Thursday, August 4, 2016

Cyrus Cylinder

Cyrus Cylinder 


സൈറസ് സിലിണ്ടർ ,Cyrus Cylinder

യേശുക്രിസ്തുവിനും അറുന്നൂറു കൊല്ലങ്ങൾക്ക് മുൻപ് കളിമണ്ണിൽ എഴുതപ്പെട്ട ഒരു പുരാതന ലിഖിതമാണ് സൈറസ് സിലിണ്ടർ . അക്കാടിയൻ ക്യൂനിഫോം ലിപിയിൽ എഴുതിയിരിക്കുന്ന ഇത് പേർഷ്യൻ ചക്രവർത്തിയായിരുന്ന മഹാനായ സൈറസിന്റെ (Cyrus II of Persia) കാലത്താണ് രേഖപ്പെടുത്തിയിരിക്കുന്നത് . 1879 ൽ പുരാവസ്തുഗവേഷകനായിരുന്ന Hormuzd Rassam ആണ് ആധുനിക ഇറാക്കിൽ നിന്നും ഈ ഫലകം വീണ്ടെടുത്തത് . ( ഇദ്ദേഹം തന്നെയാണ് പുരാതന ഗിൽഗമെഷ് ഇതിഹാസം കണ്ടെടുത്തതും ) . സൂര്യദേവനായ Marduk നെ പ്രകീർത്തിച്ച് തുടങ്ങുന്ന രചനയിൽ സൈറസിന്റെ യുദ്ധവിജയങ്ങൾ തുടർന്ന് പറയുന്നു . ഇന്നത്തെ ബൾഗേറിയ മുതൽ പാക്കിസ്ഥാൻ വരെ നീണ്ടു പരന്നു കിടന്നിരുന്ന സൈറസിന്റെ സാമ്രാജ്യത്തിൽ ഉണ്ടായിരുന്ന പേര്ഷ്യാക്കാരല്ലാത്ത വിദേശികൾക്ക് അവരുടെ സ്മാരകങ്ങളും ദേവാലയങ്ങളും പുതുക്കി പണിയുവാനുള്ള നിർദ്ദേശം ഈ ലിഖിതത്തിൽ ഉണ്ട് . ഇത് ബൈബിളിലെ എസ്രായുടെ പുസ്തകത്തിൽ (എസ്രാ 1:1–4) ആവർത്തിക്കുന്നുണ്ട് . സൈറസിന്റെ ഉത്തരവിൻ പ്രകാരം ബാബിലോണിയൻ പ്രവാസികളായിരുന്ന ജൂതർ തിരികെ ചെന്ന് ജെറുസലേം ദേവാലയം പുനർ നിർമ്മിക്കുന്നതാണ് ബൈബിളിലെ വിവരണം . മനുഷ്യാവകാശങ്ങൾ സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവുകളിൽ ഏറ്റവും പഴയത് എന്ന സ്ഥാനം ചില ഗവേഷകർ സൈറസ് ലിഖിതത്തിന് നല്കുന്നുണ്ട് . ഇറാനിയൻ രാജഭരണ കാലത്ത് നാഷണൽ സിംബൽ എന്ന പദവി സൈറസ് ലേഖനത്തിന് ഉണ്ടായിരുന്നു . ഇന്ന് ബ്രിട്ടീഷ് മ്യൂസിയത്തിൽ ആണ് ഇതിന്റെ സ്ഥാനം .
                                   ബൈബിളില്‍ നിന്നും സൈറസ് സിലിണ്ടറിനെക്കുറിച്ച് 
"ജറെമിയായിലൂടെ കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങള്‍ നിറവേറേണ്ടതിന് പേര്‍ഷ്യാ രാജാവായ സൈറസിനെ അവന്റെ ഒന്നാം ഭരണവര്‍ഷം കര്‍ത്താവ് പ്രചോദിപ്പിക്കുകയും അവന്‍ ഒരു വിളംബരമെഴുതി രാജ്യം മുഴുവന്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു " (എസ്രാ 1 : 1 ). " രാജ്യങ്ങള്‍ കീഴടക്കുന്നതിനും രാജാക്കന്‍മാരുടെ അരപ്പട്ടകള്‍ അഴിക്കുന്നതിനും നഗരകവാടങ്ങള്‍ അടയ്ക്കപ്പെടാതെ തുറന്നിടുന്നതിനുംവേണ്ടി ആരുടെ വലത്തു കൈയ് താന്‍ ഗ്രഹിച്ചിരിക്കുന്നുവോ, തന്റെ അഭിഷിക്തനായ ആ സൈറസിനോടു കര്‍ത്താവ് അരുളിച്ചെയ്യുന്നു" (യെശയ്യ 45 : 1 )
ബൈബിളിൽ അഭിഷക്തൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന , ജൂതനല്ലാത്ത ഒരേ ഒരാളാണ് സൈറസ്
( Written By Julius Manuel )

0 അഭിപ്രായ(ങ്ങള്‍):

Post a Comment