നിത്യസഹായ മാതാവിനോടുള്ള നൊവേന
പ്രാരംഭ ഗാനം
നിത്യസഹായ നാഥേ,
പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായ് നീ
നിന്‍മക്കള്‍ ഞങ്ങള്‍ക്കായ് നീ
പ്രാര്‍ത്ഥിക്ക സ്നേഹനാഥേ!
നെടുവീര്‍പ്പും കണ്ണീരുമായ്
ആയിരമായിരങ്ങള്‍
അവിടുത്തെ തിരുമുന്‍പിലായ്
വന്നിതാ നിന്നീടുന്നു
ഇടറുന്ന ജീവിതത്താല്‍
വലയുന്നോരേഴകളെ,
നിന്‍പുത്രനീശോയിങ്കല്‍
ചേര്‍ക്കണേ പ്രാര്‍ത്ഥനയാല്‍
പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായ് നീ
നിന്‍മക്കള്‍ ഞങ്ങള്‍ക്കായ് നീ
പ്രാര്‍ത്ഥിക്ക സ്നേഹനാഥേ!
നെടുവീര്‍പ്പും കണ്ണീരുമായ്
ആയിരമായിരങ്ങള്‍
അവിടുത്തെ തിരുമുന്‍പിലായ്
വന്നിതാ നിന്നീടുന്നു
ഇടറുന്ന ജീവിതത്താല്‍
വലയുന്നോരേഴകളെ,
നിന്‍പുത്രനീശോയിങ്കല്‍
ചേര്‍ക്കണേ പ്രാര്‍ത്ഥനയാല്‍
പ്രാരംഭ പ്രാര്‍ത്ഥന
കാര്‍മ്മി: അമലമനോഹരിയും ആലംബഹീനരുടെ പ്രതീക്ഷയും അത്ഭുതപ്രവര്‍ത്തകയും സ്വര്‍ഗ്ഗീയ ദാനങ്ങളുടെ നിദാനവുമായ പരിശുദ്ധ കന്യകാ മറിയമേ, അങ്ങേ മാദ്ധ്യസ്ഥം അപേക്ഷിക്കുന്ന ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
സമൂ: നിത്യസഹായ മാതാവേ / ഞങ്ങള്‍ ഇതാ അങ്ങയില്‍ ശരണപ്പെട്ട് / അങ്ങേ സങ്കേതത്തില്‍ അഭയം പ്രാപിക്കുന്നു. / പാപികളായ ഞങ്ങളോട് കരുണയുണ്ടാകണമേ. / ഞങ്ങളുടെ കുറ്റങ്ങളും കുറവുകളും കണക്കിലെടുക്കാതെ / ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. / നിത്യസഹായ മാതാവേ, / ഞങ്ങളങ്ങയെ സ്നേഹിക്കുന്നു. / ഞങ്ങളുടെ അഭയസ്ഥാനവും പ്രതീക്ഷയും നിത്യസഹായവും / അങ്ങാകുന്നു എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. / മാതാവേ, അങ്ങേയ്ക്കും / അങ്ങേ തിരുക്കുമാരനും ഞങ്ങളുടെ കര്‍ത്താവുമായ / ഈശോയ്‌ക്കുമെതിരായി / ഇനിയൊരു പാപവും ചെയ്യാതെ / മരണപര്യന്തം വ്യാപരിക്കാമെന്നു / ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
കാര്‍മ്മി: ഏറ്റവും പരിശുദ്ധയും അമലോത്ഭവയും ദൈവത്തിന് ഏറ്റം സംപ്രീതയുമായ നിത്യസഹായമാതാവേ, ഞങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ട ദൈവാനുഗ്രഹങ്ങള്‍ അങ്ങേ പ്രാര്‍ത്ഥനാ സഹായം വഴി സമൃദ്ധമായി ലഭിക്കുവാന്‍ ഇടയാക്കണമേ.
സമൂ: പാപത്തില്‍ നിന്നും / പാപസാഹചര്യങ്ങളില്‍ നിന്നും അകന്ന് / അന്തസിനടുത്ത കടമകള്‍ നിര്‍വ്വഹിച്ച് / സത്യവും നീതിയും പാലിച്ച് / ദൈവസ്നേഹത്തില്‍ വളര്‍ന്ന് / നല്ല പ്രായത്തോളം പുണ്യജീവിതം നയിച്ച് / നന്‍മരണം പ്രാപിച്ച് സ്വര്‍ഗ്ഗഭാഗ്യം അനുഭവിക്കുന്നതിന് ഞങ്ങള്‍ക്ക് ഇടയാക്കണമേ.
കാര്‍മ്മി: നിത്യസഹായ മാതാവേ,
സമൂ: ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
സമൂഹപ്രാര്‍ത്ഥന
കാര്‍മ്മി: കാരുണ്യവാനായ ഈശോയേ, അങ്ങേ വത്സലമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കുന്നതിനും, ഞങ്ങളോരോരുത്തര്‍ക്കും നിത്യം സഹായമായിരുക്കുന്ന മാതാവിനെ വണങ്ങുന്നതിനുമായി സമ്മേളിച്ചിരിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. മാതാവു വഴിയായുള്ള ഞങ്ങളുടെ അപേക്ഷകള്‍ കൈക്കൊണ്ട് ഞങ്ങളെ രക്ഷിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: നിത്യസഹായ മാതാവേ, / ഞങ്ങളുടെ അമ്മേ, / അങ്ങേ മക്കളായ ഞങ്ങള്‍ / അങ്ങേ സന്നിധിയില്‍ അണയുന്നു. / ഭക്തിപൂര്‍വ്വം അങ്ങയെ വണങ്ങുന്നു. / ഏറ്റം ദയയുള്ള മാതാവേ, / അങ്ങയെ വിളിച്ചപേക്ഷിക്കുന്ന ഞങ്ങളെ സഹായിക്കണമേ. / ഞങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കുന്നതിനും / പാപസാഹചര്യങ്ങളില്‍ നിന്നകന്ന് / പുണ്യജീവിതം നയിക്കുന്നതിനും / നല്ല മരണം ലഭിച്ച് സ്വര്‍ഗ്ഗാനന്ദം അനുഭവിക്കുന്നതിനും / അമ്മേ, ഞങ്ങള്‍ക്കുവേണ്ടി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
കാര്‍മ്മി: അടിയുറച്ച വിശ്വാസത്തോടും ആത്മാര്‍ത്ഥമായ സ്നേഹത്തോടും അത്യന്ത ശരണത്തോടുംകൂടി നമുക്ക് നിത്യസഹായനാഥയോടപേക്ഷിക്കാം.
സമൂ: ഓ! / നിത്യസഹായ മാതാവേ, / അങ്ങേ വത്സലമക്കളായ ഞങ്ങളുടെ അപേക്ഷ / അങ്ങ് സ്വീകരിക്കണമേ. / നിരവധി ക്ളേശങ്ങളാലും / പലവിധ രോഗങ്ങളാലും / വലയുന്ന ഞങ്ങളെ അങ്ങ് കാത്തുകൊള്ളണമേ. / ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന ക്ളേശങ്ങള്‍ / സന്തോഷത്തോടെ സഹിക്കുവാനുള്ള / ശക്തി ലഭിക്കുന്നതിന് ഇടയാക്കണമേ. / രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും / ഞങ്ങള്‍ ഓരോരുത്തരേയും അങ്ങേ മാദ്ധ്യസ്ഥശക്തിയാല്‍ / കാത്തുകൊള്ളണമേ. / ഉണ്ണിഇശോയെ കാത്തു പരിപാലിച്ചതുപോലെ / അമ്മേ, ഞങ്ങള്‍ ഓരോരുത്തരേയും കാത്തു പരിപാലിക്കണമേ. / അഹങ്കാരം, അസൂയ, വഞ്ചന, വൈരാഗ്യം, ദുഷ്ടത, ചതി, പ്രതികാരം / ഇവ ഞങ്ങളില്‍ നിന്നും തുടച്ചുനീക്കണമേ. / ഞങ്ങള്‍ പരസ്പര സ്നേഹത്തിലും കൂട്ടായ്‌മയിലും / വര്‍ത്തിക്കുവാന്‍ വേണ്ട അനുഗ്രഹം / അമ്മേ, അങ്ങേ തിരുക്കുമാരനില്‍ നിന്നും ലഭിക്കുന്നതിനു / ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
അര്‍ത്ഥനകള്‍
കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും ഭക്തിയോടും വിശ്വാസത്തോടും കൂടി സകല നന്‍മസ്വരൂപിയായിരിക്കുന്ന നമ്മുടെ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കാര്‍മ്മി: ഈ നൊവേനയില്‍ സംബന്ധിക്കുന്ന ഞങ്ങളോരോരുത്തരെയും, ഞങ്ങളുടെ കുടുംബാംഗങ്ങള്‍ , സംബന്ധക്കാര്‍ , ഉപകാരികള്‍ ഇവരെയും അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. ഞങ്ങള്‍ ഓരോരുത്തരേയും സകലവിധ ആപത്തുകളില്‍ നിന്നും പൈശാചിക പ്രലോഭനങ്ങളില്‍ നിന്നും കാത്തു പരിപാലിക്കണമെന്നു കര്‍ത്താവേ ഞങ്ങള്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കാര്‍മ്മി: ലോകത്തുടനീളം യുദ്ധങ്ങള്‍ ഒഴിവായി, സമാധാനം നിലനില്‍ക്കുവാനും പഞ്ഞം, പട, വസന്ത ഇവ നീങ്ങി സ്നേഹത്തിലും കൂട്ടായ്മയിലും എല്ലാവരും വര്‍ത്തിക്കുവാനും ഇടവരുത്തണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കാര്‍മ്മി: കാരുണ്യവാനും ആശ്വാസദായകനുമായ കര്‍ത്താവേ, നിത്യസഹായമാതാവു വഴിയായി അങ്ങയോടു പ്രാര്‍ത്ഥിക്കുന്ന, ഞങ്ങള്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ സാധിച്ച് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കാര്‍മ്മി: ഞങ്ങളില്‍ നിന്നും മരണം വഴി വേര്‍പിരിഞ്ഞു പോയ എല്ലാ വിശ്വാസികള്‍ക്കും നിത്യാശ്വാസം പ്രദാനം ചെയ്യണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കാര്‍മ്മി: കൈകള്‍ കൂപ്പി നിശ്ശബ്ദരായി ഓരോരുത്തരുടെയും ആവശ്യങ്ങളും നിത്യസഹായമാതാവു വഴി നമ്മുടെ കര്‍ത്താവിനു സമര്‍പ്പിക്കാം.
(രണ്ടു മിനിറ്റ് മൗനപ്രാര്‍ത്ഥന)കൃതജ്ഞതാ സമര്‍പ്പണം
കാര്‍മ്മി: ഈ നൊവേന വഴി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന കാര്യങ്ങള്‍ സാധിച്ചു തന്ന് ഞങ്ങള്‍ ഓരോരുത്തരെയും അനുഗ്രഹിക്കുന്നതിനെയോര്‍ത്ത് കര്‍ത്താവേ, അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
സമൂ: കര്‍ത്താവേ, നിത്യസഹായമാതാവു വഴി അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
കാര്‍മ്മി: പരിശുദ്ധാത്മാവു വഴി പ്രസാദവരത്തിന്റെ നീര്‍ച്ചാലുകള്‍ ഞങ്ങളിലേയ്ക്കു പ്രവഹിച്ച് ഞങ്ങള്‍ ആദ്ധ്യാത്മികമായി നവജീവന്‍ പ്രാപിക്കുന്നതിനെയോര്‍ത്ത് കര്‍ത്താവേ അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
സമൂ: കര്‍ത്താവേ, നിത്യസഹായമാതാവു വഴി അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
കാര്‍മ്മി: രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും നിരന്തരം ഞങ്ങളെ കാത്തുപരിപാലിക്കുന്ന പരമകാരുണികനായ കര്‍ത്താവേ, അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
സമൂ: കര്‍ത്താവേ, നിത്യസഹായമാതാവു വഴി അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
കാര്‍മ്മി: ഹൃദയകാഠിന്യവും അഹങ്കാരവും മൂലം ഞങ്ങള്‍ അങ്ങേയ്ക്കെതിരായി ചെയ്യുന്ന പാപങ്ങളും നന്ദികേടുകളും ക്ഷമിച്ച് നിത്യം ഞങ്ങളെ അനുഗ്രഹിക്കുന്ന കര്‍ത്താവേ, അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
സമൂ: കര്‍ത്താവേ, നിത്യസഹായമാതാവു വഴി അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
കാര്‍മ്മി: നമുക്കു വേണ്ടി സദാ ദൈവസന്നിധിയില്‍ മാദ്ധ്യസ്ഥം അപേക്ഷിക്കുന്ന നിത്യസഹായമാതാവിന് നമുക്ക് കൃതജ്ഞത സമര്‍പ്പിക്കാം.
സമൂ: ഓ, നിത്യസഹായനാഥേ, ഞങ്ങള്‍ അങ്ങേയ്ക്ക് കൃതജ്ഞത സമര്‍പ്പിക്കുന്നു.
ഗാനം
മറിയമേ അമ്മേ, സ്വര്‍ഗ്ഗത്തില്‍ നിന്നാ
നേത്രങ്ങള്‍ കൊണ്ടു നോക്കുക
നിന്‍ പാദേ ഇതാ നിന്‍ മക്കള്‍ വന്നു
നില്‍ക്കുന്നു അമ്മേ, കാണുക
മാധുര്യമേറും നിന്‍ നേത്രങ്ങള്‍ ഹാ!
ശോകപൂര്‍ണ്ണങ്ങളാണല്ലോ
ആ നിന്റെ തിരുനേത്രങ്ങള്‍ കൊണ്ടു
നോക്കുക മക്കള്‍ ഞങ്ങളെ
നേത്രങ്ങള്‍ കൊണ്ടു നോക്കുക
നിന്‍ പാദേ ഇതാ നിന്‍ മക്കള്‍ വന്നു
നില്‍ക്കുന്നു അമ്മേ, കാണുക
മാധുര്യമേറും നിന്‍ നേത്രങ്ങള്‍ ഹാ!
ശോകപൂര്‍ണ്ണങ്ങളാണല്ലോ
ആ നിന്റെ തിരുനേത്രങ്ങള്‍ കൊണ്ടു
നോക്കുക മക്കള്‍ ഞങ്ങളെ
(വിശുദ്ധ ഗ്രന്ഥ പാരായണവും പ്രസംഗവും ഈ സമയത്തു നടത്താവുന്നതാണു്)
രോഗികള്‍ക്കു വേണ്ടി പ്രാര്‍ത്ഥന
കാര്‍മ്മി: നമുക്ക് കൈകള്‍ കൂപ്പി ഭക്തിപൂര്‍വ്വം കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം
കര്‍ത്താവേ, ശാരീരിക രോഗങ്ങളാലും മാനസിക ക്ളേശങ്ങളാലും പീഡയനുഭവിക്കുന്ന അങ്ങേ വത്സലതനയരെ അങ്ങ് തൃക്കണ്‍ പാര്‍ക്കണമേ. അങ്ങയുടെ മൗതിക ശരീരത്തിലെ അവയവങ്ങളായ ഞങ്ങളെ അങ്ങ് കാത്തുപരിപാലിക്കണമേ.
കര്‍ത്താവേ, ശാരീരിക രോഗങ്ങളാലും മാനസിക ക്ളേശങ്ങളാലും പീഡയനുഭവിക്കുന്ന അങ്ങേ വത്സലതനയരെ അങ്ങ് തൃക്കണ്‍ പാര്‍ക്കണമേ. അങ്ങയുടെ മൗതിക ശരീരത്തിലെ അവയവങ്ങളായ ഞങ്ങളെ അങ്ങ് കാത്തുപരിപാലിക്കണമേ.
സമൂ: കര്‍ത്താവേ, പാപികളെങ്കിലും അങ്ങേ മക്കളായ / ഞങ്ങളുടെ രോഗങ്ങള്‍ നീക്കി ഞങ്ങളെ ആരോഗ്യമുള്ളവരാക്കണമേ / ആരോഗ്യമുള്ളവരായി ദീര്‍ഘകാലം / അങ്ങേ കല്പന പാലിച്ച് മാതൃകാപരമായ ജീവിതം നയിച്ച് / ഭാഗ്യമരണം പ്രാപിച്ച് മോക്ഷാനന്ദ ഭാഗ്യം അനുഭവിക്കുവാന്‍ / ഞങ്ങള്‍ ഓരോരുത്തരെയും അനുഗ്രഹിക്കണമെന്ന് / ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.
മാതാവിന് പ്രകീര്‍ത്തനം
കാര്‍മ്മി: ഇവിടെ സന്നിഹിതരായിരിക്കുന്ന നമുക്കൊരുമിച്ച് ഏകസ്വരത്തില്‍ മാതാവിനെ പ്രകീര്‍ത്തിക്കുകയും അമ്മയുടെ പ്രത്യേക സംരക്ഷണയ്ക്കായി നമ്മെ അങ്ങേയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യാം.
സമൂ: നന്മനിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവ് അങ്ങയോടുകൂടെ / സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു / അങ്ങയുടെ ഉദരത്തില്‍ ഫലമായ ഈശോ / അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി / ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും / തമ്പുരാനോട് അപേക്ഷിക്കണമേ.
പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി / ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും / തമ്പുരാനോട് അപേക്ഷിക്കണമേ.
കാര്‍മ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍,
സമൂ: സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
കാര്‍മ്മി: നിത്യസഹായ മാതാവേ, ഞങ്ങള്‍ അങ്ങയില്‍ ശരണപ്പെടുന്നു. അങ്ങേ സങ്കേതത്തില്‍ ഞങ്ങള്‍ അഭയം പ്രാപിക്കുന്നു. ഞങ്ങള്‍ക്കുവേണ്ടി നിത്യം പ്രാര്‍ത്ഥിക്കണമേ.
സമൂ: ആമ്മേന്‍.
സമാപന പ്രാര്‍ത്ഥന
കാര്‍മ്മി: മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ഈശോയുടെ മാതാവാകുവാന്‍ കന്യാത്വത്തിനു ഭംഗം വരാതെ, ഭാഗ്യം ലഭിച്ച പരിശുദ്ധ മറിയമേ, അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. രക്ഷണീയ കര്‍മ്മത്തിനു പൂര്‍ണ്ണമായി സഹകരിച്ച് സഹരക്ഷക എന്ന സ്ഥാനം അലങ്കരിക്കുന്ന മാതാവേ, അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. സ്വര്‍ഗ്ഗാരോപണം ചെയ്ത് സ്വര്‍ല്ലോകറാണിയായി വാഴുന്ന അമ്മേ, ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു. നിത്യസഹായ മാതാവേ, ഞങ്ങള്‍ അങ്ങില്‍ ശരണപ്പെട്ട് അഭയം തേടുന്നു. പാപികളായ ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം വഹിച്ച് ഞങ്ങളെ സഹായിക്കണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന ആവശ്യം (...) സാധിച്ചു തന്നു ഞങ്ങളെ രക്ഷിക്കണമെന്ന് കരുണയുള്ള നിത്യസഹായ മാതാവേ, ഞങ്ങള്‍ അപേക്ഷിക്കുന്നു.
സമൂ: ആമ്മേന്‍.
0 അഭിപ്രായ(ങ്ങള്‍):
Post a Comment