Sunday, August 28, 2016

വിശുദ്ധ അഗസ്റ്റിൻ സ്‌കോഫ്‌ളർ

വിശുദ്ധ അഗസ്റ്റിൻ സ്‌കോഫ്‌ളർ

Shalom Times, 06 November 2013Written by  രഞ്ചിത്ത് ലോറൻസ് 

''യേശുവിന്‍റെ മതം പ്രഘോഷിച്ചു എന്ന ഗൗരവമായ കുറ്റം ഈ മനുഷ്യൻ ചെയ്തിരിക്കുന്നു. അത് സുവ്യക്തമായി തെളിയിക്കപ്പെട്ടതാണ്. അതിനാൽ ശിരഛേദം ചെയ്ത് പുഴയിലെറിയുവാൻ ഉത്തരവായിരിക്കുന്നു.'' വിശുദ്ധ അഗസ്റ്റിൻ സ്‌കോഫ്‌ളറിനെ മരണശിക്ഷയ്ക്കായി കൊണ്ടുവന്ന സ്ഥലത്ത് പ്രദർശിപ്പിച്ചിരുന്ന വിധിവാചകമാണിത്.

''നമ്മെ പരസ്പരം അകറ്റുന്ന മൈലുകളുടെയോ തലമുറകളുടെയോ വ്യത്യാസങ്ങൾക്ക് നമ്മെ വേർപിരിക്കാനാവില്ല... ഞാൻ നിങ്ങളിലൊരുവനാണ്, നിങ്ങളുടെ സഹോദരനാണ്.'' മരണത്തിനു തൊട്ടുമുൻപ് 'ലൊറേയിനിലെ ജനങ്ങൾക്കും ലോകം മുഴുവനുമുള്ള വിശ്വാസികൾക്കുമായി' ഫാ. അഗസ്റ്റിൻ സ്‌കോഫ്‌ളർ എഴുതിയ കത്തിലെ വാചകങ്ങളാണ്.
1822 നവംബർ 22-ന് ഫ്രാൻസിലുള്ള 'നാൻസി' രൂപതയിലെ മിറ്റൽബ്രാണിലാണ് അഗസ്റ്റിൻ സ്‌കോഫ്‌ളറിന്‍റെ ജനനം. നന്നേ ചെറുപ്പത്തിൽ തന്നെ വൈദികനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച സ്‌കോഫ്‌ളർ 'പോൺഡ് എ മോസൂണി'ലുള്ള മൈനർ സെമിനാരിയിൽ ചേർന്നു. ക്രിസ്തുവിനെപ്രതിയുളള തീക്ഷ്ണതയാൽ ജ്വലിച്ച വിശുദ്ധൻ വിഗ്രഹാരാധകർ കൂടുതലായുള്ള ദേശങ്ങളിലേക്ക് ചെന്ന് ക്രിസ്തുവിനെ പ്രഘോഷിക്കണമെന്ന ലക്ഷ്യത്തോടെ പാരീസിലെ 'ഫോറിൻ മിഷനറി സെമിനാരിയിൽ' ചേർന്ന് പഠനം തുടർന്നു. വൈദികനായി അഭിഷിക്തനായ സ്‌കോഫ്‌ളർ, മിഷനറിമാർ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ടിരുന്ന വിയറ്റ്‌നാമിലെ ടോൻകിൻ പ്രദേശത്തേക്ക് പോകുവാനാണ് ആഗ്രഹിച്ചത്.

1848 ൽ ഹോങ്ങ്‌കോങ്ങിൽ മാസങ്ങളോളം നീണ്ടുനിന്ന പരിശീലനത്തിനുശേഷം ടോൻകിനടുത്തുള്ള ലാഫു എന്ന ഇടവകയിൽ അദ്ദേഹം എത്തിച്ചേർന്നു. തന്‍റെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി തന്നെത്തന്നെ മുഴുവനായി സമർപ്പിച്ച ഫാ. സ്‌കോഫ്‌ളർ, കേവലം അഞ്ചുമാസംകൊണ്ട് കുമ്പസാരം കേൾക്കാനും നിർദേശങ്ങൾ നല്കുവാനും പര്യാപ്തമായ രീതിയിൽ  'അന്നാമൈറ്റ്' എന്ന അവിടുത്തെ പ്രാദേശിക ഭാഷ സ്വായത്തമാക്കി.

1849 ൽ സുഡോഅ എന്ന പ്രൊവിൻസിൽ അദ്ദേഹം എത്തിച്ചേർന്നു. അവിടെവച്ച് കൂടുതൽ തീക്ഷ്ണമായ സുവിശേഷപ്രഘോഷണത്തിൽ അച്ചൻ ഏർപ്പെട്ടു. സമീപ പ്രദേശങ്ങളിലേക്കു ചെന്ന് ധൈര്യപൂർവം ക്രിസ്തുവിനെ പ്രഘോഷിച്ചു. ഈ പുതിയ മതത്തെ (ക്രിസ്തുമതത്തെ) അടിച്ചമർത്തുവാനായി പ്രത്യേക പോലീസ് സംഘത്തെയും ചാരന്മാരെയും ഗവൺമെന്റ് നിയോഗിച്ചിരുന്നു. അധികം താമസിയാതെ ഫാ. അഗസ്റ്റിൻ സ്‌കോഫ്‌ളർ ആ സംഘത്തിന്‍റെ പിടിയിലായി. ബോണോ എന്ന സ്ഥലത്തുനിന്ന് അടുത്ത ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽവച്ചാണ് വിശുദ്ധൻ പിടിയിലായത്.

ക്രിസ്തുവിനെ തള്ളിപ്പറയാൻ ഫാ. അഗസ്റ്റിൻ സ്‌കോഫ്‌ളറെ അധികാരികൾ നിർബന്ധിച്ചു. ഭീഷണി ക്കും പ്രലോഭനങ്ങൾക്കും അദ്ദേഹത്തെ സ്വാധീനിക്കുവാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ അവർ അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടശേഷം അഗസ്റ്റിനെ ജയിലിൽ പല തവണ സന്ദർശിച്ച ഒരു ഉന്നത ഉദ്യോഗസ്ഥൻ, അദ്ദേഹത്തിൽ നിറഞ്ഞുനിന്ന ആനന്ദത്തെയും രക്തസാക്ഷിത്വത്തിനുവേണ്ടിയുള്ള തീവ്രമായ ദാഹത്തെയുംകുറിച്ച് അത്ഭുതത്തോടെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

1851 മെയ് ഒന്നിനാണ് ഫാ. അഗസ്റ്റിൻ സ്‌കോഫ്‌ളറിന്‍റെ വധശിക്ഷ നടപ്പിലാക്കിയത്. അന്നേദിവസം ഉച്ചയോടുകൂടി ആനകളും പട്ടാളവും അടങ്ങുന്ന വലിയൊരു സംഘത്തിന്‍റെ അകമ്പടിയോടുകൂടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്ന സ്ഥലത്തേക്ക് അദ്ദേഹം ആനയിക്കപ്പെട്ടു. വധശിക്ഷ നടപ്പാക്കിയ വ്യക്തിയുടെ കൈകൾ വിറച്ചതുമൂലം മൂന്നുതവണ വെടിവച്ചാണ് വിശുദ്ധനെ വധിച്ചത്. വിശുദ്ധ അഗസ്റ്റിൻ സ്‌കോഫ്‌ളറുടെ രക്തം പുരണ്ട വസ്ത്രങ്ങളും അവിടുത്തെ പുല്ലും മണ്ണും പോലും തിരുശേഷിപ്പായി അവിടെ കൂടിയിരുന്ന ജനങ്ങൾ എടുത്തുകൊണ്ടുപോയി. ശിരസറ്റ അദ്ദേഹത്തിന്‍റെ ശരീരം അവിടെയുള്ള ഭക്തനായ ഒരു ക്രൈസ്തവൻ വീണ്ടെടുക്കുകയും  മറ്റൊരു ഗ്രാമത്തിൽ സംസ്‌കരിക്കുകയും ചെയ്തു.
1988 ജൂൺ മാസത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു

0 അഭിപ്രായ(ങ്ങള്‍):

Post a Comment