്. കേരളത്തിലെ ഒരു ദൈവശാസ്ത്രജ്ഞന്‍. കേരളത്തിലെ സന്ന്യാസ നേതൃത്വത്തോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. വിഷയം കാരുണ്യമാണ്. കാരുണ്യവര്‍ഷം! അദ്ദേഹം അവരോട് സംസാരിക്കുന്നത്, ഈ കാരുണ്യവര്‍ഷത്തില്‍ എന്തുചെയ്യണം എന്നാണ്. അദ്ദേഹം പറഞ്ഞു - കാരുണ്യം, കാരുണ്യം, കാരുണ്യം എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ പലതും വരും. എന്നിട്ട് അദ്ദേഹം ഉദാഹരണ സഹിതം വിശദീകരിച്ചു. ഒരു അദ്ധ്യാപകനെ സംബന്ധിച്ച് ഒരു കാരുണ്യത്തിന്‍റെ പ്രവൃത്തി എന്താണ്? നന്നായിട്ട് പഠിപ്പിക്കുക! ഒരു ഡോക്ടറെ സംബന്ധിച്ചോ...? നന്നായിട്ട് വൈദ്യശുശ്രൂഷ ചെയ്യുക. അങ്ങനെയെങ്കില്‍ ഒരു സന്ന്യാസിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ പ്രധാനപ്പെട്ട കാരുണ്യപ്രവൃത്തി എന്താണ്? അദ്ദേഹം വ്യാഖ്യാനിച്ചു. ക്രിസ്തുവിനെ കൊടുക്കുക!
ക്രിസ്തുവിന്‍റെ ചൈതന്യം ജീവിതത്തിലൂടെ പകര്‍ന്നുനല്കുക. ഉടനെ തന്നെ അദ്ദേഹം വേദവചനം ഉദ്ധരിച്ചു. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍നിന്നും 3-ാം അദ്ധ്യായം 14-ാം വാക്യം. തന്നോടു കൂടെയായിരിക്കാനും, സുവിശേഷം പ്രഘോഷിക്കുവാനായി അയക്കപ്പെടുന്നതിനും, തിന്മയുടെ ശക്തികളെ ബഹിഷ്ക്കരിക്കുവാനും അധികാരം നല്കപ്പെടുന്നതിനുമായി അവിടുന്ന് 12 പേരെ തിരഞ്ഞെടുത്തു.
ക്രിസ്തു ശിഷ്യരെ വിളിക്കുന്നതിന്‍റെ ലക്ഷ്യത്തെ ബന്ധപ്പെടുത്തികൊണ്ട് അദ്ദേഹം പറഞ്ഞു. ക്രിസ്തുവിനെ ദൃശ്യമാക്കുക. ക്രിസ്തുവിനെ പ്രഘോഷിക്കുക. സന്ന്യാസിയുടെ ഒന്നാമത്തെ ധര്‍മ്മമിതാണ്. ഈ ധര്‍മ്മം ചെയ്യുമ്പോള്‍ മാത്രമേ കാരുണ്യമാകുന്നുള്ളൂ. ശരിയല്ലേ? ശരിയാണ്! കേട്ടവരെല്ലാം വിശ്വസിക്കും. എന്നിട്ട്, അദ്ദേഹം അടുത്ത പടി കടക്കുന്നത്, ക്രിസ്തുവിനെ മറ്റുള്ളവര്‍ക്കു നല്കുന്നുണ്ടോ? ഇതാണ് സന്ന്യാസം എന്നാണ്. എന്നിട്ട് അവിടെ ഇരുന്നിരുന്ന അധികാരികളോടു പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ കീഴില്‍ ഉള്ളവരോട്, സിസ്റ്റേഴ്സ് ആണെങ്കിലും വൈദികരാണെങ്കിലും... അവര്‍ പഠിപ്പിക്കുന്നവരാണെങ്കിലും വൈദ്യശുശ്രൂഷ ചെയ്യുന്നവരാണെങ്കിലും കണ്ടുമുട്ടോമ്പോള്‍ അന്വേഷിക്കണം. ക്രിസ്തുവിനെക്കുറിച്ചു പറഞ്ഞോ? ഇന്ന് ക്രിസ്തുവിനെക്കുറിച്ചു പറഞ്ഞോ? അപ്പോള്‍ ക്രിസ്തുവിനെക്കുറിച്ചു പറയുക, ക്രിസ്തുവിനെ പ്രഘോഷിക്കുക എന്നത്, ഏറ്റവും വലിയ കാരുണ്യപ്രവൃത്തിയായിട്ട് അദ്ദേഹം പറയുന്നു. അടിവരയിട്ടു പറഞ്ഞു. അങ്ങനെ പറഞ്ഞു, പറഞ്ഞ് മുന്നോട്ടു പോയിട്ട് അദ്ദേഹം പറഞ്ഞുവച്ചത്, സന്ന്യാസികളുടെ റിസോഴ്സ് (Resource), സാദ്ധ്യതകളെക്കുറിച്ചാണ്,  ഉപായസാദ്ധ്യതകളെക്കുറിച്ചാണ്. അത് മാനുഷികമായ സാദ്ധ്യതകള്‍ ആകാം, അല്ലെങ്കില്‍ സമ്പത്തിന്‍റെ ഉപായസാദ്ധ്യതകള്‍ ആകാം. അത് പ്രധാനമായിട്ടും മാറ്റിവയ്ക്കേണ്ടത്, ക്രിസ്തുവിനെ പ്രഘോക്കുന്നതിനുവേണ്ടിയിട്ടാണ്. അത് പ്രഘോഷണത്തിന്‍റെ മാധ്യമങ്ങള്‍ ശക്തിപ്പെടുത്താനാണ്. പറഞ്ഞു പോകുന്നത്, ധ്യാനവും പ്രഘോഷണവും, ആള്‍ സമ്പത്തും പണസമ്പത്തും കൊടുക്കണം എന്നു പറഞ്ഞു സൂചിപ്പിച്ചുകൊണ്ടാണ്.
ഇവിടെ ശ്രദ്ധിക്കേണ്ടൊരു കാര്യം, ഇവിടെയെവിടയോ ഇദ്ദേഹം ക്രിസ്തുവിനെ ചുവടേ മറിക്കുന്നു. കട പിഴുതെറിയുന്നു. ക്രിസ്തു എന്താണ് കാരുണ്യത്തെക്കുറിച്ചു പറഞ്ഞത്. ക്രിസ്തുവെന്താണ് തന്‍റെ ശിഷ്യരെക്കുറിച്ചു പറഞ്ഞത്. പറഞ്ഞതിതാണ്. മത്തായുടെ സുവിശേഷത്തില്‍ 25-ാം അദ്ധ്യായത്തില്‍ പറയുന്നു. എനിക്കു വിശന്നു, എനിക്കു ദാഹിച്ചൂ, നഗ്നനായിരുന്നു, പരദേശിയായിരുന്നു. രോഗിയായിരുന്നു, കാരാഗൃഹത്തിലായിരുന്നു. ഈ രോഗിക്കും കാരാഗൃഹ വാസിക്കുമൊക്കെ ചെയ്തതാണ്. നിത്യജീവന്‍റെ വഴി. മനുഷ്യപുത്രന്‍റെ വലതു ഭാഗത്തായിരിക്കുവാനുള്ള മാര്‍ഗ്ഗം പരസ്നേഹ പ്രവൃത്തികളാണ്. എന്നു പറഞ്ഞാല്‍ എളിയവനോടു കാണിക്കുന്ന കരുണയും പങ്കുവയ്ക്കലുമാണ്. ജീവിതത്തിലെ കാരുണ്യപ്രവൃത്തികള്‍...! ദൈവശാസ്ത്ര പണ്ഡതന്‍ പറഞ്ഞുവച്ചത് രണ്ടുതരം സുവിശേഷ പദ്ധതികളാണ് - പ്രത്യക്ഷവും പരോക്ഷവുമായ സുവിശേഷവത്ക്കരണ രീതികളാണ് - Direct and Indirect evangelization! പ്രത്യക്ഷമായ സുവിശേഷവത്ക്കരണമായി അദ്ദേഹം പ്രഘോഷണത്തെയും, പ്രസംഗത്തെയും, പിന്നെ പരോക്ഷമായ സുവിശേഷവത്ക്കരണമായി കാരുണ്യപ്രവൃത്തികളെയും കൊണ്ടുവെച്ചിട്ടു പറഞ്ഞു, പ്രത്യക്ഷമാണ് ഒന്നാം സ്ഥാനത്ത്. ഇവിടെയാണ് അദ്ദേഹം ക്രിസ്തുവിനെ അട്ടിമറിച്ചത്.
അട്ടമറിയെന്നു പറയാന്‍ കാരണം, ഇത് ക്രിസ്തു പറയുന്നതിന് വിരുദ്ധമാണ്. ക്രിസ്തു പറയുന്നത്, പ്രവൃത്തിയിലൂടെയുള്ള സാക്ഷ്യമാണ്. അതിനാല്‍ കാരുണ്യ പ്രവൃത്തികളിലൂടെയുള്ള പ്രഘോഷണമാണ് ഒരുവരെ നിത്യജീവന്‍ പ്രാപിക്കാന്‍ സഹായിക്കുന്നത്.
സുവിശേഷത്തില്‍ ക്രിസ്തു തിരുത്തുന്ന തെറ്റ്, ഏതു മതത്തിലും എന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന തെറ്റാണ്. അതായത് മതപരമായ ആചാരങ്ങള്‍, പ്രഘോഷണങ്ങള്‍, അചാരനുഷ്ഠാനങ്ങള്‍ക്ക് ഒന്നാം സ്ഥാനംകൊടുക്കുകയും, അത് മാത്രം നിത്യജീവനുള്ള വഴിയായിട്ട് കരുതുന്ന സാമ്പ്രദായിക മതത്തിന്‍റെ രീതി അബദ്ധമാണ്. ഇതു തന്നെയാണ് ദൈവശാസ്ത്രജ്ഞന്‍ വളരെ ബോധ്യത്തോടുകൂടി ആയിരിക്കണം പറഞ്ഞത്. എന്നാല്‍ ക്രിസ്തു തിരുത്തുന്നു. അല്ല... നിന്‍റെ സാമൂഹ്യ ജീവിതത്തിലും മതപരമായ ജീവിതത്തിലും ഒന്നാമതായി നില്ക്കേണ്ടത് – അനുകമ്പ കാണിക്കുക, ചെറിയവനോടും ആവശ്യത്തിലായിരിക്കുന്നവനോടും, മുറിവേറ്റവനോടും ഇല്ലാത്തവനോടും അനുകമ്പ കാട്ടുക എന്നതാണ്. എന്നിട്ടോ? ഉള്ളത് പങ്കുവയ്ക്കുവാനും തയ്യാറാവുക!
കഥ അവസാനിക്കുമ്പോള്‍, ക്രിസ്തു ചോദിക്കുന്നു. ആരാണു നിന്‍റെ അയല്‍ക്കാരന്‍? കരുണ കാണിച്ചവന്‍ ലൂക്കാ 10-ാം അദ്ധ്യായത്തിലെ 37-ാമത്തെ വചനമാണ്. കരുണകാണിച്ചവന്‍, പ്രവൃത്തിയിലൂടെ കരുണകാണിച്ചവന്‍! നിത്യജീവനുള്ള വഴിയായിട്ട് ക്രിസ്തു പറയുന്നത് ഇതാണ്. അവിടുന്നു പഠിപ്പിക്കുന്നത് ഈ മാര്‍ഗ്ഗമാണ്.
ഇതിനെക്കുറിച്ച് വ്യവച്ഛേദിച്ചറിയാന്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയെക്കുറിച്ചു പറയുന്നൊരു കഥയുണ്ട്. ബ്രദര്‍ ലിയോയുമായി അതിരാവിലെ പുണ്യവാന്‍ ഇറങ്ങി പുറപ്പെട്ടു. അവര്‍ അസ്സീസി പട്ടണത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ ചുറ്റിക്കറങ്ങി, കറങ്ങിത്തിരിഞ്ഞ് വൈകുന്നേരം ക്ഷീണിതരായി ആശ്രമത്തില്‍ തിരിച്ചെത്തി. അപ്പോള്‍ ലിയോ ബ്രദര്‍ ചോദിച്ചു. പിതാവേ, നമ്മള്‍ ഇത്രയും നേരമായിട്ട് സുവിശേഷമൊന്നും പ്രസംഗിച്ചില്ലല്ലോ? അപ്പോള്‍ വിശുദ്ധ ഫ്രാന്‍സിസ് പറയുന്നൊരു മറുപടിയുണ്ട്. നമ്മള്‍ സുവിശേഷം പ്രസംഗിക്കണം. അത് ക്രിസ്തു ഏല്‍പിച്ചിരിക്കുന്നൊരു ദൗത്യമാണ്. അത്യാവശ്യമുള്ളപ്പോള്‍ മാത്രം വായ തുറന്നാല്‍ മതി! അത്യാവശ്യമുള്ളപ്പോള്‍ സംസാരിച്ചാല്‍ മതി! സിദ്ധന്‍ പറയുന്നത്, ജീവിതംകൊണ്ട്, കര്‍മ്മംകൊണ്ട്, കാരുണ്യപ്രവൃത്തികൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുക! സ്വര്‍ഗ്ഗ്യരാജ്യം പ്രാപിക്കാനുള്ള മാര്‍ഗ്ഗമിതാണ് – കാരുണ്യപ്രവൃത്തികള്‍, സദ്പ്രവൃത്തികള്‍!!
അനുകമ്പ കാണിച്ചവന്‍, കരുണ കാണിച്ചവനാണ് നിത്യജീവനിലേയ്ക്ക് കടക്കാന്‍ പോകുന്നത്. ക്രിസ്തു നല്കുന്ന ഈ പാഠം സ്വീകരിക്കുന്നതിനുള്ള വെളിവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. ഈശോയേ, അങ്ങാണല്ലോ! സമറിയക്കാരന്‍റെ ഉപമ പറഞ്ഞുകൊണ്ട് മതപരമായ കര്‍മ്മനിഷ്ഠാനങ്ങളെക്കാള്‍ കരുണയെയും അനുകമ്പയെയും ജീവിതവിശുദ്ധിയായും പുണ്യമായും എടുത്തുവച്ചവനും, അങ്ങനെ ജീവിതം കരുണകൊണ്ടു നിറയാനും, കാരുണ്യപ്രവൃത്തികള്‍ ചെയ്യുവാനും ഞങ്ങളോട് ആഹ്വാനംചെയ്തത്... നാഥാ.! ഇത് തിരിച്ചറിയുവാനുള്ള വലിയ വിവേകം അങ്ങ് ഞങ്ങള്‍ക്ക് തന്നരുളേണമേ! മതപരമായ കര്‍മ്മങ്ങളില്‍ മുങ്ങിപ്പോകാതിരിക്കാന്‍, അബദ്ധങ്ങളില്‍പ്പെടാതിരിക്കാന്‍ ഒന്നാം സ്ഥാനത്തേയ്ക്ക് അനുഷ്ഠാനങ്ങളെ എടുത്തുവയ്ക്കാതിരിക്കാന്‍, അതിനും ഉപരിയായിട്ട്, സ്നേഹത്തിന്‍റെയും കരുണയുടെയും പ്രവൃത്തികളെ ഒന്നാം സ്ഥാനത്ത് എടുത്തുവയ്ക്കുന്നതിനുള്ള വിവേകം, ക്രിസ്തീയമായ ബോധ്യവും അങ്ങേ മനസ്സിന്‍റെ അനുകമ്പയും ഞങ്ങള്‍ക്ക് തന്നരുളേണമേ... ആമേന്‍!
 
(കടപ്പാട്‌: ജേക്കബ് നാലുപറയില്‍)  Copy writed by Jomon Joseph

Cyrus Cylinder

Cyrus Cylinder 


സൈറസ് സിലിണ്ടർ ,Cyrus Cylinder

യേശുക്രിസ്തുവിനും അറുന്നൂറു കൊല്ലങ്ങൾക്ക് മുൻപ് കളിമണ്ണിൽ എഴുതപ്പെട്ട ഒരു പുരാതന ലിഖിതമാണ് സൈറസ് സിലിണ്ടർ . അക്കാടിയൻ ക്യൂനിഫോം ലിപിയിൽ എഴുതിയിരിക്കുന്ന ഇത് പേർഷ്യൻ ചക്രവർത്തിയായിരുന്ന മഹാനായ സൈറസിന്റെ (Cyrus II of Persia) കാലത്താണ് രേഖപ്പെടുത്തിയിരിക്കുന്നത് . 1879 ൽ പുരാവസ്തുഗവേഷകനായിരുന്ന Hormuzd Rassam ആണ് ആധുനിക ഇറാക്കിൽ നിന്നും ഈ ഫലകം വീണ്ടെടുത്തത് . ( ഇദ്ദേഹം തന്നെയാണ് പുരാതന ഗിൽഗമെഷ് ഇതിഹാസം കണ്ടെടുത്തതും ) . സൂര്യദേവനായ Marduk നെ പ്രകീർത്തിച്ച് തുടങ്ങുന്ന രചനയിൽ സൈറസിന്റെ യുദ്ധവിജയങ്ങൾ തുടർന്ന് പറയുന്നു . ഇന്നത്തെ ബൾഗേറിയ മുതൽ പാക്കിസ്ഥാൻ വരെ നീണ്ടു പരന്നു കിടന്നിരുന്ന സൈറസിന്റെ സാമ്രാജ്യത്തിൽ ഉണ്ടായിരുന്ന പേര്ഷ്യാക്കാരല്ലാത്ത വിദേശികൾക്ക് അവരുടെ സ്മാരകങ്ങളും ദേവാലയങ്ങളും പുതുക്കി പണിയുവാനുള്ള നിർദ്ദേശം ഈ ലിഖിതത്തിൽ ഉണ്ട് . ഇത് ബൈബിളിലെ എസ്രായുടെ പുസ്തകത്തിൽ (എസ്രാ 1:1–4) ആവർത്തിക്കുന്നുണ്ട് . സൈറസിന്റെ ഉത്തരവിൻ പ്രകാരം ബാബിലോണിയൻ പ്രവാസികളായിരുന്ന ജൂതർ തിരികെ ചെന്ന് ജെറുസലേം ദേവാലയം പുനർ നിർമ്മിക്കുന്നതാണ് ബൈബിളിലെ വിവരണം . മനുഷ്യാവകാശങ്ങൾ സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവുകളിൽ ഏറ്റവും പഴയത് എന്ന സ്ഥാനം ചില ഗവേഷകർ സൈറസ് ലിഖിതത്തിന് നല്കുന്നുണ്ട് . ഇറാനിയൻ രാജഭരണ കാലത്ത് നാഷണൽ സിംബൽ എന്ന പദവി സൈറസ് ലേഖനത്തിന് ഉണ്ടായിരുന്നു . ഇന്ന് ബ്രിട്ടീഷ് മ്യൂസിയത്തിൽ ആണ് ഇതിന്റെ സ്ഥാനം .
                                   ബൈബിളില്‍ നിന്നും സൈറസ് സിലിണ്ടറിനെക്കുറിച്ച് 
"ജറെമിയായിലൂടെ കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങള്‍ നിറവേറേണ്ടതിന് പേര്‍ഷ്യാ രാജാവായ സൈറസിനെ അവന്റെ ഒന്നാം ഭരണവര്‍ഷം കര്‍ത്താവ് പ്രചോദിപ്പിക്കുകയും അവന്‍ ഒരു വിളംബരമെഴുതി രാജ്യം മുഴുവന്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു " (എസ്രാ 1 : 1 ). " രാജ്യങ്ങള്‍ കീഴടക്കുന്നതിനും രാജാക്കന്‍മാരുടെ അരപ്പട്ടകള്‍ അഴിക്കുന്നതിനും നഗരകവാടങ്ങള്‍ അടയ്ക്കപ്പെടാതെ തുറന്നിടുന്നതിനുംവേണ്ടി ആരുടെ വലത്തു കൈയ് താന്‍ ഗ്രഹിച്ചിരിക്കുന്നുവോ, തന്റെ അഭിഷിക്തനായ ആ സൈറസിനോടു കര്‍ത്താവ് അരുളിച്ചെയ്യുന്നു" (യെശയ്യ 45 : 1 )
ബൈബിളിൽ അഭിഷക്തൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന , ജൂതനല്ലാത്ത ഒരേ ഒരാളാണ് സൈറസ്
( Written By Julius Manuel )

ചാവുകടൽ ചുരുളുകൾ

ചാവുകടൽ ചുരുളുകൾ
ചാവുകടൽ ചുരുളുകൾ

1947-നും 1956-നും ഇടക്ക്, പശ്ചിമേഷ്യയിൽ ചാവുകടലിന്റെ വടക്കുപടിഞ്ഞാറൻ തീരത്തെ പുരാതന ജനവാസകേന്ദ്രമായ ഖിർബത് കുമ്രാനോടുചേർന്നുള്ള കുമ്രാൻ താഴ്വരയിലെ പതിനൊന്നു ഗുഹകളിൽ നിന്ന് കണ്ടുകിട്ടിയ തൊള്ളായിരത്തോളം ലിഖിതരേഖകളാണ് ചാവുകടൽ ചുരുളുകൾ എന്നറിയപ്പെടുന്നത്. ഇവയിൽ ഒരു പ്രധാനഭാഗം എബ്രായ ബൈബിളിലെ ഗ്രന്ഥങ്ങളും ഗ്രന്ഥഭാഗങ്ങളുമാണ്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിനപ്പുറത്തുനിന്ന് ഇന്നു ലഭ്യമായ ചുരുക്കം ബൈബിൾ രേഖകളിൽ ഉൾപ്പെടുന്ന ഇവ, മതപരവും ചരിത്രപരവുമായി വലിയ പ്രാധാന്യമുള്ള രേഖകളാണ്. യെരുശലേമിലെ രണ്ടാം ദേവാലയത്തിന്റെ അവസാനകാലത്തെ യഹൂദമതത്തിനുള്ളിൽ, വിശ്വാസങ്ങളിലും ആചാരങ്ങളിലും നിലവിലിരുന്ന ഗണ്യമായ വൈവിദ്ധ്യത്തിലേക്ക് ഇവ വെളിച്ചം വീശുന്നു. എബ്രായ, അരമായ ഭാഷകളിലും ഗ്രീക്കുഭാഷയുടെ കൊയ്നെ വകഭേദത്തിലും ആണ് അവ എഴുതപ്പെട്ടിരിക്കുന്നത്. മിക്കവയും മൃഗചർമ്മത്തിൽ ഉള്ളവയാണെങ്കിലും പാപ്പിറസിൽ എഴുതപ്പെട്ടിരിക്കുന്നവയും ഉണ്ട്. ഈ കയ്യെഴുത്തുപ്രതികൾ പൊതുവർഷാരംഭത്തിനുമുൻപ് 250-നും പൊതുവർഷം 70-നും ഇടക്കുള്ളവയാണെന്ന് കാർബൺ-14 പരീക്ഷണത്തിലും പുരാതനരചനാപഠനത്തിൽ നിന്നും തെളിഞ്ഞിട്ടുണ്ട്.
ബെദുവിൻ ബാലൻ 
ചാവുകടലിന്റെ വടക്കുപടിഞ്ഞാറെതീരത്തെ ഒരു കിലോമീറ്റർ പരപ്പിലാണ് കുമ്രാനിലെ അധിവാസസ്ഥാനം. ചുരുളുകൾ കിട്ടിയ പതിനൊന്നുഗുഹകൾ അധിവാസകേന്ദ്രത്തിൽ നിന്ന് 125 മീറ്റർ(നാലാമത്തെ ഗുഹ) മുതൽ ഒരു കിലോമീറ്റർ(ഒന്നാം ഗുഹ) വരെ ദൂരെയാണ്. യെറീക്കോ നഗരത്തിൽ നിന്ന് പതിമൂന്നുകിലോമീറ്റർ തെക്കോട്ടുമാറിയാണിത്.1947-ൽ, ബെദൂവിനുകളുടെ താമിരാ ഗോത്രത്തിൽ പെട്ട മുഹമ്മദ് ആദ്ദിബ്ബ് എന്ന പതിനഞ്ചുവയസ്സുകാരൻ ബാലൻ ആദ്യത്തെ ചാവുകടൽ ചുരുളുകൾ കണ്ടെത്തിയെന്നാണ് പൊതുവേ കരുതപ്പെടുന്നത്.
ഒരു കഥയനുസരിച്ച് കാണാതെപോയ ഒരാടിനെ അന്വേഷിച്ചുപോയ അദ്ദീബ്, ഗുഹകളിലൊന്നിലേക്ക് കല്ലെറിഞ്ഞപ്പോൾ മൺപാത്രം പൊട്ടുന്ന ശബ്ദം കേട്ടു. തുടർന്ന് ഗുഹയിൽ പ്രവേശിച്ച അവൻ, തുണിയിൽ പൊതിഞ്ഞ് തോൽച്ചുരുളുകൾ സൂക്ഷിച്ചിരിക്കുന്ന മൺഭരണികൾ കണ്ടെത്തി. ചുരുളുകളുടെ മൂല്യം മനസ്സിലാക്കിയ ഒരു ബെത്‌ലഹേംകാരൻ പുരാവസ്തുവ്യാപാരി ഇബ്രാഹിം ഇജാ അവ വാങ്ങാൻ തയ്യാറാകുന്നതിന് മുൻപ്, അനേകം ചുരുളുകൾ വീട്ടമ്മമാർ അടുപ്പെരിക്കാൻ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്നു. ചുരുളുകൾ ഏതെങ്കിലും സിനഗോഗിൽ നിന്ന് മോഷ്ടിച്ചവയായിരിക്കുമെന്ന് മുന്നറിയിപ്പുകിട്ടിയ ഇജാ അവ തിരികെകൊടുത്തു. 'കാൻഡൊ' ഏന്നും പേരുള്ള ഖലീൽ എസ്കന്ദർ ഷാഹിന്റെ കൈവശമാണ് പിന്നീട് അവ എത്തിയത്. ചെരുപ്പുകുത്തിയായിരുന്ന അയാൾ പുരാവസ്തുവ്യാപാരത്തിലും ഏർപ്പെട്ടിരുന്നു. മിക്കവരും നൽകുന്ന വിവരം അനുസരിച്ച്, ആദ്യത്തെ കണ്ടെത്തലിനുശേഷം അദ്ദീബ് ഗുഹയിൽ നിന്ന് എടുത്തുമാറ്റിയത് മൂന്നു ചുരുളുകൾ മാത്രമായിരുന്നു. അയാൾ കൂടുതൽ ചുരുളുകൾക്കായി വീണ്ടും സ്ഥലം സന്ദര്ശിച്ചുവെന്നും അതൊരുപക്ഷേ 'കാൻഡോ'യുടെ പ്രേരണമൂലം ആയിരുന്നിരിക്കാം എന്നും പറയപ്പെടുന്നു. 'കാൻഡോ' തന്നെ ഒരു രഹസ്യപര്യവേഷണം നടത്തിയെന്നാണ് മറ്റൊരു കഥ. മൂന്നുചുരുളുകളെങ്കിലും അയാളുടെ കൈവശം ഉണ്ടായിരുന്നു.
അതിനിടെ കൂടുതൽ വിലക്ക് വിൽക്കാൻ അവസരമുണ്ടാകുവോളം ചുരുളുകൾ ജോർജ്ജ് ഇശയാ എന്ന ഇടനിലക്കാരന്റെ കൈവശമിരിക്കട്ടെ എന്നു ബെദൂവിനുകൾക്കിടയിൽ തീരുമാനമായി. സുറിയാനി ഓർത്തോഡോക്സ് സഭാവിശ്വാസിയായിരുന്ന ഇശയാ, ചുരുളുകളുടെ മൂല്യത്തെക്കുറിച്ച് മനസ്സിലാക്കാനായി, യെരുശലേമിലെ വിശുദ്ധ മർക്കോസിന്റെ സന്ന്യാസാശ്രമവുമായി ബന്ധപ്പെട്ടു. കണ്ടെത്തലിന്റെ വാർത്ത, മാർ സാമുവൽ എന്നറിയപ്പെടുന്ന മെത്രാപ്പോലീത്താ അത്താനാസിയസ് യേശു സാമുവലിന്റെ അടുത്തെത്താൻ ഇത് കാരണമായി.
പരിശോധനക്കുശേഷം ചുരുളുകൾ പുരാതനമായിരി‍ക്കാമെന്ന് സംശയിച്ച മാർ സാമുവൽ അവ വിലയ്ക്കുവാങ്ങാൻ തയ്യാറായി. നാലുചുരുളുകൾ അങ്ങനെ അദ്ദേഹത്തിന്റെ കൈവശമെത്തി: ഇപ്പോൾ ഏറെ പ്രശസ്തമായ ഏശയ്യാ ചുരുൾ, സഭാനിയം, ഹബക്കുക്ക് പെഷെർ എന്ന പേരിൽ ഹബക്കുകിന്റെ പുസ്തകത്തിന്റെ വ്യാഖ്യാനം, ഉല്പത്തി-വെളിപാട് എന്നീ ചുരുളുകളായിരുന്നു അവ. 24 പൗണ്ട് ആണ് അദ്ദേഹം ഈ അമൂല്യരേഖകൾക്ക് വിലയായി കൊടുത്തത് എന്നു പറയപ്പെടുന്നു.പുരാവസ്തുച്ചന്തയിൽ താമസിയാതെ കൂടുതൽ ചുരുളുകൾ എത്തി. അവയിൽ കാൻഡോയുടെ കൈവശമുണ്ടായിരുന്ന മൂന്നെണ്ണം ഇസ്രായേലിലെ പുരാവസ്തുവിജ്ഞാനിയും എബ്രായ സർവകലാശാലയിലെ പണ്ഡിതനുമായിരുന്ന എലയാസർ സുകേനിക് 1947 നവംബർ 29-ന് വാങ്ങി. യുദ്ധച്ചുരുൾ, കൃതജ്ഞതാസ്തോത്രങ്ങളുടെ ചുരുൾ, കൂടുതൽ ശിഥിലമായിരുന്ന മറ്റൊരു ഏശയ്യാ ചുരുൾ എന്നിവയായിരുന്നു അവ.
1947 അവസാനത്തോടെ മാർ സാമുവേലിന്റെ കൈവശമുള്ള ചുരുളുകളുടെ കാര്യം അറിഞ്ഞ സുകേനിക് അവ വാങ്ങാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതേസമയം ചുരുളുകൾ, യെരുശലേമിലെ അമേരിക്കൻ പൗരസ്ത്യഗവേഷണവിദ്യാലയത്തിലെ ജോൺ സി.ട്രെവറിന്റെ ശ്രദ്ധയിൽ പെട്ടു. ബൈബിളിന്റെ അന്ന് അറിയപ്പെട്ടിരുന്നവയിൽ ഏറ്റവും പഴയ കയ്യെഴുത്തുപ്രതിയാ നാഷ് പാപ്പിറസിലെ ലിപികളെ ചുരുളുകളിലെ ലിപിയുമായി താരതമ്യം ചെയ്ത അദ്ദേഹം പല സമാനതകളും കണ്ടെത്തി.
1948 ഫെബ്രുവരി 28-ന് മാർ സാമുവെലുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ, ഛായാഗ്രഹണത്തിൽ ഏറെ തല്പരനായിരുന്ന ട്രെവർ ചുരുളുകളുടെ ചിത്രമെടുത്തു. തുണിപ്പൊതിയിൽ നിന്ന് വെളിയിലെടുത്തപ്പോൾ തുടങ്ങിയ രാസപ്പകർച്ച മൂലം ചുരുളുകളിലെ ലിഖിതങ്ങളുടെ ചായം മങ്ങാൻ തുടങ്ങിയതിനാൽ, കാലം കടന്നപ്പോൾ ട്രെവർ അന്നെടുത്ത ചിത്രങ്ങൾ ചുരുളുകളിലെ മൂലലിഖിതങ്ങളേക്കാൾ വ്യക്തതയുണ്ടെന്നായി.
1948-ൽ അറേബ്യൻ നാടുകളും ഇസ്രായേലും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, സുരക്ഷക്കായി ചുരുളുകൾ ഇസ്രായേലിൽ നിന്ന് ലെബനനിലെ ബെയ്റൂത്തിലേക്ക് മാറ്റപ്പെട്ടു.
1948 സെപ്റ്റംബർ ആദ്യം, മാർ സാമുവേൽ, പൗരസ്ത്യഗവേഷണവിദ്യാലയത്തിന്റെ പുതിയ ഡയറക്ടറായിരുന്ന പ്രൊഫസർ ഓവിഡ് ആർ സെല്ലേഴ്സിനടുത്ത്, തനിക്ക് ആയിടെ കിട്ടിയ ചില ചുരുൾശകലങ്ങൾ കൊണ്ടുചെന്നു. എന്നാൽ ആദ്യത്തെ കണ്ടെത്തലിന് രണ്ടുവർഷത്തിനുശേഷം 1948-ന്നൊടുവിൽപ്പോലും പണ്ഡിതന്മാർ ചുരുളുകൾ കിട്ടിയ ഗുഹ കണ്ടെത്തിയിട്ടില്ലായിരുന്നു. യുദ്ധസാഹചര്യങ്ങൾ മൂലം വൻതോതിലുള്ള പര്യവേഷണങ്ങളൊന്നും സാധ്യമായിരുന്നില്ല. ഗുഹ കണ്ടെത്താൻ തന്നെ സഹായിക്കാൻ സെല്ലേഴ്സ് സിറിയയോട് അഭ്യർഥിച്ചുവെന്നും അവർ ആവശ്യപ്പെട്ട പ്രതിഫലം അദ്ദേഹത്തിന് താങ്ങാനാവുന്നതിലും അധികമായിരുന്നുവെന്നും പറയപ്പെടുന്നു. ഒടുവിൽ 1949 ജനുവരി 29-ന് ഒന്നാം ഗുഹ കണ്ടെത്താൻ കഴിഞ്ഞത് ഒരു ഐക്യരാഷ്ട്രസഭാ നിരീക്ഷകനാണ്.
മൺഭരണികളുടെ ആകൃതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
അതിനിടെ തന്റെ കൈവശമുണ്ടായിരുന്ന ചുരുളുകൾ മാർ സാമുവേൽ അമേരിക്കയിലേക്ക് കൊണ്ടുപോയി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്നു. അവയെ സംബന്ധിച്ച ഒരു പരസ്യം 1954 ജൂൺ ഒന്നാം തിയതി അമേരിക്കയിലെ വാൾ സ്ട്രീറ്റ് പത്രികയിൽ പ്രത്യക്ഷപ്പെട്ടു. പലവക പരസ്യങ്ങളുടെ വിഭാഗത്തിലെ 'വില്പനക്ക്' എന്ന ഉപവിഭാഗത്തിൽ പ്രത്യക്ഷപ്പെട്ട പരസ്യം ഇതായിരുന്നു:-
നാലു ചാവു കടൽ ചുരുളുകൾ
ക്രിസ്തുവിന് മുൻപ് 200-ആം ആണ്ട് വരെയെങ്കിലും പഴക്കമുള്ള
ബൈബിൾ കയ്യെഴുത്തുപ്രതികൾ വില്കാനുണ്ട്.
വ്യക്തിയുടെയോ സംഘടനയുടെതോ വകയായി,
ഏതെങ്കിലും മതസ്ഥാപനത്തിനോ വിദ്യാഭ്യാസസ്ഥാപനത്തിനോ
ഉപഹാരമായി നൽകാൻഎറ്റവും അനുയോജ്യം.
ബോക്സ് എഫ് 206 വാൾ സ്ട്രീറ്റ് പത്രിക
ദീർഘമായ ചർച്ചകൾക്കൊടുവിൽ ജൂലൈ ഒന്നാം തിയതി, മാർ സാമുവേൽ ഉൾപ്പെടെ മൂന്നുപേർ ചുരുളുകൾ ‍ന്യൂയോർക്കിലെ വാൾഡോർഫ്-അസ്റ്റോറിയ ഹോട്ടലിൽ ‍കൊണ്ടുവന്നു. ചുരുളുകൾ വാങ്ങിയത് നേരത്തേ കാൻഡോയുടെ മൂന്നു ചുരുളുകൾ വാങ്ങിയ എബ്രായ സർവകലാശാലയിലെ പുരാവസ്തുവിജ്ഞാനി എലയാസർ സുകേനികിന്റെ മകനും പുരാവസ്തുവിജ്ഞാനിതന്നെയും ആയ യിഗാൽ യാദിൻ ആയിരുന്നു. (സുകേനിക് നേരത്തേ മരിച്ചിരുന്നു.) രണ്ടുലക്ഷത്തി അൻപതിനായിരം ഡോളറിനാണ് അവയുടെ കൈമാറ്റം നടന്നത്. അതിൽ പകുതിയേ മാർ സാമുവേലിന് ലഭിച്ചുള്ളു എന്ന് പറയപ്പെടുന്നു. കടലാസുകളിലെ തിരിമറിമൂലം, ഒരു പ്രധാനപങ്ക് നികുതിയായി അമേരിക്കൻ സർക്കാരിന് തന്നെ കിട്ടി. സുകേനിക്കും മകനുമായി വാങ്ങിയ ഏഴു ചുരുളുകളും ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് യെരുശലേമിലെ ഗ്രന്ഥക്ഷേത്രത്തിലാണ് (Shrine of the Book) സൂക്ഷിച്ചിരിക്കുന്നത്.
മറ്റു കണ്ടെത്തലുകൾ 

ആദ്യം കണ്ടെത്തിയ ചുരുളുകളുടെ ഉറവിടമായ ഒന്നാം ഗുഹയുടെ സ്ഥാനം പുറം ലോകത്തിന്റെ അറിവിൽ വന്നതോടെ ഖിർബത് കുമ്രാനടുത്തുള്ള പ്രദേശമാകെ പണ്ഡിതന്മാരുടേയും ധനകാക്ഷികളുടേയും അന്വേഷണത്തിനു വിധേയമായി. വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന വേറെ പത്തു ഗുഹകൾ കൂടി കണ്ടെത്താൻ ഇത് ഇടയാക്കി.
രണ്ടാം ഗുഹ 
രണ്ടാം ഗുഹയിൽ ബെദുവിനുകൾ മുന്നൂറോളം ചുരുളുകളുടെ ശകലങ്ങൾ കണ്ടെത്തി. പഴയ നിയമത്തിന്റെ സാർവത്രിക അംഗീകാരമുള്ള കാനോനിൽ പെടാത്തതും ഗ്രീക്ക് പരിഭാഷയിൽ മാത്രം നേരത്തേ ലഭ്യമായിരുന്നതുമായ ജൂബിലികൾ, സിറാക്ക് എന്നീ ഗ്രന്ഥങ്ങളുടെ എബ്രായ മൂലവും ഇവയിൽ പെടുന്നു.
മൂന്നാം ഗുഹ 
ചുരുളുകളിൽ ഏറെ കൗതുകമുണർത്തിയ ചെമ്പുചുരുൾ മൂന്നാം ഗുഹയിൽ നിന്ന് 1952-ലാണ് കണ്ടുകിട്ടിയത്. യൂദയാ പ്രദേശത്ത് പലയിടങ്ങളിലായി ചിതറി കിടക്കുന്ന 67 ഭൂഗർഭരഹസ്യ നിക്ഷേപസ്ഥാനങ്ങളുടെ ഒരു പട്ടിക ഇതിലുണ്ട്. വളരെ വലിയ അളവിൽ സ്വർണ്ണവും, വെള്ളിയും, ചെമ്പും, സുഗന്ധദ്രവ്യങ്ങളും, കയ്യെഴുത്തുഗ്രന്ഥങ്ങളും ആ നിക്ഷേപസ്ഥാനങ്ങളിൽ ഒളിച്ചുവച്ചിരിക്കുന്നതായാണ് ചുരുളിൽ പറയുന്നത്. സുരക്ഷക്കായി മാറ്റപ്പെട്ട യെരുശലേം ദേവാലയത്തിലെ ധനം ആയിരിക്കണം ഇവ എന്ന് വിശ്വസിക്കപ്പെടുന്നു. ചെമ്പുചുരുളിന്റെ ലിപ്യന്തരീകരണം ഇനിയും പൂർത്തിയായിട്ടില്ല. ആദ്യഭാഗം, സ്വർണ്ണ-വെള്ളിക്കട്ടികളുടെ നിക്ഷേപസ്ഥാനങ്ങളെയാണ് പരാമർശിക്കുന്നത്. അവയുടെ ഭാരം ഷെക്കൽ എന്ന അളവിലാണ് കൊടുത്തിരിക്കുന്നത്.
ചെമ്പുചുരുളിലെ എഴുത്തിൽ കുമ്രാന്റെ സെക്കാഖ എന്ന പഴയപേരിന്റെ സൂചനയുണ്ടെന്നും അത് ഷെക്കലുമായി ബന്ധപ്പെട്ടിരിക്കുന്നെന്നും വാദിക്കപ്പെട്ടിട്ടുണ്ട്. കുമ്രാനിൽ ചെന്നു ചേരുന്ന നീർച്ചാലിന്റെ പേരും സെക്കാഖ എന്നാണ്.
നാലാം ഗുഹ 
ആകെ കണ്ടെത്താനായ ചുരുളുകളിൽ തൊണ്ണൂറു ശതമാനവും നാലാം ഗുഹയിൽ നിന്നായിരുന്നു.; അവയിൽ എഴുപതുശതമാനത്തിന്റേയും ഉള്ളടക്കം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഞ്ഞൂറോളം വ്യത്യസ്ത ചുരുളുകളിൽ നിന്നായി പതിനയ്യായിരത്തോളം ശകലങ്ങൾ ഇവിടെനിന്ന് കണ്ടെത്തി.
അഞ്ചും ആറും ഗുഹകൾ 
നാലാം ഗുഹക്ക് തൊട്ടുപിന്നാലെയാണ് ഇവ കണ്ടെത്തിയത്. വളരെ കുറച്ച് രേഖകളേ ഈ ഗുഹകളിൽ ഉണ്ടായിരുന്നുള്ളു.
ഏഴുമുതൽ പത്തുവരെ ഗുഹകൾ
പുരാവസ്തുവിജ്ഞാനികൾ ഈ ഗുഹകൾ പരിശോധിച്ചത് 1957-ലാണ്. ഏറെ രേഖകളൊന്നും അവയിൽ നിന്ന് കിട്ടിയില്ല. ഏഴാം ഗുഹയിൽ പതിനേഴ് ഗ്രീക്ക് ശകലങ്ങൾ കിട്ടി. തുടർന്നുവന്ന പതിറ്റാണ്ടുകളിൽ ഏറെ വിവാദമുയർത്തിയ അഞ്ചാം ശകലം (7Q5)അതിലൊന്നായിരുന്നു. ആ ശകലത്തിലെ ലിഖിതം മർക്കോസിന്റെ സുവിശേഷത്തിൽ നിന്നാണെന്ന വാദമായിരുന്നു വിവാദത്തിനു പിന്നിൽ. ഇന്ന് ഈ വാദം മിക്കവാറും തിരസ്കരിക്കപ്പെട്ടിരിക്കുകയാണ്. എട്ടാം ഗുഹയിൽ നിന്ന് അഞ്ചുശകലങ്ങളും ഒൻപതാം ഗുഹയിൽനിന്ന് ഏഴുശകലങ്ങളും കിട്ടി. പത്താം ഗുഹയിൽ ആകെ ഉണ്ടായിരുന്നത് ഒരു മണ്പാത്രശകലമായിരുന്നു.
പതിനൊന്നാം ഗുഹ 
യെരുശലേം ദേവാലയത്തിന്റെ നിർമ്മാണവിധികൾ രേഖപ്പെടുത്തിയിരിക്കുന്ന "ദേവാലയച്ചുരുൾ" ഈ ഗുഹയിൽ നിന്നാണ് കണ്ടുകിട്ടിയത്. ചാവുകടൽ ചുരുളുകളിൽ ഏറ്റവും വലുത് ഇതാണ്. ഇപ്പോൾ അതിന് 8.15 മീറ്റർ നീളമുണ്ട്. അതിന്റെ മൂലദൈർഘ്യം 8.75 മീറ്റർ ആയിരുന്നു എന്ന് കരുതപ്പെടുന്നു. "ദേവാലയച്ചുരുൾ", കുമ്രാനിൽ കണ്ടുകിട്ടിയ ഗ്രന്ഥശേഖരത്തിന്റെ സ്രഷ്ടാക്കളായി കണക്കാക്കപ്പെടുന്ന എസ്സേനുകൾ എന്ന യഹൂദവിഭാഗത്തിന്റെ നിയമഗ്രന്ഥം(തോറ) ആയിരുന്നുവെന്ന് യിഗാൽ യാദിൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. യാദിന്റെ സുഹൃത്തായിരുന്ന ഹാർട്ട്‌മാൻ സ്റ്റെഗേമാന്റെ അഭിപ്രായത്തിൽ, അത്തരത്തിളുള്ള പ്രാധാന്യമൊന്നും കല്പിക്കാനില്ലാത്ത ഗ്രന്ഥമാണ് ദേവാലയച്ചുരുൾ. എസ്സേനുകളുടെ അറിയപ്പെടുന്ന മറ്റു രചനകളിലൊന്നും ആ ഗ്രന്ഥം പരാമർശിക്കപ്പെടുന്നില്ല എന്നും സ്റ്റെഗേമാൻ ചൂണ്ടിക്കാട്ടി.
മെൽക്കിസദേക്കിനെ പരാമർശിക്കുന്ന, ഒരു അന്ത്യകാലപ്രതീക്ഷാശകലം (Escatological fragment), ഒരു സങ്കീർത്തനച്ചുരുൾ, ഇയോബിന്റെ പുസ്തകത്തിന്റെ തർജ്ജുമ എന്നിവയായിരുന്നു പതിനൊന്നാം ഗുഹയിൽ നിന്ന് ഇതിനുപുറമേ കണ്ടെത്തിയത്.
ചാവുകടൽശേഖരത്തിലെ ലിഖിതങ്ങളുടെയെല്ലാം പ്രസിദ്ധീകരണം ഒരുമിച്ചല്ല നടന്നത്. ഒന്നാം ഗുഹയിലെ രേഖകളെല്ലാം 1950-നും 1956-നും ഇടക്കും, എട്ടാം ഗുഹയിലേത് 1963-ലും, പതിനൊന്നാം ഗുഹയിൽ നിന്നുകിട്ടിയ സങ്കീര്ത്തനച്ചുരുൾ 1965-ലും പ്രസിദ്ധീകരിക്കപ്പെട്ടു. അവയുടെയൊക്ക് ഇംഗ്ലീഷ് പരിഭാഷകളും താമസിയാതെ പ്രസിദ്ധീകരിക്കപ്പെട്ടു.
ശേഖരത്തിലെ നാല്പതുശതമാനത്തോളം വരുന്ന നാലാം ഗുഹയിലെ രേഖകളുടെ പ്രസിദ്ധീകരണചരിത്രം വ്യത്യസ്തമാണ്. അവയുടെ പ്രസിദ്ധീകരണത്തിന്റെ ചുമതല ഏറ്റെടുത്തത് യെരുശലേമിലെ ഡോമിനിക്കൻ സംന്യസവിഭാഗത്തിൽ നിന്നുള്ള റോളൻഡ് ഡി വോക്സിന്റെ നേതൃത്വത്തിലുള്ള ഒരു രാജ്യാന്തര സംഘമാണ്. ആ സംഘം അതിന്റെ ചുമതലയിൽ പെട്ട രേഖകളുടെ ആദ്യവാല്യം 1968-ൽ പ്രസിദ്ധീകരിച്ചെങ്കിലും അവശേഷിച്ചവയുടെ പ്രസിദ്ധീകരണം അവയുടെ ഉള്ളടക്കത്തെ സംബന്ധിച്ച തർക്കങ്ങളിൽ പെട്ട് വൈകി.
അങ്ങനെ നാലാം ഗുഹയിലെ രേഖകളിൽ ഒരു വലിയ ഭാഗം വർഷങ്ങളോളം പ്രസിദ്ധീകരിക്കപ്പെടാതെയിരുന്നു. ഗോപനീയതാനിയമത്തിന്റെ സം‌രക്ഷണത്തിലിരുന്ന ചുരുളുകളുടെ മൂലം അവയുമായി ബന്ധപ്പെട്ട രാഷ്ട്രാന്ത്രരസംഘത്തിനും അവർ നിർദ്ദേശിക്കുന്ന മറ്റുള്ളവർക്കും മാത്രമേ പ്രാപ്യമായിരുന്നുള്ളു. 1971-ൽ ഡി വോക്സിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാർ ഈ രേഖകളുടെ ചിത്രങ്ങളുടെപോലും പ്രസിദ്ധീകരണം അനുവദിക്കാതെയിരുന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടായത് ബെൻ സിയോൺ വക്കോൾഡർ, രാജ്യാന്തരസംഘത്തിനുപുറത്ത് ലഭ്യമായിരുന്ന കുറിപ്പുകളുടെ അടിസ്ഥാനത്തിൽ 17 രേഖകൾ 1991-ൽ പ്രസിദ്ധീകരിച്ചതോടെയാണ്. അതേവർഷം തന്നെ, നാലാം ഗുഹയിലെ രേഖകളുടെ, ഗോപനീയതാനിയമത്തിന്റെ പരിധിയിൽ പെടാതിരുന്ന ഒരു കൂട്ടം ഛായാചിത്രങ്ങൾ കാലിഫോർണിയയിൽ സാൻ മരീനോയിലെ ഹണ്ടിൺഗ്ടൻ ഗ്രന്ഥശാലയിൽ നിന്ന് കണ്ടുകിട്ടിയതും സഹായകമായി. കുറെക്കൂടി കാലതാമസത്തിനുശേഷം ഈ ഛായാചിത്രങ്ങൾ റോബർട്ട് ഐസ്മാനും ജെയിംസ് റോബിൻസനും ചേർന്ന്, "ചാവുകടൽചുരുളുകളുടെ ഛായചിത്രപ്പതിപ്പ്" എന്നപേരിൽ പ്രസിദ്ധീകരിച്ചു. അതോടെ ഗോപനീയതാനിയമത്തിന് അവസാനമായി.
പരക്കെ ബഹുമാനിക്കപ്പെട്ടിരുന്ന ഡച്ച്-ഇസ്രായേലി പണ്ഡിതൻ എമ്മാനുവേൽ ടോവിനെ 1990-ൽ മുഖ്യസംശോധകനായി നിയമിച്ചത് പ്രസിദ്ധീകരണത്തിന് വേഗതകൂട്ടി. നാലാം ഗുഹയിലെ രേഖകളുടെ പ്രസിദ്ധീകരണം താമസിയാതെ പുനരാരംഭിച്ച്, 1995 ആയപ്പോൽ അഞ്ചുവാല്യങ്ങൾ പൂർത്തിയായി. 2007-ൽ ബാക്കിനിന്നിരുന്ന രണ്ടുവാല്യങ്ങളും കൂടി പ്രസിദ്ധീകരിച്ചുകഴിയുമ്പോൾ, യൂദയാമരുഭൂമിയിലെ കണ്ടെത്തലുകളുടെ പരമ്പരയിൽ ആകെ 39 വാല്യങ്ങളാകും.
2007 ഡിസംബറിൽ ചാവുകടൽ ചുരുൾ സംസ്ഥാപനം മൂന്നുചുരുളുകളുടെ തനിച്ഛായാചിത്രങ്ങൾ ചേർന്ന ഒരു പതിപ്പിറക്കാൻ ലണ്ടണിലെ ഒരു പ്രസിദ്ധീകരണസ്ഥാപനത്തെ നിയോഗിച്ചു. ഏശയ്യായുടെ ബൃഹദ്ചുരുൾ (1QIsa), സഭാനിയമച്ചുരുൾ (1QS), ഹബക്കൂക്ക് വ്യാഖ്യാനച്ചുരുൾ (1QpHab) എന്നിവയായിരുന്നു ആ രേഖകൾ. ഛായാചിത്രപ്പതിപ്പിന്റെ മൂന്നുപ്രതികളിൽ ഒന്ന് തെക്കൻ കൊറിയയിലെ സോളിൽ "ആദിമക്രിസ്തുമതവും ചാവുകടൽ ചുരുളുകളും" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു. രണ്ടാം പ്രതി ലണ്ടണിലെ ബ്രിട്ടീഷ് സംഗ്രഹാലയഗ്രന്ഥശാല വിലക്കുവാങ്ങി

ഈ വലിയ ഗ്രന്ഥശേഖരത്തിന്റെ ഉല്പത്തിയെ സംബന്ധിച്ച് നടന്ന ചർച്ചകളിൽ ഏറെക്കുറെ സമ്മതമായിട്ടുള്ളത് അവ, പല പുരാതനരേഖകളിലും പരാമർശിക്കപ്പെടുന്ന എസ്സീനുകൾ എന്ന യഹൂദവിഭാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഫരിസേയവിഭാഗത്തെ ചുറ്റിപ്പറ്റി കാലക്രമേണ വികസിച്ചുവന്ന റാബൈനികയഹൂദമതത്തിൽ നിന്ന് വിട്ടുപോയ ശമരിയർ, സദ്ദൂസിയർ, ആദ്യകാല ക്രിസ്ത്യാനികൾ എന്നിവരെപ്പോലെ ഒരു വിമതവിഭാഗമായിരുന്നു എസീനുകളും. ഒന്നാം നൂറ്റാണ്ടിലെ യഹൂദലേഖകന്മാരായിരുന്ന അലക്സാണ്ഡ്രിയയിലെ ഫിലോ, ഫ്ലാവിയസ് ജോസഫ് എന്നിവർ എസ്സീനുകളെ പരാമർശിക്കുന്നുണ്ട്. എസ്സീനുകളെക്കുറിച്ച് ആ ലേഖകന്മാർ നൽകുന്ന വിവരങ്ങളുമായി ചേർന്നു പോകുന്നവയാണ് ചാവുകടൽ ചുരുളുകളിൽ പ്രതിഫലിക്കുന്ന വിശ്വാസസംഹിതകൾ. മുഖ്യധാരായഹൂദമതത്തിൽ നിന്ന് മാറിക്കഴിയാൻ ആഗ്രഹിച്ച എസ്സീനുകളുടെ ഒരു വിഭാഗമായിരിക്കണം കുമ്രാനിൽ ഉണ്ടായിരുന്നത്. ഖിർബത് കുമ്രാനിലെ പര്യവേഷണത്തിൽ, മതിൽ കെട്ടി സം‌രക്ഷിക്കപ്പെട്ട താരതമ്യേന സ്വയം‌പര്യാപ്തമായ ഒരു ആവാസസ്ഥാനത്തോടൊപ്പം ബേക്കറിയും, മൺപാത്രനിർമ്മാണശാലയും, ഭോജനാലയവും, പുസ്തകനിർമ്മാണശാലയും(scriptorium) എല്ലാം കണ്ടെത്തിയിട്ടുണ്ട്.
ചുരുളുകളിൽ ഏറെയും വിശകലനത്തിനു വിധേയമാക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ ഗ്രന്ഥസമുച്ചയം എന്തായിരുന്നുവെന്ന് തീരുമാനിക്കാനായിട്ടില്ല. ചിലർ അതിനെ കുമ്രാനിലെ എസ്സീൻ സമൂഹത്തിന്റെ ഗ്രന്ഥശാല(Library) ആയി കണക്കാക്കുന്നു. ക്രി.വ.67-70-ൽ റോമൻ ഭരണാധികാരികൾ യെരുശലേം ദേവാലയം നശിപ്പിച്ചതിനെതുടർന്നു വന്ന കഷ്ടതയുടെ നാളുകളിൽ ഭാവിയിൽ ആരെങ്കിലും കണ്ടെടുക്കട്ടെ എന്നുകരുതി ഗോപ്യമായി സൂക്ഷിക്കപ്പെട്ട ഗ്രന്ഥങ്ങളാണിവ എന്നു കരുതുന്നവരും ഉണ്ട്.
ഗ്രന്ഥസമുച്ചയത്തിന്റെ സ്വഭാവം നിശ്ചയമില്ലാത്തതിനാൽ, അപ്രമാണികമെന്ന് ഇന്ന് കരുതപ്പെടുന്നവയടക്കമുള്ള ബൈബിൾ ഗ്രന്ഥങ്ങളും വിഭാഗീയരചനകളും എല്ലാം ചേർന്ന ആ ശേഖരത്തിന്റെ വിസ്മയകരമായ വൈവിദ്ധ്യത്തിന്റെ അർത്ഥമെന്തെന്നും വ്യക്തമല്ല. കുമ്രാൻ സമൂഹത്തിന്റെ സങ്കല്പത്തിലുള്ള വിശുദ്ധലിഖിതസമുച്ചയം പിന്നീട് അംഗീകരിക്കപ്പെട്ട മുഖ്യധാരായഹൂദകാനോനേക്കാൾ ഏറെ വിപുലമായിരുന്നുവെന്ന സൂചന അത് നൽകുന്നുവെന്ന് കരുതുന്ന പണ്ഡിതന്മാരുണ്ട്
പഴയനിയമത്തിലെ എസ്തേറിന്റെ പുസ്തകം ഒഴിച്ചുള്ള എല്ലാ ഗ്രന്ഥങ്ങളുടേയും ശകലങ്ങളെങ്കിലും ഉൾപ്പെടുന്ന കുമ്രാനിലെ ബൈബിൾ രേഖാസമുച്ചയവും, നേരത്തെ ലഭ്യമായിരുന്നവയെക്കാൾ ഏറെ പഴക്കമുള്ള ഒരു ബൈബിൾ പാരമ്പര്യപരിച്ഛേദം പണ്ഡിതലോകത്തിന് സമ്മാനിച്ചുവെന്ന് ഓക്സ്ഫോർഡ് പുരാവസ്തുവിജ്ഞാനസഹായി പറയുന്നു. കുമ്രാനിലെ ബൈബിൾ കയ്യെഴുത്തുപ്രതികളിൽ മിക്കവയും എബ്രായ ഭാഷയിലുള്ള, പഴയനിയമത്തിന്റെ പരക്കെ സ്വീകാര്യതകിട്ടിയ മസോറെട്ടിക്ക് പ്രതിയെ പിന്തുടരുന്നവയാണ്. എന്നാൽ നാലാമത്തെ ഗുഹയിൽ നിന്നുകിട്ടിയ പുറപ്പാടിന്റേയും ശമൂവേലിന്റേയും ഗ്രന്ഥങ്ങൾ ഭാഷയിലും ഉള്ളടക്കത്തിലും നാടകീയമായ വ്യത്യസ്തത പുലർത്തുന്നു. എബ്രായയിലെ മസോറട്ടിക്ക് പ്രതി, ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിന്റെ മൂലമായിരുന്ന ഭാഷ്യം, ശമറിയാക്കാരുടെ പഞ്ചഗ്രന്ഥി എന്നിവ പിന്തുടർന്ന മൂന്നു ഗ്രന്ഥപാരമ്പര്യങ്ങളിൽ നിന്ന് വികസിച്ചുണ്ടായതാണ് പഴയനിയമത്തിന്റെ ആധുനികഭാഷ്യം എന്നായിരുന്നു അതുവരെ പരക്കെ വിശ്വസിക്കപ്പെട്ടിരുന്നത്. ഈ വിശ്വാസത്തെ പുന:പരിശോധിക്കാൻ കുമ്രാൻ കണ്ടെത്തലുകളിൽ ചിലതിലെ അമ്പരപ്പിക്കുന്ന പാഠഭേദങ്ങൾ ബൈബിൾ പണ്ഡിതലോകത്തെ പ്രേരിപ്പിച്ചു. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടവസാനത്തു നടന്ന അതിന്റെ കാനോനീകരണം വരെ പഴയനിയമത്തിന്റെ ഉള്ളടക്കം ഒട്ടും ഉറച്ചിരുന്നില്ലെന്ന് ഇന്ന് ഏറെക്കുറെ സമ്മതിക്കപ്പെട്ടിട്ടുണ്ട്.
ചുരുളുകളുടെ പ്രാധാന്യം പ്രധാനമായ പാഠനിരൂപണത്തിന്റെ (textual criticism) മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. എബ്രായ ബൈബിൾ പാഠത്തിന്റെ പഠനത്തിൽ കുമ്രാനിലെ കണ്ടെത്തലുകൾ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുവെന്ന് ഓക്സ്ഫോർഡ് ബൈബിൾ സഹായി(Oxford Companion to the Bible) പറയുന്നു. ചാവുകടൽ ചുരുളുകളുടെ കണ്ടെത്തലിനുമുൻപ്, പഴയനിയമത്തിന്റെ എബ്രായഭാഷാമൂലത്തിന്റെ ലഭ്യമായ കയ്യെഴുത്തുപ്രതികളിൽ ഏറ്റവും പഴയത് 9-ആം നൂറ്റാണ്ടിലെ മസോറട്ടിക് പാഠം (Masoretic Text) ആയിരുന്നു. ചുരുളുകളിലുൾപ്പെട്ടിരുന്ന ബൈബിൾ കയ്യെഴുത്തുപ്രതികൾ ആ കാലപ്പഴക്കത്തെ ക്രിസ്തുവർഷാരംഭത്തിനുമുൻപ് രണ്ടാം നൂറ്റാണ്ടുവരെ എത്തിച്ചു. ഈ കണ്ടുപിടുത്തത്തിനുമുൻപ്, പഴയനിയമത്തിന്റെ ലഭ്യമായതിൽ ഏറ്റവും പഴയ പകർപ്പുകൾ ഗ്രീക്ക് കയ്യെഴുത്തുപ്രതികളായ വത്തിക്കാൻ പുസ്തകവും(Codex Vaticanus) സിനായ് പുസ്തകവും(Codex Sinaiticus)ആയിരുന്നു. കുമ്രാനിൽ കണ്ടുകിട്ടിയ ബൈബിൾ കയ്യെഴുത്തുപ്രതികളിൽ ഏതാനുമെണ്ണം മാത്രമാണ് മസോറെട്ടിക് പാഠത്തിൽ നിന്ന് കാര്യമായ വ്യത്യാസം പ്രകടിപ്പിക്കുന്നത്. അത്തരം പാഠഭേദങ്ങൾ താരതമ്യപഠനത്തെ സഹായിച്ച് പഴയനിയമത്തിന്റെ പാഠനിരൂപണമേഖലയെ എളുപ്പമാക്കുന്നു. പല ചുരുളുകളിലേയും പാഠം മസോറെട്ടിക്ക് പാഠവും പഴയ ഗ്രീക്ക് പ്രതികളും ആയി ഒത്തുപോകുന്നുവെന്നത് പഴയ പാഠങ്ങളെ കൂടുതൽ ആത്മവിശ്വാസത്തോടെ സമീപിക്കാൻ കഴിയുമെന്നാക്കി.
ചാവുകടൽ ചുരുളുകളിൽ പെടുന്നവയും നേരത്തേ അറിയപ്പെടാതിരുന്നവയുമായ വിഭാഗീയരചനകൾ (Sectarian Texts) യെരുശലേമിലെ രണ്ടാം ദേവാലയകാലത്തെ യഹൂദമതവിശ്വാസത്തിന്റെ രൂപഭേദങ്ങളിലൊന്നിന്റെ സ്വഭാവത്തിലേക്ക് വിലയേറിയ വെളിച്ചം വീശുന്നു
ചാവുകടൽ ചുരുളുകളുടെയെല്ലാം പൂർണ്ണവ്യക്തതയുള്ള ചിത്രങ്ങൾ ഇതുവരെ ഇന്റെർനെറ്റിൽ ലഭ്യമായിട്ടില്ല. എന്നാൽ അവ വിലകൂടിയ മൾട്ടിമീഡിയാ വാല്യങ്ങളിൽ വാങ്ങിയോ ചില സർവകലാശാലകളുടെ ഗ്രന്ഥശാലകളിൽ നിന്നോ കാണാവുന്നതാണ്.
2007 നവംബർ 16-ലെ കമ്പ്യൂട്ടർ വാരികയിൽ കൊടുത്തിരിക്കുന്നവിവരം അനുസരിച്ച് , ലണ്ടണിലെ കിങ്ങ്‌സ് കോളജിലെ ഒരു സംഘം, ഇസ്രായേൽ പുരാവസ്തുവിഭാഗത്തെ ചുരുളുകളുടെ ഡിജിറ്റലീകരണത്തിൽ സഹായിക്കുന്നതായിരിക്കും. ഇസ്രായേലിലെ ഇന്റെർനെറ്റ് വാർത്താ ഏജൻസിയായ വൈ-നെറ്റിൽ 2008 ഓഗസ്റ്റ് 27-ന് വന്ന വാർത്ത അനുസരിച്ച്, ഈ പദ്ധതി ഇപ്പോൾ നടപ്പിലായിക്കൊണ്ടിരിക്കുകയാണ്. ചുരുളുകൾ പൊതുജനങ്ങൾക്ക് ഇന്റെർനെറ്റ് വഴി ലഭ്യമാക്കാനാണ് പദ്ധതി. ഈ പദ്ധതിയിൽ ചുരുളുകളുടെ ഇൻഫ്രാ-റെഡ് സ്കാനിങ്ങും പെടുന്നതിനാൽ സാധാരണപ്രകാശത്തിൽ വ്യക്തമാകാത്ത വിശദാംശങ്ങളും ദൃശ്യമായിരിക്കും
Thanks :wiki