Monday, August 15, 2016

മാതാവിന്‍റെ സ്വര്‍ഗാരോപണം,

മാതാവിന്‍റെ സ്വര്‍ഗാരോപണം,

ഡോ. വിന്‍സെന്‍റ് ചിറ്റിലപ്പിള്ളി എം.സി.ബി.എസ്.


mother mary assumption


ഭാരത കത്തോലികര്‍ക്കു ലഭിച്ച വലിയ സൌഭാഗ്യമാകുന്നു മാതാവിന്‍റെ സ്വര്‍ഗാരോപണവും, ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും ഒരു ദിവസമായി ലഭിച്ചു എന്നത്. ഇല്ലായിരുന്നുവെങ്കില്‍ മാതാവിന്‍റെ സ്വര്‍ഗാരോപണവും ഈശോമിശിഹായുടെ സ്വര്‍ഗാരോഹണം പോലെ ആഘോഷിക്കപ്പെടാതെ പോകുമായിരുന്നു. ഈശോയുടെ സ്വര്‍ഗാരോഹണം കടമുള്ള ദിവസമായിട്ടുപോലും അതവഗണിക്കപ്പെട്ടു നില്ക്കുന്നുവെങ്കില്‍ മാതാവിന്‍റെ സ്വര്‍ഗാരോപണം അവഗണിക്കപ്പെടുകയില്ല എന്ന് എങ്ങനെ ഉറപ്പിക്കും. മിശിഹായുടെ മാമ്മോദീസാനുസ്മരണമാകുന്ന ദനഹാതിരുനാളും, പരിശുദ്ധാരൂപിയുടെ പെന്തക്കുസ്താ തിരുനാളും, പരിശുദ്ധ ത്രിത്വതിരുനാളും മറ്റു തിരുനാളുകള്‍ക്കിടയില്‍ അപ്രത്യക്ഷമായി. മാതാവിന്‍റെ ജനനതിരുനാളും, അമലോത്ഭവ തിരുനാളും അവഗണിക്കപ്പെട്ടിട്ടില്ല എന്നു പറയാനാകുമോ. പക്ഷേ മാതാവിന്‍റെ സ്വര്‍ഗാരോപണം ആഘോഷിക്കാനുള്ള അവസരം നമുക്ക് ഭാരത സ്വാതന്ത്ര്യദിനത്തില്‍ ലഭിക്കുന്നു.

ഭാരത സ്വാതന്ത്ര്യദിനം ആഘോഷിക്കാതിരിക്കാന്‍ ഒരു ഇന്ത്യാക്കാരനും സാധിക്കില്ല. ഇതുപോലെ സ്വര്‍ഗാരോഹണവും, സ്വര്‍ഗാരോപണവും. ഈശോയുടെ ഉത്ഥാനമാകുന്നു മിശിഹാ ദൈവമാകുന്നു എന്നതിന്‍റെ തെളിവ്. പക്ഷേ എന്തിനുവേണ്ടിയാകുന്നു ഉത്ഥാനം എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുക സ്വര്‍ഗാരോഹണത്തിലാകുന്നു. ഒരു പരിധിവരെ സ്വര്‍ഗാരോഹണം ഇല്ലായിരുന്നുവെങ്കില്‍ ജനനവും, ജീവിതവും, സഹനവും, മരണവും, ഉത്ഥാനവും അപൂര്‍ണങ്ങളായി തീരുമായിരുന്നു. അതുപോലെ പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണമാകുന്നു അമ്മയുടെ അമലോത്ഭവവും, കന്യാത്വവും, സഹനവും, മരണവും സുപ്രധാനങ്ങളെന്ന് വെളിപ്പെടുത്തുന്നത്. ഈശോയുടെ ഉത്ഥാനത്തെ കണ്ടവരാരുമില്ല. എങ്കിലും സ്വര്‍ഗാരോഹണത്തിനു സാക്ഷികളുണ്ട്. പരിശുദ്ധ കന്യകയുടെ മരണത്തിനും, സ്വര്‍ഗാരോപണത്തിനു സാക്ഷ്യം വഹിച്ചവരുണ്ടോ? ഇതിന്‍റെ ചരിത്രപരമായ വസ്തുനിഷ്ഠതയുടെ പൊരുളുകളിലേക്കു പോകാനല്ല ഈ ചോദ്യം ചോദിക്കുക. പകരം ചരിത്രപരമല്ലായെങ്കിലും സ്വര്‍ഗാരോപണം ഒരു സത്യമാകണം എന്ന ദൈവശാസ്ത്ര ചിന്തയിലേക്കു പോകാനാകുന്നു.

പരിശുദ്ധ സ്ത്രീയുടെ മഹത്ത്വം അവള്‍ ഏറ്റവും ഉന്നതമായ ദൌത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടതിനോട് സഹകരിച്ചു എന്നതിലാകുന്നു. ദൈവത്തിന്‍റെ അമ്മയാകാന്‍ തിരഞ്ഞെടുക്കപ്പെട്ടതു കൊണ്ട് അവള്‍ അമലോത്ഭവയും കന്യകയുമായിരിക്കണമായിരുന്നു. ദൈവമാതാവായതിനാല്‍ ദൈവത്തിന്‍റെ സഹനത്തില്‍ പങ്കുകൊള്ളുക അനിവാര്യമാകുന്നു. ദൈവസഹനത്തില്‍ പങ്കുകൊണ്ടതുകൊണ്ട് സഹനത്തിന്‍റെ ഫലങ്ങളിലും പങ്കുകൊള്ളാനുള്ള അവകാശം അമ്മയ്ക്കുണ്ട്. അതോടൊപ്പം നീതിമാനായ ദൈവത്തിനു പരിശുദ്ധ അമ്മയുടെ സഹകരണത്തിനനുസൃതമായി പ്രതിഫലം നല്‍കുക യുക്തവുമാകുന്നു. അതുകൊണ്ട് പരിശുദ്ധ അമ്മയിലൂടെ ദൈവം തന്‍റെ കൃപകള്‍ വര്‍ഷിക്കാന്‍ തിരുമനസ്സായി. അങ്ങനെ പരിശുദ്ധ ത്രിത്വത്തില്‍ മിശിഹ മദ്ധ്യസ്ഥനായതുപോലെ പരിശുദ്ധ മറിയം ഈശോയുടെ മുന്പില്‍ ഏറ്റവും ശക്തിയുള്ള മദ്ധ്യ സ്ഥയായിതീര്‍ന്നു.
 
ദൈവനീതിയുടെ അവിഭാജ്യ ഘടകമാകുന്നു പാപത്തിനനുസൃതമായ ശിക്ഷയെന്നപോലെ പുണ്യത്തിനനുസൃതമായ സമ്മാനവും. എങ്കില്‍ ദൈവം ഏല്പിച്ച ഏറ്റവും ഉന്നതമായ ദൌത്യം പരിപൂര്‍ണമായും പൂര്‍ത്തീകരിച്ച പരിശുദ്ധ അമ്മയ്ക്ക് അതിനനുസൃതമായ സമ്മാനം കൊടുക്കാതിരിക്കാന്‍ ദൈവത്തിനു സാധിക്കുകയില്ല. ഞാന്‍ ആയിരിക്കുന്നിടത്ത് എന്‍റെ ശുശ്രൂഷകനുമായിരിക്കും. എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവ് ബഹുമാനിക്കും (യോഹ. 12:26). ഞാന്‍ വിജയം വരിച്ച് എന്‍റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തില്‍ ഇരിക്കുന്നതു പോലെ, വിജയം വരിക്കുന്നവനെ എന്നോടൊത്ത് എന്‍റെ സിംഹാസനത്തില്‍ ഞാന്‍ ഇരുത്തും (വെളി. 3:21). അതുകൊണ്ട് ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയോട് ഏറ്റവും കൂടുതലായി സഹകരിച്ച വ്യക്തി എന്ന നിലയില്‍ അമ്മയെ ഏറ്റവും കൂടുതലായി ബഹുമാനിക്കുക എന്നത് ദൈവത്തിന്‍റെ നീതി മാത്രമാകുന്നു.

മാര്‍ത്തോമാ നസ്രാണികളുടെ അതിപുരാതന പാരന്പര്യമാകുന്നു സ്വര്‍ഗാരോപണത്തോടനുബന്ധിച്ചുള്ള പതിനഞ്ചു നോന്പാചരണം. നഷ്ടപ്പെട്ടുപോയ ഈ വലിയ പാരന്പര്യം ഇന്ന് വീണ്ടെടുക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ദൈവം സഹനത്തിലൂടെ ലോകത്തെ രക്ഷിച്ചുവെങ്കില്‍ ഈ സഹന രക്ഷാകര പദ്ധതിയോട് ഏറ്റവുമധികം സഹകരിച്ച പരിശുദ്ധ അമ്മയെ ബഹുമാനിക്കാനും, രക്ഷാകര ഫലങ്ങള്‍ സ്വീകരിക്കാനും ഏറ്റവും സമുചിതമായ മാര്‍ഗം പ്രായശ്ചിത്തമാകുന്നു. അതുകൊണ്ട് പതിനഞ്ചു നോന്പാചരണം പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണതിരുനാളിനുള്ള നല്ല ഒരുക്കമാകുന്നു. മിശിഹാ സഹനത്തിലൂടെ ഉത്ഥാനത്തിലേക്കും, സ്വര്‍ഗാരോഹണത്തിലേക്കും പ്രവേശിച്ചു. പരിശുദ്ധ അമ്മ ആത്മീയ സഹനത്തിലൂടെ സഹരക്ഷകയായി, സ്വര്‍ഗാരോപിതയുമായി. നോന്പിലൂടെ നമുക്കും ഇതേ പാതയിലൂടെ സഞ്ചരിക്കാം, കൃപക്കുമേല്‍ കൃപ സ്വീകരിക്കുകയും ചെയ്യാം.
 
you can reach the original article  this link
 
സത്യദീപം

0 അഭിപ്രായ(ങ്ങള്‍):

Post a Comment