Sunday, August 14, 2016

വിശുദ്ധ സ്നാപക യോഹന്നാൻ

st.john the baptist
June 24:
വിശുദ്ധ സ്നാപക യോഹന്നാന്‍
സാധാരണഗതിയില്‍ തിരുസഭ ഒരു വിശുദ്ധന്റെ ഓര്‍മ്മപുതുക്കലിന്റെ തിരുനാളായി ആഘോഷിക്കുന്നത് ആ വിശുദ്ധന്‍ മരണപ്പെട്ട ദിവസമാണ്. എന്നാല്‍ പരിശുദ്ധ മാതാവിന്റെയും, വിശുദ്ധ സ്നാപക യോഹന്നാന്റെയും തിരുനാളുകള്‍ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന തിരുനാളുകളാണ്. മറ്റുള്ളവ വിശുദ്ധരും, ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും മൂലപാപത്തോട് കൂടിയാണ് ജനിച്ചിട്ടുള്ളത്‌, എന്നാല്‍ പരിശുദ്ധ മാതാവ് മൂല പാപത്തിന്റെ കറയില്ലാതെയാണ് ജനിച്ചത്. വിശുദ്ധ സ്നാപക യോഹന്നാനാകട്ടെ അമ്മയുടെ ഉദരത്തില്‍ വെച്ച് തന്നെ മൂലപാപത്തില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു. ഇതാണ് ഇന്നത്തെ തിരുനാളിനുള്ള സൈദ്ധാന്തികമായ വിശദീകരണം.
വിശുദ്ധ സ്നാപക യോഹാന്നാന്റെ ഈ തിരുനാളിനെ കുറിച്ച് വിശുദ്ധ ഓഗസ്റ്റിന്‍ ഇപ്രകാരമാണ് പറഞ്ഞിട്ടുള്ളത്‌: "നമ്മുടെ രക്ഷകന്റെ ഏറ്റവും ഭക്തിപൂര്‍വ്വമായ ജനനതിരുനാളിനു പുറമേ തിരുസഭ വിശുദ്ധ സ്നാപക യോഹന്നാന്റെ അല്ലാതെ മറ്റൊരു വ്യക്തിയുടേയും ജനന തിരുനാള്‍ ആഘോഷിക്കുന്നില്ല (മാതാവിന്റെ നിര്‍മ്മലമായ ഗര്‍ഭധാരണത്തിന്റേയും, മാതാവിന്റെ ജനനത്തിന്റേയും തിരുനാളുകള്‍ ആഘോഷിക്കുന്ന പതിവ് അക്കാലഘട്ടങ്ങളില്‍ തുടങ്ങിയിട്ടില്ലായിരുന്നു). മറ്റുള്ള വിശുദ്ധരുടെ കാര്യത്തില്‍, അവര്‍ ഇഹലോക ജീവിതത്തിലെ തങ്ങളുടെ യാതനകള്‍ അവസാനിപ്പിച്ചുകൊണ്ടും ലോകത്തിനു മേല്‍ മഹത്വപൂര്‍ണ്ണമായ വിജയം വരിച്ചുകൊണ്ടും ഒരിക്കലും നിലക്കാത്ത പരമാനന്ദത്തിലേക്ക് പുനര്‍ജനിച്ച ദിനത്തേയാണ് അവരുടെ ഓര്‍മ്മതിരുനാളായി തിരുസഭ ആഘോഷിക്കുന്നതെന്ന് നമുക്കറിയാമല്ലോ".
“മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അവരുടെ തിരുനാള്‍ അവരുടെ ജീവിതത്തിന്റെ അവസാന ദിനമാണ്, ഭൂമിയിലെ സേവനം അവര്‍ അവസാനിപ്പിച്ച ദിനത്തേയാണ് അവരുടെ തിരുനാളായി ആദരിക്കുന്നത്. എന്നാല്‍ സ്നാപക യോഹന്നാനെ സംബന്ധിച്ചിടത്തോളം അവന്റെ ജന്മദിനത്തേയാണ് നാം ആദരിക്കുന്നത്, അവന്റെ നശ്വരമായ ജീവിതം ആരംഭിച്ച ദിവസം പരിശുദ്ധമാണ്. തീര്‍ച്ചയായും കര്‍ത്താവ്‌ തന്റെ വരവിനെ കുറിച്ച് സ്നാപകയോഹന്നാനിലൂടെ ജനങ്ങളെ അറിയിക്കുവാന്‍ ആഗ്രഹിച്ചിരുന്നുവന്നതാണ് ഇതിനു കാരണം. അതല്ലാതെ കര്‍ത്താവ്‌ പെട്ടെന്നൊരുദിവസം പ്രത്യക്ഷപ്പെട്ടാല്‍, ജനങ്ങള്‍ രക്ഷകനെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടും. യോഹന്നാന്‍ പ്രതിനിധീകരിക്കുന്നത് പഴയ ഉടമ്പടിയേയും, നിയമങ്ങളേയുമാണ്. മഹത്വത്തിന്റെ വരവിനെക്കുറിച്ച്‌ പഴയ നിയമങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പോലും അവന്‍ രക്ഷകന് മുന്‍പേ ഭൂജാതനായി”.
ഒരു രീതിയില്‍ പറഞ്ഞാല്‍, ഇന്നത്തെ തിരുനാള്‍ ക്രിസ്തുമസിന്റെ മുന്നോടിയാണ്. ഒരു വര്‍ഷത്തില്‍, രണ്ടു രഹസ്യങ്ങളെയാണ് നാം ആചരിക്കുന്നത്. യേശുവിന്റെ അവതാരവും, മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പുമാണവ. ഇവ രണ്ടിലും വീണ്ടെടുപ്പിന്റെ രഹസ്യമാണ് ഏറ്റവും മഹത്തായത്. ക്രിസ്തുവിന്റെ അവതാരം മനുഷ്യ ഹൃദയങ്ങളെ നേരിട്ട് സ്പര്‍ശിക്കുന്നു. ഉത്ഥാനതിരുനാളിനു ഒമ്പതാഴ്ച മുമ്പുള്ള ഞായര്‍ മുതല്‍ പെന്തകോസ്തു തിരുനാള്‍ വരെയുള്ള മുഴുവന്‍ ഉത്ഥാനകാലവും വീണ്ടെടുപ്പിന്റെ ഓര്‍മ്മപുതുക്കലിനായി സമര്‍പ്പിച്ചിരിക്കുന്നു.
ദൈവം മനുഷ്യനായി തീര്‍ന്നു എന്നുള്ളതാണ് ക്രിസ്തുമസ്സില്‍ അടങ്ങിയിട്ടുള്ള പ്രാധാന വസ്തുത, ഇവക്ക് പുറമേ വര്‍ഷത്തിന്റെ ശേഷിച്ച കാലയളവിലുള്ള ആഘോഷങ്ങളില്‍ ഈ വസ്തുതയെ പരാമര്‍ശിക്കുന്ന ആഘോഷങ്ങള്‍ അങ്ങിങ്ങായി കാണാവുന്നതാണ്, അതില്‍ ഒന്ന് മാതാവിന്റെ തിരുനാളാണ്, പ്രത്യേകിച്ച് മഗളവാര്‍ത്തയുടെ ഓര്‍മ്മപുതുക്കല്‍ (മാര്‍ച്ച് 25). പിന്നെയുള്ളത് സ്നാപകയോഹന്നാന്റെ ഇന്നത്തെ തിരുനാളും. ഒരര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ അവതാരത്തിന്റെ ഓര്‍മ്മപുതുക്കല്‍ തന്നെയാണ് നാം ഇന്നത്തെ തിരുനാളിലും ആഘോഷിക്കുന്നത്.
ഡിസംബര്‍ 25ന് മഞ്ഞുകാലത്താണ് യേശുവിന്റെ ജനനതിരുനാള്‍ കൊണ്ടാടുന്നത്, എന്നാല്‍ ക്രിസ്തുവിന്റെ പാതയൊരുക്കുവാന്‍ വന്നവന്റെ തിരുനാള്‍ ക്രിസ്തുമസ്സിനും ആറു മാസങ്ങള്‍ക്ക്‌ മുപാണ് കൊണ്ടാടുന്നത്. ക്രിസ്തുമസ് ഒരു ‘പ്രകാശത്തിന്റെ’ ആഘോഷമാണ്, ഇന്നും അങ്ങിനെ തന്നെയാണ്. വിശുദ്ധ സ്നാപക യോഹന്നാന്‍ വെളിച്ചം നല്‍കികൊണ്ട് കത്തികൊണ്ടിരുന്ന ഒരു വിളക്കായിരുന്നു. ക്രിസ്ത്യാനികളായ നമ്മള്‍ ലോകത്തിന്റെ വെളിച്ചമായിരിക്കണം.
നിസ്സാര വ്യത്യാസങ്ങളോട് കൂടിയ മത്തായി, മാര്‍ക്കോസ്, ലൂക്കാ തുടങ്ങിയവരുടെ വിവരണങ്ങളില്‍ നിന്നും, യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നും യേശുവിന്റെ പാതയൊരുക്കുവാന്‍ വന്ന സ്നാപക യോഹന്നാന്റെ പ്രവര്‍ത്തങ്ങളെകുറിച്ചുള്ള കഥകള്‍ നമുക്ക്‌ അറിയാവുന്നതാണ്. ലൂക്കാ പറയുന്നതനുസരിച്ച്: യേശുവിന്റെ ജനനത്തിന് ആറു മാസം മുന്‍പ്‌ യൂദയ പട്ടണത്തിലാണ് വിശുദ്ധ സ്നാപക യോഹന്നാന്‍ ജനിച്ചത്‌. പുതിയ നിയമത്തില്‍ വിശുദ്ധന്റെ ആദ്യകാലങ്ങളെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. എന്നാല്‍ വിശുദ്ധന്റെ ദൈവഭക്തരായ മാതാപിതാക്കള്‍, അവന്‍ ചെയ്യേണ്ട ദൗത്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധ്യത്തോടെ വളരെയേറെ ശ്രദ്ധയോടെയാണ് വിശുദ്ധനെ വളര്‍ത്തിയിരുന്നതെന്ന കാര്യം നമുക്കറിയാം. കൂടാതെ അവന്റെ ദൈവനിയോഗത്തെ കുറിച്ചുള്ള ബോധ്യം അവന് പകര്‍ന്നു നല്‍കുകയും ചെയ്തു.
തന്റെ ദൗത്യത്തിന്റെ അവസാന തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ അവന് ഒരുപക്ഷേ 32 വയസ്സായിരുന്നു പ്രായം. പുരാതന കാലത്തെ ദിവ്യരായിട്ടുള്ളവര്‍ ചെയ്യുന്നത് പോലെ വിശുദ്ധ സ്നാപക യോഹന്നാനും പ്രാര്‍ത്ഥിക്കുവാനും, ഉപവസിക്കുവാനുമായി ജോര്‍ദാന് അപ്പുറമുള്ള പരുക്കന്‍ പാറകള്‍ നിറഞ്ഞ മരുഭൂമിയിലേക്ക്‌ പിന്‍വാങ്ങി. നമുക്കറിയാവുന്നത് പോലെ വെട്ടുകിളികളും, തേനും മാത്രമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. ഒട്ടകത്തിന്റെ രോമം കൊണ്ടുള്ള ഒരു പരുക്കന്‍ കുപ്പായമായിരുന്നു വിശുദ്ധന്‍ ധരിച്ചിരുന്നത്. യൂദയായുടെ ഗ്രാമപ്രദേശങ്ങളില്‍ പ്രഘോഷണത്തിനായി വരുമ്പോള്‍ വളരെയേറെ മെലിഞ്ഞുണങ്ങി വികൃതമായ രൂപത്തിലായിരുന്നു അവന്‍. എന്നാല്‍ അവന്റെ കണ്ണുകള്‍ ആവേശത്താല്‍ തിളങ്ങുകയും, ശിക്ഷാവിധിയേ കുറിച്ചുള്ള സ്വരം ശക്തമായ മുന്നറിയിപ്പുമായിരുന്നു. ബാഹ്യരൂപത്തെ കണക്കിലെടുക്കാതെ പ്രവാചകന്‍മാരെ സ്വീകരിക്കുന്ന ശീലമുള്ളവരായിരുന്നു യഹൂദന്‍മാര്‍. അതിനാല്‍ അവര്‍ പെട്ടെന്ന് തന്നെ യോഹന്നാനേയും സ്വീകരിച്ചു;
വളരെയേറെ കുഴപ്പങ്ങള്‍ നിറഞ്ഞതും, ജനങ്ങള്‍ ഒരു ആശ്വാസത്തിനായി കാത്തിരിക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. യോഹന്നാനില്‍ നിന്നും പുറത്തേക്കൊഴുകിയ ശക്തിയാല്‍ അവനെ കേട്ടവരില്‍ നിരവധി പേര്‍ തങ്ങള്‍ വളരെകാലമായി കാത്തിരുന്ന രക്ഷനാണ് അവനെന്നു വരെ ധരിച്ചു. എന്നാല്‍ വിശുദ്ധന്‍ താന്‍ വരുവാനിരിക്കുന്ന രക്ഷകന്റെ പാതയൊരുക്കുവാന്‍ മാത്രം വന്നവനാണെന്നും, അവന്റെ ചെരിപ്പിന്റെ വള്ളികെട്ട് അഴിക്കുവാനുള്ള യോഗ്യത പോലും തനിക്കില്ലെന്ന് പറഞ്ഞു കൊണ്ട് അവരുടെ തെറ്റിദ്ധാരണകളെ തിരുത്തി. യേശുവിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനു ശേഷവും കുറച്ചു മാസങ്ങള്‍ കൂടി വിശുദ്ധന്‍ തന്റെ പ്രബോധനങ്ങളും, ജ്ഞാനസ്നാനപ്പെടുത്തലും തുടര്‍ന്നു. താന്‍ വെറുമൊരു പാതയൊരുക്കുവാന്‍ വന്നവന്‍ മാത്രമാണെന്ന കാര്യം വിശുദ്ധന്‍ എപ്പോഴും വ്യക്തമാക്കി കൊണ്ടിരുന്നു.
യോഹന്നാന്റെ പ്രസിദ്ധി ജെറുസലേം മുഴുവന്‍ പരക്കുകയും ഉന്നത പുരോഹിതന്‍മാര്‍ വരെ വിശുദ്ധനെ കാണുവാനും, കേള്‍ക്കുവാനുമെത്തിയിട്ടും വിശുദ്ധന്‍ തന്റെ എളിമ കൈവെടിഞ്ഞിരുന്നില്ല. “അനുതപിക്കുക സ്വര്‍ഗ്ഗരാജ്യം സമാഗതമായിരിക്കുന്നു” ഇതായിരുന്നു വിശുദ്ധന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉദ്ബോധിപ്പിച്ചിരുന്നത്. ആ സമയത്തെ തിന്മകള്‍ക്ക് പരിഹാരമായി വിശുദ്ധന് ഉപദേശിക്കുവാനുണ്ടായിരുന്നത് വ്യക്തിപരമായ വിശുദ്ധിയായിരുന്നു. ആത്മാര്‍ത്ഥമായ അനുതാപത്തേയും, ക്രിസ്തുവിനെ സ്വീകരിക്കുവാനുള്ള ആഗ്രഹത്താലുള്ള ആത്മീയമായ വിശുദ്ധിയേയും പ്രതിനിധാനം ചെയ്യുന്ന പ്രവര്‍ത്തിയായ ‘ജ്ഞാനസ്നാന’ത്തേ വളരെ ശക്തമായി വിശുദ്ധന്‍ പ്രചരിപ്പിച്ചതിനാല്‍ ജനങ്ങള്‍ വിശുദ്ധനെ ‘സ്നാപകന്‍’ എന്ന് വിളിച്ചു തുടങ്ങി.
യേശു മറ്റുള്ളവര്‍ക്കൊപ്പം യോഹന്നാന്റെ പക്കല്‍ നിന്നും മാമ്മോദീസ സ്വീകരിച്ച ദിവസത്തേ കുറിച്ച് വിശുദ്ധ ലിഖിതങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. യേശു വരുവാനിരിക്കുന്ന രക്ഷകനാണെന്ന കാര്യം യോഹന്നാന് അറിയാമായിരുന്നു. അതിനാലാണ് തനിക്ക്‌ അതിനുള്ള യോഗ്യതയില്ലെന്ന് അവന്‍ പറഞ്ഞത്‌. എന്നാല്‍ യേശുവിനെ അനുസരിക്കേണ്ടതായതിനാല്‍ യോഹന്നാന്‍ യേശുവിനെ ജ്ഞാനസ്നാനപ്പെടുത്തി. പാപരഹിതനായ യേശു താനും മനുഷ്യനാണെന്ന കാര്യം വെളിവാക്കുവാന്‍ വേണ്ടിയാണ് ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ ആഗ്രഹിച്ചത്.
ജ്ഞാനസ്നാനം സ്വീകരിച്ച്‌ കഴിഞ്ഞു ജോര്‍ദാന്‍ നദിയിലെ വെള്ളത്തില്‍ നിന്നും യേശു കയറിയ ഉടന്‍ തന്നെ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ്‌ ഒരു പ്രാവിന്റെ രൂപത്തില്‍ ഇറങ്ങിവരികയും ചെയ്തു. മാത്രമല്ല ഇപ്രകാരമൊരു സ്വരം സ്വര്‍ഗ്ഗത്തില്‍ നിന്നും കേള്‍ക്കുകയും ചെയ്തു “ഇവന്‍ എന്റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു” (മര്‍ക്കോസ് 1:11). യോഹന്നാന്റെ ജീവിതം അതിന്റെ ദുഃഖകരമായ പര്യവസാനത്തിലേക്ക്‌ അടുത്തുകൊണ്ടിരുന്നു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന തിബെരിയാസ് സീസറിന്റെ ഭരണത്തിന്റെ പതിനഞ്ചാം വര്‍ഷം, ജോര്‍ദാന് കിഴക്ക്‌ ഭാഗത്തുള്ള ഗലീലിയും, പെരിയായുമുള്‍പ്പെടുന്ന പലസ്തീന്‍ പ്രവിശ്യയുടെ ഉപഭാഗത്തിന്റെ ഗവര്‍ണറായിരുന്നു ഹേറോദ്‌ അന്റിപാസ്‌.
തന്റെ പ്രഘോഷണത്തിനിടക്ക്‌ സ്നാപക യോഹന്നാന്‍ ഹേറോദിന്റെ അന്യായങ്ങളെ നിശിതമായി വിമര്‍ശിച്ചിരിന്നു. യഹൂദ നിയമങ്ങളെ ലംഘിച്ചുകൊണ്ട് തന്റെ അര്‍ദ്ധസഹോദരനായ ഫിലിപ്പിന്റെ ഭാര്യയായ ഹേറോദിയാസിനെ സ്വന്തമാക്കിയതിനു ഹേറോദിന്റെ മുന്‍പില്‍ വെച്ച് തന്നെ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തു. കുടിലയായ ആ സ്ത്രീ ഗവര്‍ണറുടെ അനന്തിരവള്‍ കൂടിയായിരുന്നു. യോഹന്നാന്‍ ഒരു ദിവ്യനാണെന്നറിയാവുന്നതിനാല്‍ ഹെറോദ്‌ അവനെ ബഹുമാനിക്കുകയും, പലകാര്യങ്ങളിലും അവന്റെ ഉപദേശങ്ങള്‍ അനുസരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ വ്യക്തിജീവിതത്തെ നിന്ദിക്കുന്നത് അദ്ദേഹത്തിന് സഹിക്കുവാന്‍ കഴിയുമായിരുന്നില്ല. മാത്രമല്ല കുടിലയായ ഹേറോദിയാസ് നുണകളും, കാപട്യവും വഴി അവന്റെ കോപത്തെ ആളികത്തിക്കുകയും ചെയ്തു. അവസാനം ചാവ്‌ കടലിനു സമീപത്തുള്ള മച്ചീരുസ് കോട്ടയില്‍ ഹേറോദ്‌ യോഹന്നാനെ തടവിലിട്ടു.
യോഹന്നാന്റെ തടവിനെകുറിച്ചും, തന്റെ ശിക്ഷ്യന്‍മാരില്‍ ചിലര്‍ അവനെ കാണുവാന്‍ പോയ കാര്യവും അറിഞ്ഞപ്പോള്‍ യേശു യോഹന്നാനെ കുറിച്ച് അവരോടു ഇപ്രകാരമാണ് പറഞ്ഞത്: “ആരെകാണാനാണ് നിങ്ങള്‍ പോയത്‌? ഒരു പ്രവാചകനെ? അതെ, ഞാന്‍ നിങ്ങളോട് പറയുന്നു പ്രവാചകനെക്കാള്‍ വലിയവനെത്തന്നെ. ഇവനേപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ഇതാ! നിനക്ക് മുന്‍പേ എന്റെ ദൂതനെ ഞാന്‍ അയക്കുന്നു. അവന്‍ നിന്റെ മുമ്പേ പോയി നിനക്ക് വഴിയൊരുക്കും. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ സ്നാപക യോഹന്നാനേക്കാള്‍ വലിയവനില്ല” (മത്തായി 9: 10-12).
തടവറക്കുള്ളിലും നിശബ്ദനാവാതിരുന്ന യോഹന്നാന്റെ ജീവനെടുക്കുവാനുള്ള ശ്രമങ്ങള്‍ ഹെറോദിയാസ് അവസാനിപ്പിച്ചില്ല. മാത്രമല്ല യോഹന്നാന്റെ ശിഷ്യന്‍മാര്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്തു. യോഹന്നാനെ ഇല്ലാതാക്കുവാന്‍ അവസാനം അവള്‍ക്കൊരു അവസരം വന്നുചേര്‍ന്നു. ഹേറോദിന്റെ ജന്മദിനത്തില്‍ അവന്‍ ആ പ്രദേശത്തെ പ്രമുഖരായിട്ടുള്ളവര്‍ക്കൊരു വിരുന്നൊരുക്കി. ആ നിന്ദ്യമായ ദിനത്തെ കുറിച്ച് മത്തായി (14), മര്‍ക്കോസ് (6), ലൂക്കാ (9) എന്നിവരുടെ സുവിശേഷങ്ങളില്‍ ഏതാണ്ട് സമാനമായൊരു വിവരണമാണ് തന്നിട്ടുള്ളത്. ആ വിരുന്നില്‍ ഹെറോദിയാസിന് ഭര്‍ത്താവില്‍ നിന്നും ജനിച്ച 14 വയസ്സുള്ള പുത്രിയായ സലോമി ഹേറോദിനേയും കൊണ്ട്, അവിടെ സന്നിഹിതരായിരുന്ന അതിഥികളേയും തന്റെ മനോഹരമായ നൃത്തത്താല്‍ സന്തോഷിപ്പിച്ചു. അതില്‍ സന്തോഷവാനായ ഹേറോദേസ് തന്റെ അധികാരത്തിന് കീഴിലുള്ള എന്ത് സമ്മാനവും, അത് തന്റെ രാജ്യത്തിന്റെ പകുതിയാണെങ്കില്‍ പോലും നല്‍കാമെന്ന് അവളോട് വാഗ്ദാനം ചെയ്തു.
തന്റെ ദുഷ്ടയായ അമ്മയുടെ സ്വാധീനത്താലും നിര്‍ദ്ദേശത്താലും സ്നാപകയോഹന്നാന്റെ ശിരസ്സ്‌ ഒരു തളികയില്‍ വേണമെന്നാണ് അവള്‍ ആവശ്യപ്പെട്ടത്. ഭയാനകമായ ആ ആവശ്യം ഹേറോദേസിനെ നടുക്കുകയും, അസ്വസ്ഥനാക്കുകയും ചെയ്തു, എന്നിരുന്നാലും തന്റെ വാക്ക്‌ പാലിക്കാതിരിക്കുവാന്‍ കഴിയാത്തതിനാല്‍ സ്നാപക യോഹന്നാന്റെ ശിരസ്സ്‌ കൊണ്ട് വരുവാനായി ഹേറോദേസ് തന്റെ ഒരു ഭടനെ തടവറയിലേക്കയച്ചു, അപ്രകാരം സംഭവിക്കുകയും ചെയ്തു. ക്രൂരയായ ആ പെണ്‍കുട്ടി തന്റെ ആ സമ്മാനം ഒരു ഭയവും കൂടാതെ സ്വീകരിക്കുകയും തന്റെ അമ്മക്ക് നല്‍കുകയും ചെയ്തു. അപ്രകാരം ഭയാനകമായൊരു കുറ്റത്താല്‍ വിശുദ്ധ സ്നാപക യോഹന്നാന്റെ ദൌത്യത്തിന് വിരാമമായി. ഇതിനേക്കുറിച്ച് യേശുവിന്റെ ശിക്ഷ്യന്‍മാര്‍ അറിഞ്ഞപ്പോള്‍ അവര്‍ യോഹന്നാന്റെ ശരീരം കൊണ്ട് വരികയും വേണ്ടും വിധം അടക്കം ചെയ്യുകയും ചെയ്തു. യേശു തന്റെ ശിക്ഷ്യന്‍മാരില്‍ ചിലര്‍ക്കൊപ്പം മരുഭൂമിയിലേക്ക് പോയി യോഹന്നാന് വേണ്ടി ദുഃഖമാചരിച്ചു.
യഹൂദ ചരിത്രകാരനായ ജോസഫുസ്‌, യോഹന്നാന്റെ വിശുദ്ധിയെ കുറിച്ച് കൂടുതല്‍ സാക്ഷ്യം നല്‍കികൊണ്ട് ഇപ്രകാരം എഴുതി : “തീര്‍ച്ചയായും അവന്‍ സകലവിധ നന്മകളും നിറഞ്ഞവനായിരുന്നു, മനുഷ്യരോട് നീതിയും, ദൈവത്തോടു ഭക്തിയും പ്രകടിപ്പിക്കുവാന്‍ യഹൂദരെ ഉപദേശിച്ചവന്‍, മാത്രമല്ല, അവര്‍ തങ്ങളുടെ പാപങ്ങള്‍ ഉപേക്ഷിക്കുകയാണെങ്കില്‍ ദൈവത്തിന് സ്വീകാര്യരായിരിക്കുമെന്നും, ശരീരം ശുദ്ധിയാക്കുന്നത് പോലെ ആത്മാവും ശുദ്ധിയാക്കേണ്ടതുണ്ടെന്നു പ്രഘോഷിച്ചുകൊണ്ട് ജ്ഞാനസ്നാനവും അവന്‍ നിര്‍ദ്ദേശിച്ചു.” അതിനാല്‍ ഐക്യത്തോടെ എളിമയുടേയും, ധൈര്യത്തിന്റേയും താരതമ്യപ്പെടുത്താനാവാത്ത ജീവിത മാതൃകയായ ഈ വിശുദ്ധനോടുള്ള ആദരവിലും, സ്നേഹത്തിലും ക്രൈസ്തവരും, യഹൂദരും ഒന്നിക്കുന്നു
✒ കടപ്പാട് :അനുദിന വിശുദ്ധർ

0 അഭിപ്രായ(ങ്ങള്‍):

Post a Comment