Wednesday, July 13, 2016

കരുത്തും കരളുമുള്ള പാറ.

കരുത്തും കരളുമുള്ള പാറ.

അധികാരം നഷ്ടപ്പെട്ട് നാടുകടത്തപ്പെട്ട നെപ്പോളിയൻ ചക്രവർത്തി സെയിന്റ് ഹെലേനാ ദ്വീപിന്റെ തീരദേശത്തെ പാറക്കെട്ടിൽ ചിന്താമഗ്നനായി ഇരിക്കുകയായിരുന്നു. സമീപത്തെ ദൈവാലയത്തിൽ നിന്നും മണി മുഴങ്ങി. സന്ധ്യാ നാമം ജപിക്കാൻ അനുസ്മരിപ്പിക്കുന്ന ദൈവാലയ മണിനാദം! നെപ്പോളിയൻ ചിന്തയിൽ നിന്നുണർന്നു. അല്പനേരം നിശബ്ദനായി തലകുനിച്ചിരുന്നു.

പിന്നെ തലയുയർത്തി കൂടെയുണ്ടായിരുന്ന സുഹൃത്തിനോടു പറഞ്ഞു:എത്ര ആളുകൾ മരിക്കുന്നു; സിംഹാസനങ്ങൾ അപ്രത്യക്ഷമാകുന്നു; എന്നാൽ തിരുസഭ എന്നും നിലനില്ക്കുന്നു.കാരണം? സഭ കരുത്തും കരളുമുള്ള പാറമേൽ സ്ഥാപിതമാണ്. വേനൽ അവധിക്കാലം ചെലവഴിക്കാൻ ഹിറ്റ്‌ലറിനു വെയിൽസിനു വടക്കു ഭാഗത്ത് ഒരു വീടുണ്ടായിരുന്നു. മതപീഡനത്തിനുള്ള പദ്ധതികൾ ആലോചിച്ചു തീരുമാനിക്കാൻ തന്റെ സഹപ്രവർത്തകരുമായി അവിടെ കൂടുക പതിവായിരുന്നു. കാലം മാറി.

ഹിറ്റ്‌ലറും കൂട്ടരും പോയി. അവിടെ അവധിക്കാലം ആസ്വദിക്കാൻ വരുന്നവർക്കായി ഞായറാഴ്ച ദിവ്യബലി അർപ്പിക്കാനുള്ള പീഠമുയർന്നു. വിശ്വാസപരമായ ആചാരങ്ങൾക്കായി ഉപയോഗിക്കുന്ന വസ്തുക്കൾ പുരോഹിതൻ ആശീർവ്വദിക്കുന്ന സ്ഥലമായി തീർന്നു അവിടം. കാരണം? സഭ കരുത്തും കരളുമുള്ള പാറമേൽ സ്ഥാപിതമാണ്! സ്വേച്ഛാധിപതിയായിരുന്ന ബിസ്മാർക്ക് പ്രഷ്യയിലെ കത്തോലിക്കർക്കെതിരെ മതപീഡനം ആരംഭിച്ചു. അപ്പോൾ ജർമ്മനിയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഒരു ദിനപത്രത്തിൽ ഒരു കാർട്ടൂൺ ചിത്രം ചേർക്കപ്പെടുകയുണ്ടായി. ഒരു ചിത്രകാരൻ ഒരു ദൈവാലയത്തിന്റെ മതിലിൽ ബിസ്മാർക്കിന്റെ ചിത്രം വരയ്ക്കുന്നു. ദൈവലായം ചങ്ങലകളാൽ ബന്ധിതം.

ബിസ്മാർക്ക് ചങ്ങലകൾ വലിച്ചു പള്ളിയെ തകർത്തിടാൻ ശ്രമിക്കുന്നു. ഇതു കണ്ട് രസിച്ചിരുന്ന പിശാച് ബിസ്മാർക്കിനോടു ചോദിക്കുന്നു: എന്താണ് ചെയ്യുന്നത്? ബിസ്മാർക്കിന്റെ മറുപടി:സഭയെ വലിച്ചുകീറി തറയിലിടാൻ ശ്രമിക്കുകയാണ്. പിശാച് വീണ്ടും ചോദിച്ചു:എത്ര നാളെടുക്കും?’ബിസ്മാർക്ക് പ്രതിവചിച്ചു:മൂന്നോ നാലോ വർഷം. പിശാചിനു ചിരിയടക്കാൻ സാധിക്കാത്ത ഭാവം. പിശാച് പറഞ്ഞു:കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി ഇതിനായി ഞാൻ ശ്രമിക്കുന്നു. ഇന്നു വരെ വിജയിച്ചിട്ടില്ല.പൈശാചിക ശക്തികൾ എത്ര കൊതിച്ചാലും എത്ര കുതിച്ചാലും എത്ര കിതച്ചാലും അതു നടക്കില്ല. കാരണം അതു കരുത്തും കരളുമുള്ള പാറമേൽ സ്ഥാപിതം.

1804. പിയൂസ് ഏഴാമൻ മാർപ്പാപ്പയുടെ മുൻപിൽ സഭാ നവീകരണത്തിനായി ചില നിർദ്ദേശങ്ങൾ നെപ്പോളിയൻ ചക്രവർത്തി അവതരിപ്പിച്ചു. അവ കേട്ടയുടൻ മാർപാപ്പ പ്രതിവചിച്ചു: വിദൂഷകൻ! നെപ്പോളിയൻ പ്രകോപിതനായി. വിശുദ്ധ പത്രോസ്ശ്ലീഹായുടെ ബസലിക്കായുടെ ചിത്രം എടുത്ത് അതു ചുരുട്ടിക്കൂട്ടി മാർപാപ്പയുടെ കാൽക്കൽ വലിച്ചെറിഞ്ഞു. ദേ, ഇതുപോലെ ഞാൻ നിന്റെ രാജ്യത്തെ തകർത്തു വലിച്ചെറിയും, നെപ്പോളിയൻ അലറി.

ദുരന്ത നാടക നായകൻ! ഇതായിരുന്നു മാർപാപ്പയുടെ പ്രതികരണം. പിയൂസ് ഏഴാമൻ മാർപാപ്പ ജീവിച്ചിരുന്നപ്പോൾ തന്നെയായിരുന്നു സെയിന്റ് ഹെലേന ദ്വീപിൽ നെപ്പോളിയന്റെ അന്ത്യം.
നെപ്പോളിയൻമാരുടെയും ബിസ്മാർക്കുമാരുടെയും ഹിറ്റലർമാരുടെയും അന്ത്യം ദാരുണം! സഭ മരിക്കില്ല. കാരണം അതു കരുത്തും കരളുമുള്ള പാറമേൽ സ്ഥാപിതം. പത്രോസ് എന്ന നാമത്തിന്റെ വേരുകൾ തേടിപ്പോയാൽ അതിന്റെ അർത്ഥം പാറആണെന്നു മനസിലാക്കാൻ സാധിക്കും. ഞാൻ നിന്നോട് പറയുന്നു: നീ പത്രോസാണ്; ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല (മത്തായി16:18). ഇതു പറഞ്ഞതാരാണെന്നു നമുക്കറിയാമല്ലോ.

എ.എസ്. ഫ്രാൻസിസ്‌

 

 

0 അഭിപ്രായ(ങ്ങള്‍):

Post a Comment