വിശുദ്ധ യൂണിപ്പര്‍ സെറാ
saint junipero serra |
സ്പെയിനില്‍ മര്‍ജോര്‍ക്കാ പട്ടണപ്രാന്തത്തിലെ പെട്രായില്‍ 1713 നവംബര്‍ 24-ന് എളിയ കര്‍ഷക കുടുംബത്തില്‍ ജനിച്ചു. മിഗ്വേല്‍ ജോസഫ് സെറാ എന്നായിരുന്ന ജ്ഞാനസ്നാനത്തില്‍ ലഭിച്ച പേര്. 15-ാം വയസ്സെത്തിയപ്പോള്‍ സ്ഥലത്തെ ഫ്രാന്‍സിസ്ക്കന്‍ സ്ക്കൂളില്‍ ചേര്‍ന്നു പഠിച്ചു. തുടര്‍ന്ന് സെമിനാരിയില്‍ ചേര്‍ന്ന സെറാ തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി, അവിടത്തെ നൊവിഷ്യേറ്റില്‍ പ്രവേശിച്ചു. 1730-ല്‍ ഫ്രാന്‍സിസ്ക്കന്‍ സഭാംഗമായി, യൂണിപ്പര്‍ സെറാ എന്ന നാമം സ്വീകരിച്ചു. പിന്നീട് അദ്ദേഹം പൗരോഹിത്യ പഠനവും അവിടെത്തന്നെ തുടര്‍ന്നു. 1737-ല്‍ സെറാ പൗരോഹിത്യം സ്വീകരിച്ചു. പഠനത്തില്‍ സമര്‍ത്ഥനായിരുന്നതിനാല്‍ ലൂലിയന്‍ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായായിട്ടാണ് ആദ്യം നിയമിതനായത്. സ്പെയിനിലെ സമകാലീനരായ പ്രേഷിതവര്യന്മാരുടെയും വിശുദ്ധാത്മാക്കളുടെയും ജീവിതം അനുകരിച്ച് സുവിശേഷ പ്രഘോഷണത്തിനായി ഇറങ്ങിത്തിരിക്കണമെന്നത് അദ്ദേഹത്തിന്‍റെ തീവ്രമായ ആഗ്രഹമായിരുന്നു.
1749-ല്‍ സ്പെയിനിലെ ഒരു ഫ്രാന്‍സിസ്ക്കന്‍ മിഷണറി സംഘത്തില്‍ സെറാ മെക്സിക്കോയിലേയ്ക്ക് കപ്പല്‍ കയറി. മെക്സിക്കന്‍ തീരത്തെ ന്യൂ സ്പെയിനില്‍ വേരാ ക്രൂസ് എന്ന സ്ഥലത്ത് കടല്‍മാര്‍ഗ്ഗം എത്തിച്ചേര്‍ന്നു. പിന്നെ കാടും മേടും മലകളും കടന്ന് മെക്സിക്കോ നഗരഭാഗത്ത് എത്തിച്ചേര്‍ന്നു. അന്ന് കാലില്‍ പേറിയ വ്രണങ്ങള്‍ തന്‍റെ മിഷണറി തീക്ഷ്ണതയുടെ പ്രതീകമായി മരണംവരെ സെറായുടെ പാദങ്ങളില്‍ ഉണ്ടായിരുന്നുവെന്നാണ് സമകാലീനര്‍ സാക്ഷൃപ്പെടുത്തുന്നത്. വേരാ ക്രൂസിലുള്ള, സാന്‍ ഫെര്‍നാണ്ടോയുടെ ഫ്രാന്‍സിസ്ക്കന്‍ കോളെജില്‍ മിഷണറിമാര്‍ക്കുള്ള പ്രത്യേക പഠനവും പരിശീലനവും സെറാ പൂര്‍ത്തിയാക്കി. അവിടെ മെക്സിക്കന്‍ ഇന്ത്യന്‍ വംശജരുടെ ഭാഷയും സംസ്ക്കാരവും അവരുടെ ജീവിതരീതിയും സെറാ മനസ്സിലാക്കി.
ഇതിനിടെ സിയെറാ ഗോര്‍ദായിലെ മിഷനിലെ ഫ്രയര്‍ മരണമടഞ്ഞപ്പോള്‍ അവിടെ സുപ്പീരിയര്‍ സ്ഥാനത്ത് സെറാ നിയമിതനായി. ഇന്നാളിലാണ് സിയെറാ ഗോര്‍ദായിലെ മിഷനില്‍ 100 മയില്‍ അകലെയുള്ള പാമേ ഇന്ത്യന്‍ വംശജരുടെ ഇടയിലും അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തന്‍റെ പ്രായോഗിക ബുദ്ധിയില്‍ സമൂഹത്തിന് ആവശ്യമായ ദേവാലയവും ജനകീയ ഭക്തി വളര്‍ത്തുന്ന കുരിശിന്‍റെവഴിയുടെ 14 സ്റ്റേഷനുകളും മിഷന്‍ കേന്ദ്രങ്ങളില്‍ എല്ലാവരുടെയും സഹായത്തോടെ അതിവേഗം നിര്‍മ്മിക്കുന്നതില്‍ സെറായ്ക്ക് സാധിച്ചു.
പാമെ ഇന്ത്യന്‍ വംശജരുമായി ഇടപഴകുന്നതിനും അവരെ വിശ്വാസജീവിതത്തില്‍ വളര്‍ത്തുന്നതിനും മതബോധനത്തിനുമായി സെറാ അവരുടെ ഒത്തോമി ഭാഷ പഠിച്ചെടുത്തു. ഭാഷാസ്വാധീനം വളര്‍ത്തിയ അജപാലന തീക്ഷ്ണതയില്‍ പമെ ഇന്ത്യക്കാരെ വിശ്വാസജീവിതത്തില്‍ എല്ലാവിധത്തിലും മെച്ചപ്പെട്ട സമൂഹമായി വളര്‍ത്തിയെടുക്കുവാന്‍ സെറായ്ക്കു സാധിച്ചു. മാത്രമല്ല, അവരുടെ ഗ്രാമങ്ങള്‍തോറും കൃഷിയിടങ്ങള്‍ ഉണ്ടാക്കുവാനും, വളര്‍ത്തുമൃഗങ്ങളെ സൂക്ഷിക്കുവാനും ഏര്‍പ്പാടുകള്‍ ചെയ്തു, ഒപ്പം കച്ചവടവും. അങ്ങനെ വിശ്വാസ പരിശീലനത്തോടൊപ്പം സമൂഹജീവിതത്തിന്‍റെ പ്രായോഗിക പാഠങ്ങളും സെറാ ജനങ്ങള്‍ക്ക് പകര്‍ന്നുനല്കി. മിഷന്‍ സമൃദ്ധിയില്‍ വളര്‍ന്നു. തദ്ദേശവാസികളല്ലാത്ത കുടിയേറ്റക്കാരില്‍നിന്നും തന്‍റെ ജനങ്ങളെ സംരക്ഷിക്കുവാനും പിന്‍തുണയ്ക്കുവാനും സെറാ ശ്രദ്ധേയനായിരുന്നു.
സ്പാനിഷ് കൊളോനിയല്‍ ശക്തികളും അന്നാളില്‍ സിയെറാ ഗോര്‍ദായിലും സമീപപ്രദേശങ്ങളിലും തമ്പടിച്ചിരുന്നു. കൊളോനിയല്‍ ശക്തികള്‍ ഇറക്കിയ പട്ടാണത്തിന്‍റെ ക്രൂരതയില്‍നി്നും പാവങ്ങളായ തദ്ദേശ ജനതയെ സംരക്ഷിക്കുവാന്‍ സെറെ ഏറെ തത്രപ്പെട്ടു. ജനങ്ങളെ ചൂഷണംചെയ്യുന്ന പ്രക്രിയില്‍ അധിനിവേശ ശക്തികളോടു സംവദിക്കുവാനുള്ള സ്പെയിന്‍കാരനായ സറായുടെ ഉദ്യമങ്ങള്‍ പലപ്പോഴും തദ്ദേശവാസികളാല്‍ തെറ്റിദ്ധരിക്കപ്പെടുകയും സെറായെ ചിലര്‍ ജനങ്ങളുടെ വഞ്ചകനായും ചിത്രീകരിക്കാന്‍ മടികാണിച്ചില്ല. തെറ്റിദ്ധാരണകളെയും അപവാദങ്ങളെയും വകവയ്ക്കാതെയും അതില്‍ അമര്‍ന്നു പോകാതെയും ഫാദര്‍ സെറാ പതറാതെ മുന്നോട്ടു നീങ്ങി.
പണ്ഡിതനായിരുന്നെങ്കിലും സെറാ സാധാരണ ജോലിക്കാരനെപ്പോലെ കൂലിവേല ചെയ്തു ജീവിച്ചുകൊണ്ട് ദാരിദ്ര്യത്തിന്‍റെയും ജീവിത ലാളിത്യത്തിന്‍റെയും ശൈലി സ്വയം ഏറ്റെടുത്തിരുന്നു.
1758 കാലഘട്ടം മുതല്‍ മെക്സിക്കോയിലെ സാന്‍ ഫെര്‍ണാണ്ടോ കോളെജിന്‍റെ മേല്‍നോട്ടം, നോവിസുകളുടെ രൂപീകരണം, അവരുടെ ആത്മീയപിതാവ്, കുമ്പസാരക്കാരന്‍, ഭാഷാദ്ധ്യപകന്‍ എന്നിങ്ങനെ ബഹുമുഖങ്ങളായ തസ്തികകളില്‍ ഫാദര്‍ സെറാ പ്രവര്‍ത്തിക്കേണ്ടി വന്നു. മാത്രമല്ല വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍ മതബോധനത്തിനും സുവിശേഷവത്ക്കരണത്തിനുമായി തുടര്‍യാത്രചെയ്യുവാനും അദ്ദേഹം സന്നദ്ധനായിരുന്നു. പുവേബ്ലാ, ഓക്സാക്കാ, മെസ്ക്വിത്താല്‍, സീമാപാന്‍ എന്നിവ സെറായുടെ മിഷന്‍ കേന്ദ്രങ്ങളായിരുന്നു. അന്നത്തെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളില്‍ ഈശോസഭാംഗങ്ങള്‍ ഉപേക്ഷിച്ചുപോയ ബായാ കലിഫോര്‍ണിയാ മിഷനും, അതിന്‍റെ തെക്കും വടക്കുമായി 15-ലേറെ മറ്റു മിഷന്‍ കേന്ദ്രങ്ങളും ഏറ്റെടുത്തു നടത്തുവാന്‍ സെറാ നിര്‍ബന്ധിതനായി.
1769-ല്‍ തന്‍റെ കാലുകളിലെ വ്രണം വലുതായി യാത്രകള്‍ ക്ലേശകരമായപ്പോള്‍ പിന്നെ കഴുതപ്പുറത്താണ് അജപാലന ശുശ്രൂകള്‍ക്കായി മിഷന്‍ കേന്ദ്രങ്ങളില്‍ സെറാ എത്തിച്ചേര്‍ന്നത്. അങ്ങനെ 15 വര്‍ഷക്കാലം കലിഫോര്‍ണിയ മേഖലയില്‍ പ്രേഷിത ജോലികളില്‍ വ്യപൃതനാവുകയും പിന്നെയും മിഷന്‍കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. സാന്‍ ദിയേഗോ, സാന്‍ കാര്‍ളോ, മൊന്തെരി കാര്‍മേല്‍, സാന്താ മരിയ, സാന്‍ അന്തോണിയോ, സാന്‍ ഗബ്രിയേല്‍, സാന്‍ ലൂയിസ്, സാന്‍ കപിസ്ത്രാനോ, സാന്‍ ഫ്രാന്‍ചേസ്ക്കോ, സാന്‍ ബെനവെന്തൂരാ, സാന്താ ബാര്‍ബരാ എന്നിവ അതില്‍ ഏറെ ശ്രദ്ധേയങ്ങളാണ്. 1770-വരെ സാന്‍ ദിയേഗോ മിഷനില്‍ വസിച്ച സെറാ, പിന്നെ മൊന്തേരിയിലേയ്ക്ക് മാറുകയും മരണംവരെ അവിടെ പാര്‍ക്കുകയും ചെയ്തു.
1784 ആഗസ്റ്റ് 28-ന് 70-ാമത്തെ വയസ്സില്‍ ഫാദര്‍ യൂണിപ്പെര്‍ സെറാ മരണമടഞ്ഞു. സുവിശേഷ പ്രഘോഷണം ജീവിതമാക്കിയ ഈ പുണ്യാത്മാവ് മൊന്തേരിയില്‍ നിര്‍മ്മിച്ച ഇടവക ദേവാലയത്തിലാണ് അന്ത്യവിശ്രമംകൊണ്ടത്. അമേരിക്കന്‍ തദ്ദേശ വംശജരുടെ സുവിശേഷവത്ക്കരണത്തിനായി ജീവന്‍ സമര്‍പ്പിച്ച ഫ്രാന്‍സിസ്ക്കന്‍ ഫ്രയറും കലിഫോര്‍ണിയയുടെ അപ്പസ്തോലനുമാണ് യൂണിപെര്‍ സെറാ!
കൃശഗാത്രനും, കട്ടിയുള്ള ശബ്ദത്തിന്‍റെ ഉടമയുമായിരുന്നു സെറാ. ആരോഗ്യവാനായി കാണപ്പെട്ടിരുന്നെങ്കിലും മലംകൊതുകിന്‍റെ കടിയേറ്റ് വ്രണപ്പെട്ട കാലുകളും, അതില്‍നിന്നുമുണ്ടായ വേരിക്കോസ് വെയിന്‍ പോലുള്ള മറ്റുരോഗങ്ങളും അദ്ദേഹം ക്ഷമയോടെ സഹിക്കുകയും തന്‍റെ പ്രേഷിതസമര്‍പ്പണത്തിന്‍റെ പൊന്‍കുരിശുകള്‍പോലെ വഹിക്കുകയും ചെയ്തു. പ്രലോഭനങ്ങളെ അതിജീവിച്ച് എന്നും മാതൃകാ സന്ന്യാസിയായി ജീവിച്ചു. തീക്ഷ്ണമതിയും, ശുഭാപ്തി വിശ്വാസവുമുള്ള വ്യക്തിത്വമായിരുന്നു. കര്‍മ്മധീരനും ധിഷ്ണശാലിയുമായിരുന്നു. ഒപ്പം പ്രാര്‍ത്ഥയുടെയും പരിത്യാഗത്തിന്‍റെയും മനുഷ്യനും! മിഷനിലെ ആത്മീയ മക്കളോടുള്ള സ്നേഹം വിശുദ്ധവും ത്യാഗസമ്പന്നവുമായിരുന്നു. ആക്കാലഘട്ടത്തിലെ രാജഭരണത്തിന്‍റെ മേല്‍ക്കോയ്മയില്‍നിന്നും സഭയുടെ ആത്മീയ സ്വാതന്ത്ര്യത്തിനായി സെറാ എന്നും പൊരുതിയിരുന്നു. ചിലപ്പോള്‍ അദ്ദേഹം കാര്‍ക്കശ്യക്കാരനായ പോരാളിയായും നായകനുമായും കാണപ്പെട്ടു. തന്‍റെ ആത്മീയ മക്കളുടെ നന്മയ്ക്കായി നിശ്ശബ്ദമായി സഹിച്ചും സ്വയം ത്യജിച്ചു കലിഫോര്‍ണിയന്‍ മണ്ണില്‍ ക്രിസ്തു സ്നേഹത്തിന്‍റെയും സുവിശേഷസന്ദേശത്തിന്‍റെയും വിളക്കായി അദ്ദേഹം തെളിഞ്ഞുനിന്നു.
1949-ല്‍ കലിഫോര്‍ണിയ രൂപത അന്നു തുടക്കമിട്ട നാമകരണ നടപിടിക്രമങ്ങള്‍ മാനിച്ച് 1988-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ യൂണിപ്പര്‍ സെറായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തി.
ധന്യനായ സെറായുടെ നാമകരണ നടപിടിക്രമം വത്തിക്കാന്‍റെ കാര്യാലയം പഠിച്ച് 2015 ജനുവരി മാസത്തില്‍ സമര്‍പ്പിച്ച നീണ്ട പഠനപത്രികകള്‍ പാപ്പാ ഫ്രാന്‍സിസ് പരിശോധിച്ചു. പിന്നെ കര്‍ദ്ദിനാളന്മാരുടെ സംഘവും പരിശോധനകള്‍ നടത്തിയശേഷം അദ്ദേഹത്തിന്‍റെ വിശുദ്ധപദ പ്രഖ്യാപനം സംബന്ധിച്ച ഡിക്രി 2015 ജൂണില്‍ പാപ്പാ പ്രബോധിപ്പിച്ചു. “നവസുവിശേഷവത്ക്കരണ കാലഘട്ടത്തില്‍ ലോകത്തിന് മാതൃകയാക്കാവുന്ന സുവിശേഷ പ്രഘോഷകനാണ് യൂണിപ്പര്‍ സെറാ”യെന്ന് ഡിക്രിയില്‍ പാപ്പാ ഫ്രാന്‍സിസ് കുറിച്ചിട്ടു.
സെപ്തംബര്‍ 23, 2015 തന്‍റെ 10-ാമത്തെ അപ്പസ്തോലിക പര്യടനത്തിലും പ്രഥമ അമേരിക്ക സന്ദര്‍ശനത്തിലും ആയിരക്കണക്കിന് അമേരിക്കന്‍ ജനതയെ സാക്ഷിനിറുത്തിക്കൊണ്ട് വാഷിങ്ടണ്‍ അതിരൂപതിയിലെ അമലോത്ഭവനാഥയുടെ ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേ കലിഫോര്‍ണിയയുടെ അപ്പസ്തോലനായ വാഴ്ത്തപ്പെട്ട യൂണിപെര്‍ സെറായെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തി.
(William Nellikkal) http://ml.radiovaticana.va
0 അഭിപ്രായ(ങ്ങള്‍):
Post a Comment