Thursday, August 4, 2016

യഹൂദ രക്തബന്ധമുളള ഇന്ത്യന്‍ സമുദായങ്ങള്‍

യഹൂദ രക്തബന്ധമുളള ഇന്ത്യന്‍ സമുദായങ്ങള്‍


               ഇന്‍ഡ്യയിലെ ചില സമുദായങ്ങള്‍ക്ക്‌ യഹൂദസംസ്‌കൃതിയുമായി അടുത്ത ബന്ധമുണ്ടെന്ന്‌ സമര്‍ത്ഥിക്കുകയാണ്‌ പ്രമുഖചരിത്രപണ്‌ഡിതന്‍ അബ്രഹാം ബന്‍ഹര്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, ആഫ്രിക്കയിലും, യൂറോപ്പിലും, ഏഷ്യയിലും കാണപ്പെടുന്ന മഹാശിലാ സ്‌മാരകങ്ങളുടെ ഘനശേഷിപ്പുകള്‍ – കല്ലറകള്‍, നാട്ടുകല്ലുകള്‍, നന്നങ്ങാടികള്‍, കുടക്കല്ലുകള്‍, തൊപ്പിക്കല്ലുകള്‍, വെട്ടുകല്‍ ഗുഹകള്‍ തുടങ്ങിയവ – പ്രവാസി ജൂതന്മാരുടെതാണെന്നതിന്‌ ചരിത്രപരമായ തെളിവുകള്‍ ഉണ്ട്. ഈജിപ്‌തിലെ ആസ്വാന്‍ അണക്കെട്ടിനു സമീപത്തും, അലക്‌സാണ്ഡ്രിയയിലും, വടക്കന്‍ യൂറോപ്പിലും, കോക്കേഷ്യന്‍ പര്‍വ്വതസാനുക്കളിലും, ചൈനയിലും, കൊറിയയിലും, അഫ്‌ഗാനിസ്ഥാനിലും, കാശ്‌മീര്‍ താഴ്‌വരയിലും, ബലുചിസ്ഥാനിലും, കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗ ജില്ലയിലെ ബ്രഹ്മഗിരിയിലും, കുടകിലും, കേരളത്തിലെ വയനാട്ടിലും, പാലക്കാട്ടും, തൃശ്ശൂരും, ഇടുക്കിയിലും, പത്തനംതിട്ടയിലും, തമിഴ്‌നാട്ടിലെ കോയമ്പത്തൂരും, മധുരയിലും, ദിണ്‌ഡിക്കലും, തിരുനല്‍വേലിയിലും. തിരുവണ്ണാമലയിലും, ആര്‍ക്കോട്ടും കാണപ്പെടുന്ന മഹാശിലാസ്‌മാരകങ്ങളുടെ വ്യത്യസ്‌താവശിഷ്‌ടങ്ങള്‍ പ്രവാസി ജൂതന്മാരുടെതാണെന്ന്‌, ചരിത്രകാരന്മാര്‍, ആരും തന്നെ പ്രസ്‌താവിക്കുന്നില്ല. എന്നാല്‍ ഇവ മറ്റേതെങ്കിലും ജനവിഭാഗത്തിന്റേതാണെന്ന്‌ അവര്‍ ചൂണ്ടിക്കാണിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ്‌, ചരിത്രാതീതകാലം മുതലുളള പ്രവാസിജൂതന്മാരുടെ സഞ്ചാരപഥങ്ങളിലും, അധിവാസസങ്കേതങ്ങളിലും കാണപ്പെടുന്ന കല്ലറകള്‍ക്കും മറ്റ്‌ മഹാശിലാവശിഷ്‌ടങ്ങള്‍ക്കും ജൂതന്മാരുമായുള്ള ബന്ധം അബ്രഹാം ബന്‍‌ഹര്‍ അന്വേഷിക്കുന്നത്‌.

പ്രവാസി ജൂതന്മാര്‍ ജീവിച്ചിരുന്ന കോക്കേഷ്യന്‍ പര്‍വ്വത നിരകളിലെ പ്രവേശനദ്വാരമുളള (port-hole) കല്ലറകളും തെന്നിന്ത്യയിലെ കല്ലറകളും തമ്മില്‍ വളരെയേറെ സമാനതകളുണ്ടെന്ന്‌ ലോകപ്രശസ്‌ത പുരാവസ്‌തു-ചരിത്രകാരന്മാരായ ഹെയ്‌മന്‍ഡോര്‍ഫ്‌, ഡോ. ഷെവണിക്കോവ, ഡോ. മോട്ടിമര്‍ വീലര്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും, ഈ കല്ലറകള്‍ പ്രവാസി ജൂതന്മാരുടേതാണെന്ന്‌ ഇവരാരും പ്രസ്താവിക്കുന്നില്ല. ദക്ഷിണേന്ത്യയിലെ മഹാശിലാസ്‌മാരകങ്ങള്‍ ഉല്‍ഖനനം നടത്തി പഠനറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുളള കേരള യൂണിവേഴ്‌സിറ്റിയിലെ മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. എ അയ്യപ്പന്‍, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ ഡോ. എം. ജി. എസ്‌. നാരായണന്‍, ഡോ. രാഘവവാര്യര്‍, തഞ്ചാവൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. സുബ്ബരായലു, തിരുവണ്ണാമലൈ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ശേഖര്‍, എം. ജി . യൂണിവേഴ്‌സിറ്റിയിലെ ഡോ. രാജന്‍ ഗുരുക്കള്‍ എന്നിവരാരും മഹാശിലാസ്‌മാരകങ്ങളും പ്രവാസി ജൂതന്മാരും തമ്മിലുളള ബന്ധത്തെക്കുറിച്ചു പരാമര്‍ശിക്കുന്നില്ല. ക്രിസ്‌തുവിന്‌ മുമ്പ്‌, പ്രവാസി ജൂതന്മാര്‍ ദക്ഷിണേന്ത്യയുടെ ഉള്‍ഭാഗങ്ങളിലേക്കോ, മലമ്പ്രദേശങ്ങളിലേക്കോ കുടിയേറിയതായി ഈ ചരിത്രകാരന്മാര്‍ സങ്കല്‍പ്പിക്കുന്നില്ല. അവരുടെ പരിഗണനയില്‍ ഇന്ത്യയില്‍ ജൂതന്മാര്‍ ആദ്യമായെത്തിയത്‌ കൊങ്കണത്തിലും കൊച്ചിയിലുമാണ്‌; ക്രിസ്‌തുവുനുശേഷം, ഏ.ഡി. 70 ല്‍, ജറുസലേമിലുണ്ടായ കലാപത്തിനുശേഷം, ഇന്ത്യയിലെ ജൂതന്മാരുടെ ചരിത്രം എല്ലാവരും തുടങ്ങുന്നത്‌ കൊച്ചിയില്‍ നിന്നും കൊങ്കണത്തില്‍ നിന്നുമാണ്‌.
എന്നാല്‍ ക്രിസ്തുവിനു മുന്‍പു തന്നെ ഇന്‍ഡ്യയും ഇസ്രായേലുമായി വ്യാപാരബന്ധമുണ്ടായിരുന്നു എന്ന് പല രേഖകളും സാക്ഷിക്കുന്നുണ്ട്. സോളമന്‍ രാജാവിന്റെ കാലത്ത് ഇസ്രയേലില്‍ ദേവാലയം പണിതപ്പോള്‍ ഇന്‍ഡ്യയില്‍നിന്നും തേക്ക്, ചന്ദനം, കുരങ്ങുകള്‍, മയിലുകള്‍, ആനക്കൊമ്പ് എന്നിവ എത്തിച്ചതായി ബൈബിളിലും പ്രതിപാദ്യമുണ്ട്. അതുകൊണ്ടുതന്നെ എബ്രഹാം ബന്‍‌ഹറിന്റെ നിഗമനങ്ങള്‍ എഴുതിത്തള്ളാന്‍ ആര്‍ക്കും സാധിക്കില്ല.  പ്രവാസി ജൂതന്മാരുടെ ചരിത്രം ആരംഭിക്കുന്നത്‌ ബി. സി.722 -ലെ അസിറിയന്‍ ആക്രമണത്തോടെയാണ്‌. ബി.സി. 722 – ല്‍ അസീറിയന്‍ ചക്രവര്‍ത്തി, സര്‍ഗോണ്‍ രണ്ടാമന്‍ ഇസ്രായേലില്‍ നിന്ന്‌ യഹൂദരെ ബന്ദികളാക്കി കൊണ്ടു പോയി. ഹാബോരിലും ഗോസാന്‍ നദീതീരത്തും മേദ്യയിലും അധിവസിപ്പച്ചിരുന്ന 27,290 ഓളം പേരില്‍ ആരും തന്നെ ഒരിക്കലും തിരിച്ചുവന്നിട്ടില്ല. ‘നഷ്‌ടപ്പെട്ട ദശഗോത്രങ്ങള്‍’ എന്ന്‌ യഹൂദ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുളളത്‌ ഇവരെക്കുറിച്ചാണ്‌. അസിറിയന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ കാലത്ത്‌ ഇവരില്‍ വലിയൊരു വിഭാഗം യൂറോപ്പിലേക്കും, ഏഷ്യയിലേക്കുമായി പലായനം ചെയ്യുകയും വിവിധദേശങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്‌തു. ഇവര്‍ അധിവസിച്ചിരുന്ന കേന്ദ്രങ്ങളില്‍ കണ്ടെത്തിയിട്ടുളള മഹാശിലാസ്‌മാരകങ്ങള്‍, മറ്റൊരു ജനതയും അവരുടേതാണെന്ന്‌ അവകാശപ്പെടാതിരിക്കുകകൂടി ചെയ്യുന്ന സാഹചര്യത്തില്‍, അവയെല്ലാം പ്രവാസികളായ ഇസ്രയേലികളുടേതായിരിക്കാമെന്ന്‌ ചിന്തിക്കുവാന്‍ എന്തുകൊണ്ടോ ചരിത്രകാരന്മാര്‍ ശ്രമിച്ചിട്ടില്ല. അസീറിയക്കാര്‍ ബന്ദികളാക്കി കൊണ്ടുപോയ ഇസ്രായേലികളെ ‘നഷ്‌ടപ്പെട്ട ഇസ്രായേല്‍ ഗോത്രങ്ങള്‍’ എന്ന്‌ ജോസഫ്‌ ഫ്‌ളെവിയസിനെപ്പോലുളള യഹൂദചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയപ്പോള്‍, മറ്റെല്ലാ ചരിത്രകാരന്മാരും, അവരെ നഷ്‌ടപ്പെട്ടതായി തന്നെ കണക്കാക്കി എഴുതി തളളി.
 
പത്താന്‍ – എഫ്രിഡി
       നഷ്‌ടപ്പെട്ട ദശഗോത്ര ഇസ്രായേല്യരില്‍പ്പെട്ടവര്‍, ബി.സി. 450 കാലത്ത്‌ അഫ്‌ഗാനിസ്ഥാനിലുണ്ടെന്ന്‌ ഹെറഡോട്ടസ്‌ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ ഒരു ചരിത്രകാരനും ഈ വഴിയില്‍ ചിന്തിച്ചതായി കാണുന്നില്ല. ഈ ഇസ്രായേല്‍ ജനതയെ ‘പക്താന്മാര്‍’ (Pactyans) എന്നും ‘എപിറിഡി’ (Aparytae) കളെന്നുമാണു വിളിക്കുന്നതെന്നും , അവര്‍ അധിവസിക്കുന്ന പ്രദേശം പക്തീസ (Pactycia) എന്നാണ്  അറിയപ്പെട്ടിരുന്നതെന്നും ഹെറഡോട്ടസ്‌ പറയുമ്പോള്‍ നഷ്‌ടപ്പെട്ട ദശഗോത്ര ഇസ്രായേലികളില്‍ ഒരു വിഭാഗം ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ അഫ്‌ഗാനിസ്ഥാന്‍, ബലൂചിസ്ഥാന്‍ മേഖലകളില്‍ ജീവിച്ചിരുന്നതായി മനസ്സിലാക്കാം. ഇവര്‍ അസീറിയന്‍ ബന്ധനത്തില്‍ നിന്നു രക്ഷപ്പെട്ട് അഫ്‌ഗാനിസ്ഥാനില്‍ എത്തിച്ചേര്‍ന്നവരായിരുന്നുവെന്ന്‌ തിരിച്ചറിയാന്‍ കഴിയും. അഫ്ഗാനിസ്ഥാനില്‍ നഷ്‌ടപ്പെട്ട ദശഗോത്ര ഇസ്രായേലികളെ പത്താന്‍ എന്നു വിളിച്ചിരുന്നത്‌, ദ്രാവിഡഭാഷ സംസാരിച്ചിരുന്ന ബ്രാഹൂയികളാണ്‌. ‘പത്താന്‍’ എന്ന ജാതി നാമമാണ്‌ ‘പക്താന്‍’ എന്ന്‌ ഹെറഡോട്ടസ്‌ രേഖപ്പെടുത്തിയത്‌. ‘എപ്രിഡി’ എന്നത്‌ ‘എഫ്രിഡി’എന്നതിന്റെ ഗ്രീക്ക്‌ ഉച്ചാരണമാണ്‌. ‘എഫ്രിഡി’ എന്നത്‌ ഇസ്രായേല്‍ ഗോത്രങ്ങളിലൊന്നായ എഫ്രയിമിന്റെ പത്താന്‍ ഭാഷാഭേദവുമാണ്‌. 2730 കൊല്ലം മുമ്പ്‌ അസീറിയന്‍ ചക്രവര്‍ത്തി ബന്ദികളാക്കിക്കൊണ്ടുപോയ ദശഗോത്ര ഇസ്രായേലുകളിലെ ഒരു ഗോത്രമായ എഫ്രയിമിന്റെ പിന്‍ഗാമികളാണ്‌. ബന്ധനത്തില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ അഫ്‌ഗാനിസ്ഥാനില്‍ എത്തിയതെന്നും, അവരെയാണ്‌ ഹെറഡോട്ടസ്‌ കണ്ടുമുട്ടുന്നതെന്നും അനുമാനിക്കാം. അതേ എവ്രിഡികളുടെ പിന്‍മുറക്കാരില്‍പ്പെട്ടവരാണ്‌ ഇന്ന്‌ അഫ്‌ഗാനിസ്ഥാനിലും, പാക്കിസ്ഥാനിലും, ഇന്ത്യയിലുമുളള എഫ്രിഡികള്‍. അഫ്ഗാന്‍ തീവ്രവാദി ഗ്രൂപ്പുകളിലൊന്നിന്റെ നേതാവായ മംഗള്‍ ബാഗ്‌ എഫ്രിഡിയും, പാക്കിസ്ഥാന്‍ ക്രിക്കറ്റു ക്യാപ്‌റ്റന്‍ ഷാഹീദ്‌ എഫ്രിഡിയും, ഇന്ത്യയുടെ മുന്‍ പ്രസിഡണ്ട്‌ ഡോക്‌ടര്‍ സക്കീര്‍ ഹുസൈനും നഷ്‌ടപ്പെട്ടു എന്നു പറയുന്ന ഇസ്രായേല്‍ ഗോത്രങ്ങളിലെ, ഒരു ഗോത്രമായ എഫ്രിയിമിന്റെ പിന്മുറക്കാരാണ്‌ എന്ന്‌ നാമിപ്പോള്‍ തിരിച്ചറിയുന്നു. എഫ്രിയിം ഗോത്രക്കാരെ എഫ്രിഡികളെന്നു പറയുന്നതു പോലെ രൂബേന്‍ ഗോത്രക്കാരെ റബ്ബാനികളെന്നും ലേവിഗോത്രക്കാരെ ലെവാനികളെന്നും പഷ്‌ത്തൂണ്‍ ഭാഷയില്‍ പറയുമെങ്കിലും, മൊത്തത്തില്‍, അസീറിയന്‍ ബന്ദികളായിരുന്ന ദശഗോത്ര ഇസ്രായേലികളെ പത്താന്‍മാര്‍ എന്നാണ്‌ പറയുന്നത്‌. അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്‌ദുല്‍ ഗാഫര്‍ഖാന്‍, മഹാകവി അല്ലാന മുഹമ്മദ്‌ ഇക്ബാല്‍, അലിഗഡ്‌ യൂനിവേഴ്‌സിറ്റി സ്ഥാപകന്‍ സര്‍ സയ്യിദ്‌ അഹമ്മദ്‌ ഖാന്‍, സിനിമാനടന്‍ ദിലീപ്‌ കുമാര്‍ (യൂസഫ്‌ ഖാന്‍), ഷാരുഖ്‌ ഖാന്‍ എന്നിവരെല്ലാം ദശഗോത്ര ഇസ്രായേലികളുടെ പിന്മുറക്കാരാണെന്നു പത്താന്‍ ചരിത്രം പഠിച്ചാല്‍ മനസ്സിലാകും. ഇന്ന്‌ അഫ്‌ഗാനിസ്ഥാനിലും, പാക്കിസ്ഥാനിലും മാത്രമല്ല, ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും കാണപ്പെടുന്ന പത്താന്മാര്‍ (പട്ടാണിമാര്‍)  മുസ്ലീങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ട ജൂദരാണ്.
 
മിസോകള്‍
          അസീറിയന്‍ ബന്ധനത്തില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ അഫ്‌ഗാനിസ്ഥാനിലെത്തിയ ഇസ്രായേല്യരില്‍ ഒരു വിഭാഗം, മൂസാരിഷെറിഫിലൂടെ ചൈനയിലേക്ക്‌ പ്രവേശിച്ചു, കൈഫെങ്ങില്‍ എത്തിച്ചേരുകയും അവിടെ നിന്ന് ഒരു വിഭാഗം കൊറിയയിലേക്കും പിന്നീട്‌ ജപ്പാനിലേക്കും കുടിയേറിയതായി ഐതിഹ്യങ്ങളുണ്ട്‌. കൊറിയയില്‍ കണ്ടെത്തിയിട്ടുളള 30000 ത്തോളം മഹാശിലാ സ്‌മാരകങ്ങള്‍ ഈ പ്രവാസി ജൂതന്മാരുടേതാണ്‌. കൈഫെങ്ങില്‍ നിന്ന്‌ ഒരു വിഭാഗം ഇസ്രായേലികള്‍, ഷീന്‍ലിങ്ങു വഴി കിഴക്കെ ഇന്ത്യയിലെത്തിച്ചേരുകയും മണിപ്പൂരിലും മിസോറമിലുമായി താവളമുറപ്പിക്കുകയും ചെയ്‌തു. ഇവരാണ്‌, മിസ്സോകള്‍. ഇവര്‍ ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളിലൊന്നായ മനെശ്ശെ ഗോത്രക്കാരുടെ പിന്‍മുറക്കാരും, നഷ്‌ടപ്പെട്ട ദശഗോത്രത്തില്‍പ്പെട്ടവരുമാണെന്നും, മിസ്സോറാമിലെ മുന്‍മുഖ്യമന്ത്രിയായ സോറാങ്‌ തങ്കെ പ്രസ്‌താവിക്കുന്നു. മിസ്സോകളിലൊരു ഭാഗം, ജൂതമതം സ്വീകരിച്ച് ഇസ്രായേലിലേക്ക്‌ തിരിച്ചു പോയിട്ടുമുണ്ട്‌. മിസ്സോകളുടെ ഗോത്രസ്‌മൃതികളിലും ഉത്സവപ്പാട്ടുകളിലും ബൈബിളിലെ പഴയ നിയമത്തിലെ പല സംഭവങ്ങളും നിറഞ്ഞുനില്‍ക്കുന്നത്‌ ഇവരുടെ ഇസ്രയേല്‍ രക്തബന്ധം കൊണ്ടുമാത്രമാണ്‌.
 
അഫ്‌ഗാനികള്‍
          ബി. സി. 6 നൂറ്റാണ്ടില്‍ അഫ്‌ഗാനിസ്ഥാനില്‍, നഷ്‌ടപ്പെട്ട ഇസ്രായേലി ഗോത്രങ്ങളില്‍പ്പെട്ടവര്‍ ജീവിച്ചിരുന്നപ്പോള്‍ കാബൂള്‍ നദീതടത്തില്‍ ആര്യവംശജരായ പഹ്ലവരും, സരസ്വതി (ഹെല്‍മന്ദ്‌) നദി തടത്തില്‍ ശകന്മാരും, കൂടിയാണ്‌ അഫ്‌ഗാനിസ്ഥാന്റെ മൊത്തം രാഷ്‌ട്രീയാധികാരം കൈയ്യാളിയിരുന്നത്‌. ബാമ്യാന്‍ മലനിരകളിലെ നീലക്കല്‍ ഖനികളില്‍ നിന്നു രത്‌നങ്ങള്‍ കുഴിച്ചെടുത്തും, ഗാന്ധാരത്തിലെ പുല്‍മേടുകളില്‍ ചെമ്മരിയാടുകളെ വളര്‍ത്തിയും, ഉപജീവനം കഴിച്ചിരുന്ന ഇസ്രായേലികള്‍ കാലക്രമേണ ഉത്തരമഹാപഥത്തിലെ പ്രധാനവ്യാപാരി സമൂഹമായിത്തീര്‍ന്നു. ബി.സി. 607 – ല്‍, ബാബിലോണ്‍ ചക്രവര്‍ത്തി ജറുസലേമിനെ ആക്രമിച്ചു പിടിച്ചപ്പോള്‍ അവിടെ നിന്നു രക്ഷപ്പെട്ട ഒരു വിഭാഗം യഹൂദന്മാരും കൂടി അഫ്ഗാനിസ്ഥാനിലെത്തിച്ചേര്‍ന്നതോടെ പ്രാചീന ഭാരതത്തിന്റെ വടക്കുപടിഞ്ഞാറെ ഭാഗം, ഇസ്രായേലികളുടെ ഒരു പ്രധാന താവളമായി തീര്‍ന്നു. കൃഷിയും വ്യാപാരവും കൊണ്ടു സമ്പന്നമായ കാബൂളിനെ ബി.സി. 530ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി സൈറസ്‌ ആക്രമിച്ചു പിടിച്ചു സാമ്രാജ്യത്തിലേക്ക്‌ കൂട്ടിച്ചേര്‍ത്ത കാലത്ത്‌ വലിയൊരു വിഭാഗം പഹ്ലവര്‍, സരസ്വതി (ഹെല്‍മന്ദ്‌ ) നദീതടത്തിലേക്കും, ഇസ്രായേലികള്‍ കാശ്‌മീരിലൂടെ ഗംഗാതടത്തിലേക്കും പലായനം ചെയ്‌തു. ബി.സി. 515 – ല്‍ ദാരിയുസ്‌ ചക്രവര്‍ത്തി, സരസ്വതി നദീതടം പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ ലയിപ്പിച്ചപ്പോള്‍ അഫ്‌ഗാനിസ്ഥാന്‍ പൂര്‍ണ്ണമായും പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിതീര്‍ന്നു. അതോടെ അഫ്‌ഗാനിസ്ഥാനിലെ അവശേഷിച്ച ഇസ്രായേലികള്‍ പേര്‍ഷ്യന്‍ പ്രജകളായി മാറി.
ബി.സി. 530 മുതല്‍ 330 വരെയുളള രണ്ടു നൂറ്റാണ്ടുകാലം, പേര്‍ഷ്യന്‍ സാമ്രാജ്യം ലോകശക്തിയായി നിലനിന്നപ്പോള്‍, ഭരണരരംഗത്ത്‌ ഇസ്രായേലികള്‍ക്ക്‌ കിട്ടിയ പ്രാധാന്യം (ദാനിയേല്‍, എസ്രാ, നെഹമ്യാ, സെരുബാബേല്‍, യെഹസ്‌കിയേല്‍ എന്നിവര്‍ ഭരണരംഗത്തും, എസ്‌തേര്‍ എന്ന യഹൂദ വനിത ഒരു പേര്‍ഷ്യന്‍ ചക്രവര്‍ത്തിനിയായും തിളങ്ങിയിരുന്നുവെന്നത്‌ സ്‌മരിക്കുക.) അഫാഗാനിസ്ഥാനിലും ഇന്ത്യയിലും ജീവിച്ചിരുന്ന ഇസ്രായേലികളുടെ വ്യാപാര വികസനത്തിനും സുരക്ഷിത സഞ്ചാരത്തിനും കാരണമായിട്ടുണ്ട്‌. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റേയും വിശാല ഭാരതത്തിന്റേയും അതിര്‍ത്തി നഗരമായിരുന്ന തക്ഷശില, ഇസ്രായേലികളുടെ സുപ്രധാന വാണിജ്യകേന്ദമായിരുന്നു.ക്രമേണ പെഷവാറും, കാശ്‌മീരും, സിയാല്‍കോട്ടും, പത്താന്‍കോട്ടും, യഹുദകേന്ദ്രങ്ങളായി തീര്‍ന്നു. ഇവിടങ്ങളിലെ യഹുദസാന്നിദ്ധ്യത്തിന്റെ അടയാളങ്ങളായി ഹിബ്രുവിലും അരാമ്യഭാഷയിലുമുളള ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. യഹുദപാരമ്പര്യം വിളിച്ചോതുന്ന ജീവിതരീതികളും, ഉപയോഗവസ്‌തുക്കളും, പഴയ നിയമത്തില്‍ പ്രതിപാദിക്കുന്ന 300 ലധികം സ്ഥലനാമങ്ങളും വ്യക്തിനാമങ്ങളും കാശ്‌മീരിലുണ്ടെന്നത്‌, ഇവിടങ്ങളിലെ പുരാതന ഇസ്രായേല്‍ ജനസാന്നിദ്ധ്യത്തെ വിളംബരം ചെയ്യുന്നു.
 
ഭട്ട്‌-പട്ടന്‍
           അഫാഗാനിസ്ഥാനില്‍, പത്താന്മാര്‍ എന്നറിയപ്പെട്ടിരുന്ന ദശഗോത്ര ഇസ്രയേലികള്‍, ഹിമാലയന്‍ താഴ്‌വരയിലും ഗംഗാതടത്തിലും ആര്യബ്രാഹ്മണരോടൊപ്പം സഹകരിച്ചു ജീവിച്ചിരുന്നതുകൊണ്ടും, ഇവരുടെ വെളുത്ത ആകാരപ്രകൃതികൊണ്ടും, ഹോമയാഗാദികളടക്കമുളള ആചാരരീതികളില്‍ സമാനതകളുണ്ടായിരുന്നതുകൊണ്ടും, ജാതിശ്രേണിയില്‍ ഇവരെ ബ്രാഹ്മണരായിട്ടാണ്‌, ഉത്തര ഭാരതത്തിലെ സാമാന്യ ജനം കരുതിയിരുന്നത്‌. പത്താന്മാര്‍, കാലക്രമേണ ഭട്ടന്‍, ഭട്ട്‌ , എന്നീ വിശേഷണങ്ങളുളള ബ്രാഹ്മണരായി അറിയപ്പെടാന്‍ തുടങ്ങി. വിവിധ ദേശങ്ങളിലെ ജീവിതവും, വ്യാപാരത്തിലൂടെയുളള ജനബന്ധവും കൊണ്ടുനേടിയ ഭാഷാപ്രാവീണ്യം, ഭട്ടന്മാര്‍ക്ക് അദ്ധ്യാപകവൃത്തിയിലും ഭരണാധികാരികളുടെ കണക്കെഴുത്ത്‌ ജോലിയിലും മേല്‍ക്കൈ കിട്ടുവാന്‍ കാരണമായി. വ്യാപാരി-വ്യവസായികളും അദ്ധ്യാപകരുമായിരുന്ന പത്താന്മാര്‍ അഥവാ ഭട്ടന്‍മാര്‍, കാലക്രമേണ സംസ്‌കൃതപണ്‌ഡിതരും, പുരോഹിതരുമായി തീര്‍ന്നു. അങ്ങനെ അവര്‍ ഹിന്ദു സമൂഹത്തിലെ ഒരു ബ്രാഹ്മണവിഭാഗമായി മാറി. ദശഗോത്ര ഇസ്രായേലികള്‍ (പത്താന്മാര്‍) പത്ത്‌ ദൈവങ്ങളില്‍, ദശാവതാരങ്ങളില്‍ (ദശം = പത്ത്‌; എല്‍=ദൈവം) വിശ്വസിക്കുന്ന ‘പത്തേലു’കളായിതീര്‍ന്നു. ഹിന്ദുബ്രാഹ്മണരും, ക്ഷത്രിയരുമായി തീര്‍ന്ന പത്താന്മാര്‍, കാശ്‌മീരിലും ഉത്തര്‍ഖണ്‌ഡിലും ഭട്ടുകളും നേപ്പാളില്‍ ഭട്ടറായികളും ബംഗാളില്‍ ഭട്ടാചാര്യമാരും, മദ്ധ്യഭാരതത്തില്‍ ഭട്ടന്മാരും, പശ്ചിമേന്ത്യയില്‍ പട്ടേലുകളും തമിഴ്‌ നാട്ടില്‍ പട്ടന്മാരുമായി ഹിന്ദുസമൂഹത്തില്‍ ലയിച്ചു ചേര്‍ന്നു. ജാതീയവും വിശ്വാസപരവുമായ ഈ പരിണാമം, നൂറ്റാണ്ടുകള്‍കൊണ്ടാണു സംഭവിച്ചത്‌. ഉത്തര – മദ്ധ്യഭാരതത്തില്‍ നിലനിന്നിരുന്ന വേദകാല വിശ്വാസപ്രമാണങ്ങള്‍, ആചാരരീതികള്‍, വസ്‌ത്രധാരണം എന്നിവ സ്വീകരിക്കുകയും, ശ്രീരാമനേയും, ശ്രീകൃഷ്‌ണനേയും കേന്ദ്രകഥാപാത്രങ്ങളാക്കി സംസ്‌കൃതത്തില്‍ ഇതിഹാസങ്ങള്‍ രചിക്കുകയും ചെയ്‌തുകൊണ്ട്‌, ഹിന്ദുസമൂഹത്തിന്റെ ഉന്നത ബ്രാഹ്മണശ്രേണിയില്‍ പത്താന്മാര്‍ സ്ഥാനമുറപ്പിച്ചു. ഈ പത്താന്മാര്‍ അഥവാ പട്ടന്മാര്‍ ജൂതബ്രാഹ്മണരാണ്‌.
 
പട്ടേലുകള്‍
           പശ്ചിമേഷ്യയില്‍ നിന്ന്‌ ബാബിലോണും, നിനവെയും, ഹംദാനും, ഏക്‌ബത്താനയും, ഹീറാത്തും കടന്നുവരുന്ന ഉത്തരമഹാപഥത്തിന്റെ, കാബൂള്‍ മുതല്‍ ബംഗാളിലെ താമ്രലിപ്‌തിവരെയുളള ഭാരതഖണ്‌ഡത്തിലെ സുപ്രധാന വ്യാപാരകേന്ദ്രങ്ങളായിരുന്നു തക്ഷശില, ഇന്ദ്രപ്രസ്ഥം, മഥുര, കാശി, പാടലിപുത്രം എന്നിവ. ഇവിടങ്ങളിലെ മുഖ്യവ്യാപാരികള്‍, ഹിന്ദു ബ്രാഹ്മണരായിതീര്‍ന്ന ഇസ്രായേലികളായിരുന്നു. സ്വര്‍ണ്ണാഭരണങ്ങളും, രത്‌നങ്ങളും, പട്ടുതുണികളും കമ്പിളി വസ്‌ത്രങ്ങളുമായിരുന്നു ഇവരുടെ പ്രധാനവ്യാപാരോല്‌പന്നങ്ങള്‍. ഇവര്‍ ബുലൂചിസ്ഥാന്‍ മേഖലയില്‍ നിന്നുളള സ്വര്‍ണ്ണവും, ബാമ്യാന്‍ മലനിരകളില്‍ നിന്നും, ഗുജറാത്തില്‍ നിന്നുമുളള രത്‌നങ്ങളും ശേഖരിച്ചിരുന്നു. തക്ഷശിലയ്‌ക്കും, പത്താന്‍കോട്ടിനും മദ്ധ്യേയുളള സിയാല്‍കോട്ടില്‍ ‘കോടുംബരം’ എന്ന പട്ടുവസ്‌ത്രം, മദ്രന്മാര്‍ ഉണ്ടാക്കിയിരുന്നതായി പ്രൊഫ. മോതിചന്ദ്ര ‘സാര്‍ത്ഥവാഹന്‍’എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌, മദ്രന്മാര്‍ മേദ്യയില്‍ നിന്നുവന്ന ദശഗോത്ര ഇസ്രായേലികളിലെ ഒരു വിഭാഗമായിരുന്നു. ഇവരിലൊരുകൂട്ടം തന്നെയാണ്‌ ബനാറീസില്‍ (കാശി) പട്ടുവസ്‌ത്ര നിര്‍മ്മാണം തുടങ്ങിയതെന്ന്‌ അനുമാനിക്കാം. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ കാശിയിലെ പട്ടുവസ്‌ത്ര നിര്‍മ്മാണവും വ്യാപാരവുമാണ്‌, പത്താന്മാരെ ഹിന്ദു സമൂഹത്തില്‍ ചേരുവാന്‍ നിര്‍ബന്ധിതമാക്കിയത്‌. പത്താന്മാര്‍, ദശാവതാരങ്ങളില്‍ വിശ്വസിക്കുന്ന പത്തേലുകളായി ഗംഗാതലത്തില്‍ അറിയപ്പെട്ടിരുന്നു. ഗന്ധക്‌ നദി ഗംഗയില്‍ ചേരുന്നിടത്ത്‌, ഹിമാലയ പ്രാന്തങ്ങളിലേക്കുളള വ്യാപാരം ലക്ഷ്യമാക്കി ഇവര്‍ ബീഹാറില്‍ കേന്ദ്രീകരിച്ചു. അതോടെ ഇവിടം പട്ടേല്‍പുത്രം എന്നറിയപ്പെട്ടു. അത്‌ പിന്നീട്‌ പാടലിപുത്രവും, പാറ്റ്‌നയുമായി തീര്‍ന്നു.
 
ജൂതബ്രാഹ്മണര്‍
            പാടലിപുത്രത്തില്‍ വ്യാപാരതാവളമുറപ്പിച്ച പത്തേലുകളുടെ (ജൂതബ്രഹ്മണരുടെ) നേതാവായിരുന്ന ചാണക്യന്റെ പിന്തുണയോടെ വിശാലഭാരതത്തിലെ യഹൂദവ്യാപാരികളുടെ പിന്തുണ നേടിയാണ്‌ ചന്ദ്രഗുപ്‌തന്‍ മൗര്യ സാമ്രാജ്യം സ്ഥാപിച്ച്‌ സുസ്ഥിരമായ ഒരു ഭരണ സംവിധാനം ഉണ്ടാക്കുന്നത്‌. മൗര്യസാമ്രാജ്യത്തിലെ 70000 ഗ്രാമ-നഗരമുഖ്യന്മാരുടെ ഒരു സമ്മേളനം പാടെലിപുത്രത്തില്‍ ചാണക്യന്‍ വിളിച്ചുകൂട്ടി. ഇതില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും, യഹൂദവ്യാപാരികളോ അവര്‍ നിയന്ത്രിക്കുന്നവരോ ആയിരിക്കണം. ചരക്ക്‌ നീക്കങ്ങള്‍ക്ക്‌ സുരക്ഷിതത്വവും നിയന്ത്രണമില്ലാത്ത വിപണിയും, നികുതിയിളവുകളും ആണ്‌ യഹൂദ വ്യാപാരികള്‍ ലക്ഷ്യമിട്ടിരുന്നത്‌. ചാണക്യന്റെ അര്‍ത്ഥശാസ്‌ത്രത്തില്‍ വ്യാപാരികള്‍ക്ക്‌ നല്‍കിയിരിക്കുന്ന പ്രത്യേക പരിഗണനകള്‍ ശ്രദ്ധേയമാണ്‌. ജൂത ബ്രാഹ്‌മണര്‍ക്കു ചാണക്യന്‍ നല്‍കിയ പരിഗണനകളില്‍ അസൂയ മൂത്ത ആര്യബ്രാഹ്മണര്‍, ചാണക്യനും ജൂതബ്രാഹ്മണര്‍ക്കും എതിരെ കലാപം അഴിച്ചുവിട്ടു. ചാണക്യന്റെ കാലശേഷം (ബി.സി.291 ല്‍) വലിയൊരു വിഭാഗം പട്ടേലുകള്‍ (ജൂതബ്രാഹ്മണര്‍), പശ്ചിമേന്ത്യയിലേക്കു കുടിയേറി. ജൈനമതം സ്വീകരിച്ച ചന്ദ്രഗുപ്‌തമൗര്യന്‍, ചക്രവര്‍ത്തി സ്ഥാനം വെടിഞ്ഞ്‌ , പാടലിപപുത്രത്തില്‍ നിന്ന്‌ ജൈനാചാര്യന്‍ ഭദ്രബാഹുവിനോടൊപ്പം കര്‍ണ്ണാടകത്തിലെ ശ്രാവണബള്‍ഗോളയിലേക്കു സന്യാസജീവിതത്തിനായി പോയപ്പോള്‍, കൊങ്കണസുതരുടെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗം ജൂതബ്രാഹ്മണരും കൂടി പാടലിപുത്രം വിട്ടു പശ്ചിമോത്തര കര്‍ണ്ണാടകത്തിലെത്തി അധിവാസമുറപ്പിച്ചു. ഇവരെയാണ്‌ കൊങ്കിണി ബ്രാഹ്മണര്‍ എന്നു വിളിക്കുന്നത്‌.
 
ഭട്ടതിരി
           പാലീപുത്രത്തില്‍ നിന്നുളള പത്തേലുകളേയും കൊങ്കിണി ബ്രാഹ്മണരേയും, പശ്ചിമേന്ത്യയിലേക്കും, കര്‍ണ്ണാടകത്തിലേക്കും ആകര്‍ഷിച്ചത്‌, ഇവിടെയുണ്ടായിരുന്ന യഹൂദസാന്നിദ്ധ്യമായിരുന്നു. ഈ യഹൂദന്മാര്‍, അഫ്‌ഗാനിസ്ഥാനിലെ ഗാന്ധാരത്തില്‍നിന്നും, ബലുചിസ്ഥാനിലെ സോളമന്‍ കുന്നുകളില്‍ നിന്നും, ദാരിയൂസിന്റെ (ബി.സി.515 ലെ ) ആക്രമണകാലത്ത്‌, ശക-പഹ്‌ലവരോടൊപ്പം, ഗുജറാത്ത്‌-മഹാരാഷ്‌ട്ര വഴി കര്‍ണ്ണാടകത്തില്‍ എത്തിച്ചേര്‍ന്നവരായിരുന്നു. ആര്യവംശജരായ ശക-പഹ്ലവര്‍, ഗുജറാത്തിലെ ഭൃഗുകഛത്തില്‍ താവളമടിച്ചശേഷം ദക്ഷിണേന്ത്യയിലേക്കു പ്രയാണം ചെയ്‌തപ്പോള്‍, അവതാരപുരുഷനായ പരശുരാമന്റെ നാട്ടില്‍ ‌നിന്നുവരുന്ന ‘ഭാര്‍ഗ്ഗവ ബ്രാഹ്‌മണര്‍’എന്ന വിശേഷണം കൂടി ആധിപത്യത്തിന്നൊരുപാധിയായി സ്വീകരിച്ചതായി കാണാം. ശകന്മാരെ, ഉത്തരേന്ത്യയിലും, മദ്ധേഷ്യയിലും സിതിയന്മാര്‍ (Scythians) എന്ന്‌ വിളിച്ചിരുന്നതുകൊണ്ട്‌ ശക- പഹ്ലവര്‍ അധിവസിച്ചിരുന്ന പശ്ചിമോത്തര കര്‍ണ്ണാടകം ‘സിതിയപുത്രം’ എന്ന്‌ പാലിയിലും, സംസ്‌കൃതത്തില്‍ ‘സത്യപുത്രം’ എന്നുമാണ്‌ അറിയപ്പെട്ടിരുന്നത്‌. അശോകന്റെ ബ്രഹ്മഗിരി ശിലാശാസനത്തില്‍, മൗര്യ സാമ്രാജ്യത്തിന്‌ സമീപമുളള രാജ്യങ്ങളിലൊന്നാണ്‌, സിതിയപുത്രം. (മറ്റുളളവ, ചോഡ=ചോള, പാഡ=പാണ്‌ഡ്യ, കേതലപുത്ര=കേരളം, താമ്രപര്‍നീം=ശ്രീലങ്ക നാടുകളാണ്‌.) ഗോവയുടെ തെക്കും കേരളത്തിന്റെ വടക്കും കര്‍ണ്ണാടകത്തിലെ ഹാസന്‍-ചിത്രദുര്‍ഗ്ഗ ജില്ലകളുടെ പടിഞ്ഞാറു ഭാഗത്തുമായി കിടക്കുന്ന പുരാതന തുളുനാടാണ്‌, സത്യപുത്രം. സത്യപുത്രത്തിലെ മേധാവിത്വശക്തികളായിരുന്ന ശക-പഹ്ലവര്‍, മൗര്യസാമ്രാജ്യ വികസനകാലത്ത്‌ പ്രത്യേകിച്ചും ചന്ദ്രഗുപ്‌ത മൗര്യനും അനുയായികളും കര്‍ണ്ണാടകത്തിലെത്തിച്ചേര്‍ന്ന കാലത്ത്‌ (ബി.സി. 300-ല്‍) ശകന്മാര്‍ കൊങ്കണ്‍ തീരത്തിലും പഹ്ലവര്‍, നീലഗിരി മലനിരകളിറങ്ങി തമിഴകത്തിലെ കാഞ്ചീപുരത്തിലും കേന്ദ്രീകരിച്ചു. ശകന്മാര്‍ പില്‍ക്കാലത്ത്‌  കേരളത്തില്‍ തുളുബ്രാഹ്മണരായി അറിയപ്പെട്ടപ്പോള്‍, കാഞ്ചീപുരത്ത്‌ ഭരണാധിപത്യമുറപ്പിച്ച പഹ്ലവര്‍, ബ്രഹ്മ-ക്ഷത്രിയരും, പിന്നീട്‌ പല്ലവരുമായി പ്രസിദ്ധിയാര്‍ജ്ജിച്ചു. അഫ്‌ഗാനിസ്ഥാനിലെ സരസ്വതി (ഹെല്‍മന്ദ്‌) നദിതടത്തില്‍നിന്നുളള ശക-പഹ്ലവരാണ്‌, തെന്നിന്ത്യയിലേക്കുളള ആര്യവംശജരായ ആദ്യത്തെ കുടിയേറ്റക്കാര്‍ എന്നുളളത്‌ പ്രത്യേകം സ്‌മരണീയമാണ്‌. നമ്പൂതിരി സ്‌ത്രീകളെ വിവാഹം ചെയ്‌ത പട്ടന്മാരുടെ സന്താനങ്ങളാണ്‌ ഭട്ടതിരിമാരായി തീര്‍ന്നത്‌.
 
ഗൗഡസാരസ്വതബ്രാഹ്മണര്‍
           സരസ്വതിനദീതടത്തില്‍ നിന്നു വരുന്ന ആര്യബ്രാഹ്മണരെ സാരസ്വതരെന്നും, സരസ്വതിനദിയുടെ ഉത്തരഭാഗത്തുളള ഗോര്‍ അഥവാ, ഗോഡ്‌ പ്രദേശത്ത്‌ നിന്ന്‌ വരുന്നവരെ, ഗൗഢസാരസ്വതരെന്നുമാണ്‌ വിളിക്കുന്നത്‌. ശക-പഹ്ലവരോടൊപ്പമാണ്‌, ഗൗഡ സാരസ്വതര്‍, സിതിയപുത്രത്തിലെത്തിയതെങ്കിലും വേറിട്ടൊരു ജീവിതം തന്നെയാണ്‌ അവര്‍ നയിച്ചു വന്നിരുന്നത്‌. സരസ്വതി നദി തീരത്തെ ഗോര്‍ പ്രദേശം, ഇസ്രായേല്‍ അഭയാര്‍ത്ഥികളായ ബന്യാമിന്‍ ഗോത്രക്കാരുടെ ആദ്യകാല സങ്കേതമായിരുന്നു. ബന്യാമിന്‍ ഗോത്രത്തിലെ അഫ്‌ഗാനിയുടെ പിന്മുറക്കാര്‍ ഗാന്ധാരത്തിലും, കാബൂളിലും നേടിയെടുത്ത സാമ്പത്തിക  രാഷ്‌ട്രീയ സ്വാധീനമാണ്‌, പില്‍ക്കാലത്ത്‌ ആ ഭൂപ്രദേശത്തിന്‌ അഫ്ഗാനിസ്ഥാന്‍ എന്ന പേരുതന്നെ നേടിക്കൊടുത്തത്‌. ഈ ബന്യാമിന്‍ ഗോത്രത്തില്‍പ്പെട്ടവരാണ്‌ ശക- പഹ്ലവരോടൊപ്പം സത്യപുത്രത്തിലും കൊങ്കണത്തിലും എത്തിച്ചേര്‍ന്ന ഗൗഢസാരസ്വത ബ്രാഹ്മണര്‍. ഇവരെ കൊങ്കിണി ബ്രാഹ്മണരെന്നും പറയുന്നു. സാരസ്വതരില്‍ നിന്നും, ഗൗഡസാരസ്വതരെ വേര്‍തിരിച്ചു നിര്‍ത്തിയത്‌ ഇവരുടെ യഹൂദപാരമ്പര്യം തന്നെയാണെന്ന്‌ അനുമാനിക്കാം. ഗൗഡസാരസ്വത ബ്രാഹ്മണരും മഹാരാഷ്‌ട്രയിലെ ചിത്‌പവന്‍ ബ്രാഹ്മണരും ഇസ്രായേല്‍ പാരമ്പര്യമുളളവരാണെന്നു ഡി. എന്‍. എ. ടെസ്റ്റില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.
 
കുടകര്‍
         സരസ്വതി നദി തടത്തില്‍നിന്ന്‌ കര്‍ണ്ണാടകത്തിലേക്ക്‌ കുടിയേറിയ ശക-പഹ്ലവരുടേയും ഗൗഡസാരസ്വതരുടേയും കൂട്ടത്തില്‍ ബലുചിസ്ഥാനിലെ ശലോമോന്‍ കുന്നുകളില്‍ ജീവിച്ചിരുന്ന ഒരു വിഭാഗം യഹൂദന്മാരും ഉണ്ടായിരുന്നുവെന്നും അവര്‍ ചിത്രദുര്‍ഗ്ഗയിലെ ബ്രഹ്മഗിരിയില്‍ അധിവാസമുറപ്പിച്ചെന്നും, ശലോമോന്‍ കുന്നുകളിലെപ്പോലുളള ബ്രഹ്മഗിരി കല്ലറകള്‍ കൊണ്ടു മനസ്സിലാക്കാവുന്നതാണ്‌. പുരാവസ്‌തു ഗവേഷകന്‍, ഡോ. മോട്ടിമര്‍ വീലര്‍. 1948-ല്‍ ബ്രഹ്മഗിരിയിലെ 300 ലധികം കല്ലറകള്‍ ഉത്‌ഖനനം നടത്തി, അവയ്ക്ക് ബലുചിസ്ഥാന്‍ കല്ലറകളുമായുളള സാദൃശ്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. പ്രവേശനദ്വാരമുളളതും (port-hole), കിഴക്ക്‌ – പടിഞ്ഞാറായി നിര്‍മ്മിച്ചിട്ടുളളതുമായ ബ്രഹ്മഗിരികല്ലറകളെക്കുറിച്ച്‌ ഡോ. എ അയ്യപ്പന്‍ ‘ഭാരതപ്പഴമ’ എന്ന ഗ്രന്ഥത്തില്‍ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്‌. കാലനിര്‍ണ്ണയത്തില്‍ ബലുചി കല്ലറകളാണു പ്രാചീനമെന്നും, ബ്രഹ്മഗിരികല്ലറകള്‍ നവീനമാണെന്നും ഇവ, മൗര്യസാമ്രാജ്യ സ്ഥാപന (ബി.സി.320 ) ത്തിനു മുമ്പുതന്നെ നിര്‍മ്മിക്കപ്പെട്ടവയാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. ഈ കല്ലറകള്‍, ശക-പഹ്ലവരോടൊപ്പം സതിയ പുത്രത്തിലേക്കു കുടിയേറിയ ഇസ്രായേലികളുടേതാണെന്നും വ്യാപാരാര്‍ത്ഥമാണ്‌ ദക്ഷിണമഹാപഥത്തിലെ ഒരു സുപ്രധാനവാണിജ്യകേന്ദ്രമായ ബ്രഹ്മഗിരിയില്‍ ഇവര്‍ താവളമടിച്ചിരുന്നതെന്നും അനുമാനിക്കാം. ഇവര്‍ പിന്നീട്‌ ദക്ഷിണകര്‍ണാടകത്തിലെ കുടകിലേക്ക്‌ കുടിയേറി ഇവിടെ ഒരു ബ്രഹ്മഗിരിയും സിദ്ധാപുരവും സ്ഥാപിച്ചു. ഈ ബ്രഹ്മഗിരി ജൂതന്മാരാണ്‌ ഇന്ന്‌ കുടകര്‍ എന്നറിയപ്പെടുന്നത്‌. ഇവര്‍ ആര്യദേവതകളെ ആരാധിക്കുന്ന ഹിന്ദുക്കളാണ്‌.
 
ജൈനബ്രാഹ്മണര്‍
           മൗര്യസാമ്രാജ്യത്തിന്റെ ഏറ്റവും തെക്കുഭാഗത്തെ പ്രവിശ്യയായ ഇസിലയുടെ തലസ്ഥാനമായി, ബ്രഹ്മഗിരിയെ മാറ്റിയെടുക്കുന്നതില്‍ ചാണക്യന്റെ മാത്രമല്ല ഗാന്ധാരത്തിലേയും, ബ്രഹ്മഗിരിയിലേയും യഹൂദവ്യാപാരികളുടെ സ്വാധീനമുണ്ടായിരുന്നു. ബി.സി. 300- ല്‍, സിംഹാസനം വെടിഞ്ഞു ചന്ദ്രഗുപ്‌തമൗര്യന്‍ കര്‍ണ്ണാടകത്തിലെ ശ്രാവണബള്‍ഗോളയിലേക്കു വന്നതോടുകൂടി, ബ്രഹ്മഗിരിയുടെ പ്രാധാന്യം വര്‍ദ്ധിച്ചു. രാജസേവകരുടെയും, ജൈനമതപ്രചാരകരുടേയും വ്യാപാരികളായ പത്തേലുകളുടേയും ഒരു വന്‍സമൂഹം തന്നെ കര്‍ണ്ണാടകത്തിലേക്ക്‌ പ്രവഹിച്ചു. ചന്ദ്രഗുപ്‌തന്റെ ശ്രാവണ ബള്‍ഗോളയിലെ ആശ്രമജീവിതവും, തമിഴകത്തിലേക്കുളള ജൈനമതപ്രചാരകരുടെ സഞ്ചാരവും, തമിഴകത്തില്‍ നിന്ന്‌ വ്യാപാരവസ്‌തുക്കള്‍ നേരിട്ടു ശേഖരിക്കുന്നതിന്‌ ബ്രഹ്മഗിരി വ്യാപാരികളെ പ്രേരിപ്പിച്ചു. കുരുമുളകും, സുഗന്ധവ്യജ്ഞനങ്ങളും, മുത്തും പവിഴവും, ദക്ഷിണപഥത്തിലെ വ്യാപാരികള്‍ കൊണ്ടുവന്നിരുന്നതായി ചാണക്യന്‍ അര്‍ത്ഥശാസ്‌ത്രത്തില്‍ സൂചിപ്പിക്കുന്നതില്‍ നിന്ന്‌, തമിഴക വാണിജ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്‌. മൗര്യസാമ്രാജ്യത്തിന്റെ പിന്തുണയോടെ സഞ്ചരിച്ചിരുന്ന ജൈനമതപ്രചാരകരെ, അനുഗമിച്ച് ബ്രഹ്മഗിരിയിലെ ജൂതവ്യാപാരികള്‍ തമിഴകത്തിലെ ആദ്യത്തെ ജൈനമതസങ്കേതമായ വയനാട്ടില്‍ എത്തിച്ചേര്‍ന്നു. കോയമ്പത്തൂര്‍ കേന്ദ്രമാക്കി നാടുവാണിരുന്ന ചേരന്മാരുടെ അധികാരപരിധിയില്‍ വന്നിരുന്ന വയനാട്ടിലെ ബത്തേരിയിലാണ്‌, ജൈനന്മാരും, ബ്രഹ്മഗിരിയിലെ ജൂതവ്യാപാരികളും താവളമുറപ്പിച്ചിരുന്നത്‌. ഈ വ്യാപാരികളുടെ കല്ലറകളാണ്‌, ബത്തേരി താലൂക്കിലെ എടക്കല്‍ മലയടിവാരത്തിലും, ചീങ്ങേരിയിലും പാതിരിക്കുന്നിലും കാണപ്പെടുന്നത്‌. ബ്രഹ്മഗിരി കല്ലറകള്‍പോലെ, പ്രവേശനദ്വാരമുളളതും, കിഴക്കു-പടിഞ്ഞാറായി നിര്‍മ്മിച്ചിട്ടുളളതുമായ ബത്തേരി കല്ലറകള്‍, ബ്രഹ്മഗിരിയില്‍ നിന്നെത്തിയവരുടേതാണെന്നു കൃത്യമായും അനുമാനിക്കാം. ‘മുനിയറ’കള്‍ എന്നു പറയപ്പെടുന്ന വയനാടന്‍ കല്ലറകള്‍ക്ക്‌ ബ്രഹ്മഗിരിയിലേയും, ബലൂചിസ്ഥാനിലേയും കാശ്‌മീരിലേയും, കാക്കേഷ്യന്‍ പര്‍വ്വതനിരകളിലേയും കല്ലറകളുമായി, വ്യക്തമായ സമാനതകളുളളതുകൊണ്ട്‌ ഈ കല്ലറകള്‍ പ്രവാസിജൂതന്മാരുടേതാണെന്ന്‌ നിശ്ചയിക്കാവുന്നതാണ്‌.
 
യഹൂദവ്യാപാരികള്‍        
           വയനാടന്‍ കാടുകളില്‍ നിന്ന്‌ ലഭിക്കുമായിരുന്ന കുരുമുളകും, ചന്ദനവും, മഞ്ഞളും ശേഖരിക്കുന്നതിനും, ദക്ഷിണാപഥത്തിലൂടെ വരുന്ന വ്യാപാരികള്‍ വശം, ഉത്തരേന്ത്യയിലേക്ക്‌ അയക്കുന്നതിനുമാണ്‌, ബ്രഹ്മഗിരിയില്‍ നിന്നെത്തിയ ജൂത വ്യാപാരികള്‍ വയനാട്ടില്‍ കേന്ദ്രീകരിച്ചിരുന്നത്‌. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട കുരുമുളക്‌ ലഭിക്കുന്ന ഏക സ്ഥലം വയനാടായിരുന്നു. ഇവിടെ അവര്‍ നൂറ്റാണ്ടുകളോളം അധിവസിച്ചിരുന്നതായി ഇവിടെ കണ്ടെത്തിയ നൂറുകണക്കിനു കല്ലറകള്‍ സാക്ഷ്യം വഹിക്കുന്നു. കല്ലറകള്‍ക്ക്‌ പുറമേ, വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നന്നങ്ങാടികളുടെ ശേഖരങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. കല്ലറകളുടെ സമീപം തന്നെ ചെറുതും വലുതുമായ നന്നങ്ങാടികള്‍ കണ്ടെത്തിയിട്ടുളളതുകൊണ്ട്‌ ഇവ ഒരു സമൂഹത്തിന്റേത്‌ തന്നെയാണെന്ന്‌ നിശ്ചയിക്കാവുന്നതാണ്‌. മൗര്യകാലഘട്ടത്തില്‍ ബ്രഹ്മഗിരിയില്‍ നിന്ന്‌, കുടക്‌ വഴി വയനാട്ടിലെത്തിയ ജൂതവ്യാപാരികള്‍ ഏത്‌ കാലത്ത്‌ വയനാട്‌ വിട്ടു പോയി എന്നു നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല. വയനാട്ടില്‍ നിന്ന്‌, ചേരമ്പാടി വഴി നാടുകാണിച്ചുരമിറങ്ങി, പാലക്കാട്‌ ജില്ലയിലെ കോട്ടത്തറയിലൂടെ, കല്ലടിക്കോടന്‍ മലയടിവാരത്തിലൂടെ സഞ്ചരിച്ച്‌ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നതായി, ഈ പ്രദേശങ്ങളില്‍ കണ്ടെത്തിയിട്ടുളള നാട്ടുകല്ലുകളും, കല്ലറകളും, നന്നങ്ങാടികളും സൂചിപ്പിക്കുന്നു.
പ്രാചീനതമിഴകത്തിന്റെ ഭാഗമായിരുന്ന ചേരനാട്ടില്‍ എത്തിച്ചേര്‍ന്നതോടെ, മഹാശില സംസ്‌കാരമുളള ഈ ജനവിഭാഗത്തിന് വമ്പിച്ച വികാസമുണ്ടായതായി ഇവരുടെ വിപുലമായ മഹാശിലാ സംസ്‌കാരത്തിന്റെ ഘനശേഷിപ്പുകള്‍ തെളിവു നല്‍കുന്നുണ്ട്‌. ദക്ഷിണ മഹാപഥം കടന്നുപോകുന്ന ദിശയില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക്‌ ഇവര്‍ നീങ്ങിയിരിക്കുന്നതായി കാണാം. വയനാട്ടില്‍ നിന്ന്‌, നാടുകാണിച്ചുരമിറങ്ങി, കല്ലടിക്കോടന്‍ മലയടിവാരത്തിലൂടെ, പാലക്കാടെത്തുന്ന ദക്ഷിണമഹാപഥം, കോയമ്പത്തൂരിലൂടെ കാവേരി തീരം വഴി , പഴനി മലയടിവാരത്തിലൂടെ, തിരുനെല്‍വേലിയിലെത്തി, തൂത്തുക്കുടിയിലനസാനിച്ചിരുന്നു. പാലക്കാട്‌ വെച്ചു മൂന്നു ഭാഗങ്ങളിലേക്കായി, മഹാശില സംസ്‌കാരമുളള ജനങ്ങള്‍ വേര്‍പിരിഞ്ഞു പോയതായി, അവരുടെ അധിവാസ കേന്ദ്രങ്ങളിലെ മഹാശിലാവശിഷ്‌ടങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌. പാലക്കാട്ടു നിന്ന്‌ ഒരു വിഭാഗം കോയമ്പത്തൂരിലേക്കും, പിന്നീട്‌ ഉദുമല്‍പേട്ട വഴി ദിണ്‌ഡിക്കലിലേക്കും, താണ്ടിക്കുടിയിലേക്കും, തിരുവണ്ണാമലയിലേക്കും മൈലാപ്പൂര്‍ ആര്‍ക്കോടു മേഖലയിലേക്കും സഞ്ചരിച്ചതായി കാണാം. മറ്റൊരു വിഭാഗം, പാലക്കാട്‌ ജില്ലയിലെ ആലത്തൂര്‍ (കുത്തനൂര്‍) പല്ലശ്ശന, നെല്ലിയാംപതി വഴി അതിരപ്പിളളി, മലയാറ്റൂര്‍, ഇടമലയാര്‍ ദേശങ്ങളിലൂടെ തെക്കോട്ട്‌ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചെരിവിലൂടെ നീങ്ങി. ഇവിടങ്ങളിലെല്ലാം സമാനരീതിയിലുളള കല്ലറകള്‍ കണ്ടെത്തിയിട്ടുണ്ട്‌.
ഇടുക്കിയിലെ മറയൂരിലും, കാന്തല്ലൂരിലും ചിന്നക്കനാലിലും കണ്ടെത്തിയ പ്രവേശനദ്വാരമുളള കല്ലറകളുടെ സ്രഷ്‌ടാക്കള്‍ അതിരപ്പളളി – മലയാറ്റൂര്‍ ഭാഗത്ത്‌ നിന്ന്‌ എത്തിയവരോ തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ട – പൊളളാച്ചി ഭാഗത്ത്‌ നിന്നു വന്നവരോ എന്നു നിശ്ചയിക്കാന്‍ കഴിയില്ല. ഒരേ ജനവിഭാഗമായിരുന്നതുകൊണ്ടും, സമൃദ്ധമായി ചന്ദനം കിട്ടിയിരുന്ന മറയൂരിലേക്ക്‌, സഹ്യപര്‍വ്വതത്തിന്റെ ഇരുഭാഗങ്ങളില്‍നിന്നും യഹൂദജനങ്ങള്‍ എത്തിയിരിക്കാം. ഇടുക്കി ജില്ലയില്‍ എല്ലാഭാഗത്തും മഹാശിലാ സ്‌മാരകങ്ങളായ കല്ലറകളും, നാട്ടുകല്ലുകളും, നന്നങ്ങാടികളും കണ്ടെത്തിയിട്ടുളളതുകൊണ്ട്‌ ഇക്കാലത്ത്‌ ഇവര്‍ വലിയൊരു ജനസമൂഹമായി വികസിച്ചിരുന്നുവെന്നു അനുമാനിക്കാവുന്നതാണ്‌.
ഇടുക്കിയില്‍ നിന്ന്‌ ഈ ജനസമൂഹം വീണ്ടും തെക്കോട്ട്‌ സഞ്ചരിച്ചതായി പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ മഹാശിലാ സംസ്‌കാരത്തിന്റെ അവശിഷ്‌ടങ്ങളുടെ പരിശോധനയില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. പത്തനംതിട്ടയിലെ നിലയ്‌ക്കല്‍ മുതല്‍ കൊല്ലത്തെ മങ്ങാട്ടുവഴി, തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത്‌ വരെയുളള ഒരു സഞ്ചാരപഥമാണ്‌, ഈ ജനത വെട്ടിതെളിച്ചത്‌ എന്ന്‌ ജനവാസത്തിന്റെ അടയാളങ്ങളായ കല്ലറകള്‍ സാക്ഷ്യപ്പെടുത്തുന്നു.
പാലക്കാട്‌ നിന്ന്‌ യഹൂദന്മാരില്‍ ഒരു വിഭാഗം ഭാരതപ്പുഴയുടെ തീരം വഴി പടിഞ്ഞാറ്‌ ഭാഗത്തേക്ക്‌ സഞ്ചരിച്ച് തൃശ്ശൂര്‍ ജില്ലയില്‍ എത്തിയതായാണ്‌ കാണുന്നത്‌. ഭാരതപ്പുഴ തീരത്തെ ആനക്കരയില്‍ വെട്ടുകല്‍ ഗുഹകളും, തൊപ്പിക്കല്ലുകളും, എടപ്പാളിലും, എളവന്‍ചേരിയിലും, മഞ്ഞളൂരിലും, കല്ലറകളും തവനൂരില്‍ കുടക്കല്ലുകളും നന്നങ്ങാടികളും കണ്ടെത്തിയിട്ടുണ്ട്‌. വിവിധ തരത്തിലുളള മഹാശിലാസ്‌മാരകങ്ങളുടെ ഒരു കേദാരഭൂമിയാണ്‌ തൃശ്ശൂര്‍ ജില്ല; വിശേഷിച്ചും കുന്നംകുളം. പോര്‍ക്കളം, ഇയ്യാല്‍, കട്ടകാമ്പാല്‍, ചേരമങ്ങാട്‌, അറിയനൂര്‍, ചൊവ്വന്നൂര്‍, തിരുവില്വാമല, അതിരപ്പിളളി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കല്ലറകള്‍, വെട്ടുകല്‍ ഗുഹകള്‍, കുടക്കല്ലുകള്‍, തൊപ്പിക്കല്ലുകള്‍, നാട്ടുകല്ലുകള്‍ , നന്നങ്ങാടികള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്‌. എല്ലാ തരത്തിലുമുളള മഹാശിലാ സ്‌മാരകങ്ങള്‍ എറ്റവുമധികം കണ്ടുകിട്ടിയ സ്ഥലം തൃശ്ശൂരാണ്‌. അതുകൊണ്ടുതന്നെ മഹാശിലാസംസ്‌കാരമുളള ജനങ്ങള്‍ തിങ്ങി പാര്‍ത്തിരുന്ന ഒരു പ്രദേശമായിരുന്നു തൃശ്ശൂര്‍ എന്നും അനുമാനിക്കാം. ഏറ്റവുമധികം കുടക്കല്ലുകളുളളതു കൊണ്ട്‌ തൃശ്ശൂര്‍ മേഖലയെ കുടനാട്‌ എന്നാണ്‌ മധ്യകാലഘട്ടത്തില്‍ വിളിച്ചിരുന്നത്‌. വയനാട്‌, പാലക്കാട്‌, ഇടുക്കി പ്രദേശങ്ങളിലെ ജനങ്ങള്‍, സംഘകാലത്ത്‌ തൃശ്ശൂരിനെ ലക്ഷ്യമാക്കി നീങ്ങിയിരുന്നതായി കാണാം. ഇതിന്റെ മുഖ്യകാരണം, കൊടുങ്ങല്ലൂര്‍ തുറമുഖത്തിലൂടെയുളള നാവിക വാണിജ്യമായിരിക്കണം.
 
സെന്റ്‌ തോമസ്‌ നസ്രാണികള്‍
           മഹാശിലാ സംസ്‌കാരത്തിന്റെ അന്ത്യം കുറിക്കുന്ന ഒന്നാം നൂറ്റാണ്ടുകാലത്ത്‌, തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ കടലോരവാണിജ്യ നഗരമായിരുന്നു കൊടുങ്ങല്ലൂര്‍. ചേരന്മാരുടെ ആദ്യകാല തലസ്ഥാനമായിരുന്ന കോയമ്പത്തൂരിനടുത്ത കരുവൂരും, കൊടുങ്ങല്ലൂരും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു വാണിജ്യ പാതയുണ്ടായിരുന്നു. വയനാട്ടിലെ കുരുമുളകും, നിലമ്പൂരിലെ സ്വര്‍ണ്ണവും, പടിയൂരിലെ രത്‌നങ്ങളും, മറയൂരിലെ ചന്ദനവും, ഇടുക്കിയിലെ ഏലവും, മറ്റു സുഗന്ധ വ്യഞ്ജനങ്ങളും കൊടുങ്ങല്ലൂരില്‍ എത്തിച്ചിരുന്ന യഹൂദവ്യാപാരികള്‍ മുന്‍കാലത്ത്‌ മൗര്യ സാമ്രാജ്യത്തിലൂടെ പശ്ചിമേഷ്യയിലേക്കും, സുഗന്ധവ്യഞ്ജനങ്ങളും മുത്തും പവിഴവും കച്ചവടം ചെയ്‌തിരുന്ന വ്യാപാരികളുടെ പിന്‍മുറക്കാര്‍ തന്നെയായിരിന്നു. ബി.സി. രണ്ടാം നൂറ്റാണ്ടോടുകൂടി മൗര്യ സാമ്രാജ്യം തകരുകയും, ദക്ഷിണമഹാപഥത്തിലൂടെയുളള വ്യാപാരം നിലയ്‌ക്കുകയും ചെയ്‌തതോടെ, കടല്‍ വഴിയുളള വാണിജ്യം തന്നെയായിരുന്നു ഏക ആശ്രയം. കൂടാതെ, യവനവ്യാപാരികള്‍ ദക്ഷിണേന്ത്യയിലെ നേത്രാവതി, കണ്ണൂര്‍ (നൗറ), തിണ്ടിസ്‌ (കോഴിക്കോട്‌), മുസരിസ്‌ (കൊടുങ്ങല്ലൂര്‍), ബൊക്കാറെ (പുറക്കാട്‌) തുറമുഖങ്ങളില്‍ സ്ഥിരമായി വന്നു ചേരാന്‍ തുടങ്ങിയതും, ജൂത വ്യാപാരികള്‍ക്ക്‌ പ്രചോദനം നല്‍കി. തുറമുഖങ്ങളിലെ പ്രധാന വ്യാപാരികളും മലയോരങ്ങളിലെ ചരക്കുല്‌പാദകരും ജൂതന്മാരായി മാറി. നാവിക വാണിജ്യം ചേരനാട്ടിന്റെ പ്രധാന വരുമാനസ്രോതസ്സായതോടെ വ്യാപാരികളുടെ സാമൂഹ്യപദവിയും വര്‍ദ്ധിച്ചിരിക്കണം. ദക്ഷിണ മഹാപഥത്തിലൂടെയെത്തി, വനവിഭവങ്ങള്‍ ശേഖരിച്ച് വിദേശവ്യാപാരം ചെയ്‌തിരുന്ന യഹൂദ വ്യാപാരികള്‍, ചേരനാട്ടിലെ ഒരു ജനസമൂഹമായി തന്നെ അംഗീകരിക്കപ്പെട്ടുവന്നു. ആകാരസൗഷ്‌ഠവവും ഭാഷാപ്രാവീണ്യവും കൊണ്ടു ജാതിശ്രേണിയില്‍ അവര്‍ ബ്രാഹ്മണരായിതന്നെ പരിഗണിക്കപ്പെട്ടിരുന്നു. വടക്കെ ഇന്ത്യയില്‍ പത്താന്മാരും ഭട്ടന്മാരുമായി അറിയപ്പെട്ടിരുന്ന യഹൂദ വ്യാപാരികള്‍, പട്ടന്മാരായി തമിഴകത്തില്‍ അറിയപ്പെട്ടു. ബലുചിസ്ഥാനിലേയും ബ്രഹ്മഗിരിയിലേയും മഹാശിലാ സംസ്‌കാരം ചേരനാട്ടിലും തുടര്‍ന്നു വന്നു. ഈ കല്ലറ സംസ്‌കാരമുളള പട്ടന്മാരെയാണ്‌, സെന്റ്‌ തോമസ്‌ കൊടുങ്ങല്ലൂരിലും പാലയൂരിലും വെച്ചു കണ്ടുമുട്ടുന്നതും ജ്ഞാനസ്‌നാനം നല്‍കി ക്രിസ്‌ത്യാനികളാക്കുന്നതും. അഫ്‌ഗാനിസ്ഥാനിലെപ്പോലെ, കല്ലറസംസ്‌കാരമുളള ഒരു വിഭാഗം ജനങ്ങള്‍ കൊടുങ്ങല്ലൂരിലും പരിസരങ്ങളിലും ഉണ്ടെന്നും അവര്‍ കാണാതെ പോയ ഇസ്രായേല്‍ ഗോത്രത്തിലെ ആടുകളാണെന്നും വ്യക്തമായും വടക്കെ ഇന്ത്യയില്‍ വെച്ചു തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ്‌ സെന്റ്‌ തോമസ്‌ കേരളത്തിലെത്തുന്നതും ഇവിടെ സുവിശേഷം അറിയിക്കുന്നതും.
സെന്റ്‌ തോമസ്‌; യഹൂദകേന്ദ്രങ്ങളായ, പാലയൂര്‍, കൊടുങ്ങല്ലൂര്‍, പറവൂര്‍, മലയാറ്റൂര്‍, കോക്കമംഗലം, നിരണം, നിലയ്‌ക്കല്‍, കൊല്ലം, തിരുവിതാംകോട്‌ എന്നിവിടങ്ങളില്‍ കൂടി സഞ്ചരിച്ചു ക്രൈസ്‌തവ കൂട്ടായ്‌മകള്‍ രൂപീകരിച്ചു. ഈ കൂട്ടായ്‌മകളാണ്‌ പിന്നീട്‌ ക്രിസ്‌ത്യന്‍ പളളികളായി തീര്‍ന്നത്‌. ഈ ക്രൈസ്‌തവ പളളികള്‍ക്ക് അടിത്തറയിട്ടത്‌ ശങ്കരപുരി, പകലോമറ്റം, കളളി, കാളിയാങ്കല്‍, നെടുമ്പളളി, കോയിക്കം, നെടുന്തളി, കോട്ടക്കാലി, വാഴപ്പളളി, പയ്യപ്പളളി, ഈരാളി, ഭട്ടമുക്ക്‌, തയ്യില്‍ മാങ്കി, മഠത്തിലാന്‍, ചോതിര്‍കുന്നേല്‍ തരിസ തെക്കേതില്‍, വേങ്കടത്ത്‌ തുടങ്ങിയ പുരാതനജൂതബ്രാഹ്മണ കുടുംബങ്ങളാണ്‌. ഈ കുടുംബങ്ങളുടെ ശാഖോപശാഖകളിലായി പിറന്ന അറുപത്‌ ലക്ഷം ജനങ്ങളാണ്‌ ഇന്ന്‌ സെന്റ്‌ തോമസ്‌ നസ്രാണികളെന്ന്‌ അറിയപ്പെടുന്നവര്‍.
 
കടപ്പാട്‌
സെന്റ്‌ തോമസ്‌ നസ്രാണി മാസിക.

0 അഭിപ്രായ(ങ്ങള്‍):

Post a Comment